കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പുലിമുരുകൻ കാണാൻ പോയത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയും മുഖ്യമന്ത്രി പടം കാണാനെത്തിയപ്പോൾ ആഘോഷമാക്കിയിരുന്നു. ഭാര്യയോടൊപ്പമായിരുന്നു അദ്ദേഹം തീയറ്ററിൽ എത്തിയിരുന്നത്. സിനിമ കണ്ട് വളരെ ഇഷ്ടപ്പെട്ടെന്നും അന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിണറായി പടം കാണാൻ പോയപ്പോൾ പാർട്ടി പത്രം ദേശാഭിമാനിക്ക് ലഭിച്ചത് ഒരു ഫുൾ പേജ് പര്യമാണ്.

തിയറ്ററിൽ ജനങ്ങളോടൊപ്പം കണ്ട് 'പുലിമുരുകനെ ആശിർവദിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് പുലിമുരുകൻ ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്ന തലക്കെട്ടോടു കൂടിയാണ് ഒരു ഫുൾ പേജ് പരസ്യം ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്നിരിക്കുന്നത്. പുലിമുരുകൻ 25 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യം പാർട്ടി പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മറ്റു പത്രങ്ങളിൽ ഒന്നും 25 ദിവസം പിന്നിട്ടപ്പോൾ പരസ്യം നൽകിയില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

മലയാള മനോരമ, മാതൃഭൂമിയും ഉൾപ്പെടെയുള്ള മുൻനിര പത്രങ്ങൾക്ക് ഉൾപ്പേജിൽ ഒരു പേജിന്റെ മൂന്നിലൊന്ന് വരുന്ന പരസ്യം മാത്രം ലഭിച്ചപ്പോൾ ദേശാഭിമാനിയിൽ വന്നത്. റിലീസ് ദിവസം പ്രധാന പത്രങ്ങൾക്കെല്ലാം മുഴുപേജ് പരസ്യം നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ ദേശാഭിമാനിക്ക് ഫുൾപേജ് പരസ്യം നൽകിയിരുന്നില്ല.

എന്തായാലും മുഖ്യമന്ത്രി പടം കാണാനെത്തിയപ്പോൾ നേട്ടമായത് പാർട്ടി പത്രത്തിനാണ്. മുഖ്യമന്ത്രിയും ഭാര്യയും സിനിമ കാണാൻ എത്തിയത് തന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നെന്നു നിർമ്മാതാവ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ പുലുമിമുരുകൻ 25 ദിവസം പിന്നിടുന്ന സമയത്ത് ദേശാഭിമാനിക്ക് പരസ്യം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

മലയാള സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രങ്ങൾ എല്ലാം തിരുത്തിക്കുറിച്ച് മുന്നേറുന്ന മോഹൻലാൽ ചിത്രം നിലവിൽ ഏറ്റവും കൂടുതൽ റെക്കോർഡ് ഉള്ള മലയാള സിനിമയാണ്. മലയാള സിനിമയുടെ ഇന്നേവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം മോഹൻലാൽ നായകനായ പുലിമുരുകൻ തിരുത്തുകയാണ്. ഒക്ടോബർ 7ന് റിലീസ് ചെയ്ത സിനിമ മൂന്നാം വാരം പിന്നിടുമ്പോഴും റിലീസ് കേന്ദ്രങ്ങളിൽ മിക്കയിടത്തും പ്രത്യേക ഷോകളും അർദ്ധരാത്രിയിൽ ഉൾപ്പെടെയുള്ള പ്രദർശനങ്ങളും നടത്തിയാണ്. മൾട്ടിപ്‌ളെക്‌സുകളിൽ സർവ്വകാല റെക്കോർഡാണ് പുലിമുരുകൻ നേടിയിരിക്കുന്നത്.

ഇനിഷ്യൽ റെക്കോർഡുകളെല്ലാം തകർത്താണ് പുലിമുരുകൻ തീയേറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു 'പുലിമുരുകൻ'. പിന്നീടുള്ള ദിവസങ്ങളിലും മൗത്ത്പബ്ലിസിറ്റി വഴി തീയേറ്ററുകളിലെ തിരക്ക് നിലനിർത്താനായി 'മുരുകന്'.

ഏറ്റവും വേഗത്തിൽ 25 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡായിരുന്നു അടുത്തത്. ഒരാഴ്ചകൊണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളിൽ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്. പുലിമുരുകൻ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴുള്ള തീയേറ്റർ കളക്ഷനാണ് ചുവടെ. ഒക്ടോബർ 7 വെള്ളിയാഴ്ചയാണ് 325 തീയേറ്ററുകളിൽ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയത്.

കഴിഞ്ഞ ദിവസമാണ് പുലിമുരുകൻ യു.കെയിൽ പ്രദർശനത്തിയത്. യുകെയിൽ എമ്പാടുമുള്ള മലയാളികൾ. കാടിളക്കി എത്തിയ പുലിമുരുകൻ തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പ്രായഭേദമന്യേ മലയാളികളെല്ലാം തീയേറ്ററിലേക്കു കുതിക്കുമ്പോൾ ഈ തിരക്ക് കണ്ട് അത്ഭുതപ്പെടുകയാണ് സായിപ്പന്മാർ. സംഭവമെന്തെന്ന് അറിയാൻ എത്തുന്നവർ ലാലേട്ടന്റെ കാടിളക്കിയുള്ള വരവിന് നിറഞ്ഞ കൈയടി നൽകിയാണ് തീയേറ്റർ വിടുന്നത്. പ്രദർശിപ്പിക്കുന്ന നാലു ഷോകളും ഹൗസ് ഫുളായി ഓടുമ്പോൾ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പുലിമുരുകന്റെ തെലുങ്ക് പതിപ്പ് നവംബറിൽ പുറത്തിറങ്ങും. തെലുങ്ക് നടൻ ജഗപതി ബാബു ഫേസ്‌ബുക്ക് പേജിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാനിയംപുലി എന്നാണ് പേര്. സംഗീതസംവിധായകൻ ഗോപിസുന്ദറാണ് തെലുങ്ക് ട്രാക്ക് ഒരുക്കിയത്. പ്രമുഖ നിർമ്മാതാവ് കൃഷ്ണ റെഡ്ഡിയാണ് തെലുങ്ക് പതിപ്പിന്റെ പകർപ്പവകാശം സ്വന്തമാക്കിയത്.

പുലിമുരുകൻ ആദ്യദിനം അഞ്ചുകോടി രൂപ കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. നിർമ്മാണച്ചെലവിന്റെ അഞ്ചിലൊരു ഭാഗം ആദ്യദിനം നേടിയെന്ന ക്രെഡിറ്റും പുലിമുരുകനുണ്ട്. ഒറ്റ ആഴ്ചയിൽ കലക്ഷൻ 30 കോടി. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മോഹൻലാലിനുള്ള താരമൂല്യം മാനിയംപുലിയുടെ കലക്ഷനിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് വിനോദവ്യവസായ ലോകം.

 ദേശാഭിമാനിയിൽ അണിയറ പ്രവർത്തകർ നൽകിയ പരസ്യം....