തിരുവനന്തപുരം: കൊറിയൻ സിനിമകൾ കോപ്പിയടിക്കുന്നവർ എന്നൊരു ചീത്തപ്പേര് മലയാളം സിനിമാക്കാർക്കുണ്ട്. നിരവധി മലയാളം സിനിമകൾ അതേപോലെ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്ന ഒരു വീഡിയോ കണ്ട് മലയാളികൾ തിരിച്ചു ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതെന്താ ചൈനാക്കാർ മലയാളം സിനിമ കണ്ട് കോപ്പിയിടിച്ചു തുടങ്ങിയോ എന്ന്. മലയാള സിനിമയിൽ കലക്ഷൻ റെക്കോർഡുകൾ തകർത്ത പുലിമുരുകൻ സിനിമയിലെ രംഗാണ് ചൈനക്കാർ കോപ്പിയടിച്ചെന്ന ആരോപണം ഉയരുന്നത്.

പുലിമുരുകനിൽ രംഗം ഏതാണ്ട് ഒരേപോലെ പകർത്തി വച്ചിരിക്കുന്നു ഒരു ചൈനീസ് സീരീസിൽ. വല്ലാതെ സാമ്യത ഉള്ളതുകൊണ്ട് തന്നെ ഈ രംഗവും പുലിമുരുകനും ചേർത്ത് വച്ച് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. 2017ൽ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിൻസസ് ഏജന്റ് എന്നതിലെ രംഗമാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. പുലിമുരുകനിൽ പുലി ആണെങ്കിൽ ഇവിടെ അത് ഒരു ഭീമൻ ചെന്നായയാണ്.

പുലിമുരുകൻ നായകന്റെ കഥയാണെങ്കിൽ , ഇതൊരു നായികയുടെ കഥയാണ്. ഈ വീഡിയോ മലയാള സോഷ്യൽ മീഡിയയിൽ പ്രചരിച്ച സമയത്ത്, പുലിമുരുകൻ ഇതിന്റെ കോപ്പി ആണെന്ന് വാദങ്ങൾ വന്നെങ്കിലും, പുലിമുരുകൻ 2016ലും ഈ സീരീസ് 2017ലും വന്നതാണ് എന്ന് തെളിഞ്ഞതോടെ ആ വാദം ഉപേക്ഷിക്കപ്പെട്ടു. മുരുകൻ കണ്ടിട്ട് അവർ കോപ്പി അടിച്ചതാണോ അതോ, അറിയാതെ സാമ്യം വന്നതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച.

ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളോടെ വന്ന ചിത്രം 150കോടിക്ക് മേൽ ആണ് ലോകത്താകമാനം ബിസ്നസ് നടത്തിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിനാണ്. നിരവധി പുരസ്‌ക്കാരങ്ങലും പീറ്റർ ഹെയിനിനെ തേടിയെത്തിയിരുന്നു. എന്തായാലും പീറ്റർ ഹെയിന്റെ ശിക്ഷന്മാർ ആരെങ്കിലുമാണോ ഈ ആക്ഷൻരംഗം ഒരുക്കിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.