കൊച്ചി: 2016 മലയാള സിനിമയുടെ സുവർണ്ണകാലമാണ്. സാധാരണ വർഷം 130-150 സിനിമകൾ നിർമ്മിക്കുമ്പോൾ അതിൽ 10 ശതമാനത്തിൽ താഴെ മാത്രം ഹിറ്റുകളുണ്ടാവുന്ന പതിവിനിടെയാണ് ഇക്കൊല്ലം 21 വിജയങ്ങൾ. അതിൽ ഒരു സിനിമ നൂറ് കോടി ക്ലബ്ബും കടന്ന് മുന്നേറുന്നു. പുലിമുരുകൻ രചിച്ച ചരിത്രത്തിനൊപ്പം മലായള സിനിമയും മുന്നോട്ട് കുതിക്കുന്നുവെന്നാണ് വയ്പ്. ശരാശരി 140 സിനിമ ഒരു വർഷം ഇറങ്ങുന്നെന്നു കണക്കാക്കിയാൽ സൂപ്പർ താരങ്ങളുടേതുൾപ്പെടെ 40 സിനിമകൾക്ക് ശരാശരി അഞ്ചു കോടി ചെലവുണ്ടാവും. ബാക്കി 100 പടങ്ങൾക്ക് ശരാശരി രണ്ടു കോടി ചെലവ്. രണ്ടും ചേർത്താൽ ശരാശരി 400 കോടിയാണു വർഷം സിനിമയിൽ മുതൽമുടക്ക്. ഈ മുടക്ക് മുതൽ തിരിച്ചു പിടിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഇത് തന്നെയാണ് പുലിമുരുകന്റെ നിർമ്മാതാവിനും പറയാനുള്ളത്. വിജയങ്ങൾ കണ്ട് പുതിയ നിർമ്മാതാക്കൾ മതിമയങ്ങരുതെന്നാണ് ടോമിച്ചൻ മുളകുപാടം മുന്നറിയിപ്പു നൽകുന്നത്. പുലിമുരുകനു പോലും നിർമ്മാണച്ചെലവു കഴിഞ്ഞാൽ നിർമ്മാതാവിനു കിട്ടുന്ന ലാഭം പുറത്തു പലരും ഭാവനയിൽ കാണുന്നതു പോലെ വരില്ലെന്ന് ടോമിച്ചൻ കണക്കു സഹിതം ചൂണ്ടിക്കാട്ടി. നൂറു കോടി കലക്ഷൻ നേടുമ്പോൾ അതിന്റെ 20% ശരാശരി വിനോദ നികുതിയാണ്. ബാക്കി 80 കോടി. തിയറ്ററുകളുടെ വിഹിതം കഴിഞ്ഞ് നിർമ്മാതാവിന് ശരാശരി 40 കോടി രൂപ ലഭിക്കാം. പുലിമുരുകന്റെ നിർമ്മാണച്ചെലവ് പരസ്യങ്ങളും ഉൾപ്പെടെ 32 കോടി കണക്കാക്കുമ്പോൾ ബാക്കി എട്ടു കോടി മാത്രം.

പലിശയ്‌ക്കെടുക്കുന്ന പണമാണ് മിക്കപ്പോഴും മുടക്കുമുതലാവുന്നതെന്നതിനാൽ ലാഭം പിന്നെയും കുറയാം. ലാഭത്തിന്റെ പുറത്ത് 33% ആദായനികുതിയും വരുന്നുണ്ട്. എട്ട് കോടിയുടെ 33 ശതമാനം എന്നത് രണ്ടരക്കോടിയോളം വരും. അതായത് പുലിമുരുകനിലൂടെ ഈ പറയുന്ന ലാഭമൊന്നും ടോമിച്ചൻ മുളക് പാടത്തിന് കിട്ടിയിട്ടില്ല. പുലിമുരുകന്റെ രണ്ടാം ഭാഗം എടുക്കണമെങ്കിൽ പോലും ഇനിയും കടം വാങ്ങണം. സിഡി റൈറ്റും സാറ്റലൈറ്റ് റൈറ്റിലും മാത്രം ഒതുങ്ങുകയാണ് ലാഭക്കണക്ക്. അതായത് സൂപ്പർ ഹിറ്റും ബമ്പർ ഹിറ്റുമൊക്കെ ആയാലും നിർമ്മാതാവിന് തുച്ഛമായ തുകമാത്രമേ കിട്ടൂവെന്നാണ് സിനിമാ ലോകം പറയുന്നത്. 2016ലെ അവസാന കണക്കെടുപ്പിൽ ടോമിച്ചൻ മുളകുപാടം നിരാശ പങ്കുവയ്ക്കുമ്പോൾ മറ്റുള്ള നിർമ്മാതാക്കളും ഇത് തന്നെയാണ് പറയുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ സമ്പൂർണ്ണ പരാജയമെന്ന അവസ്ഥയാണ് നിർമ്മാതാക്കൾക്കുള്ളത്. ഹിറ്റായാൽ കുറച്ചു പണം കിട്ടും.

മലയാള സിനിമയുടെ ചരിത്രത്തിലേക്ക് എഴുതി ചേർക്കപ്പെട്ട സിനിമയായിരുന്നു പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രം പല സിനിമ റെക്കോർഡുകളും തകർത്തു കൊണ്ടാണ് മുന്നേറ്റം തുടരുന്നത്. കേരളത്തിലെ ആദ്യ നൂറ് കോടി ചിത്രമായതിന് പിന്നാലെ തെലുങ്കിലും ബ്രഹ്മാണ്ഡ റിലീസായാണ് പുലിമുരുകൻ എത്തിയത്. ഡബ്ബിങ് പതിപ്പ് 'മന്യം പുലി' എന്ന പേരിൽ 350 ഓളം തിയറ്ററുകളിലാണ് വെള്ളിയാഴ്ച റിലീസ് ചെയ്തത്.

കേരളത്തിന് സമാനമായി ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രചരണങ്ങളോടെയായിരുന്നു റിലീസ്. ആരാധകരും പ്രേക്ഷകരുമായി വൻ സദസ്സിലാണ് ആദ്യ ഷോ പൂർത്തിയായതെന്നാണ് ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. വിവിധ തെലുങ്ക് സിനിമാ പോർട്ടലുകളിൽ മികച്ച റിവ്യൂകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലും വിജയിച്ചാൽ മാത്രമേ നിർമ്മാതാവിന് നേട്ടമുണ്ടാകൂ. ഇതാണ് മലയാള സിനിമയുടെ അവസ്ഥയെന്നാണ് ടോമിച്ചൻ മുളകുപാടം വിശദീകരിക്കുന്നത്.

പുലിമുരുകനിലൂടെ വിദേശത്തും മലയാള സിനിമയ്ക്ക് വിപണിയുണ്ടാക്കാൻ കഴിഞ്ഞു. യൂറോപ്പിലും ഗൾഫിലുമെല്ലാം സിനിമ ഹിറ്റായി. ഇത്തരം പുതു വഴികളുണ്ടെങ്കിൽ മാത്രമേ നല്ല സിനിമകളുടെ നിർമ്മാതാക്കൾക്ക് പോലും പോക്കറ്റിലെന്തെങ്കിലും കിട്ടൂവെന്നാണ് സൂചന.