മലയാളത്തിലെ സർവകാല റെക്കോർഡും തകർത്ത് മുന്നേറുകയാണ് മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ. ട്രെയിലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കണ്ടത് ആറു ലക്ഷത്തോളം പേരാണ്. യുട്യൂബ് ട്രെൻഡിങ് വീഡിയോയിൽ ആറാമതെത്തിനിൽക്കുന്ന പുലിമുരുകൻ ട്രെയിലർ സപ്തംബർ പത്തിനു വൈകിട്ടാണ് റിലീസ് ചെയ്തത്.

മോഹൻലാലിന്റെ ഒട്ടേറെ സംഘട്ടന രംഗങ്ങൾ ഉൾപ്പെട്ടതാണ് ട്രെയിലർ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രംഗങ്ങളാണ് ഇതിലുള്ളത്.
1.42 മിനിറ്റ് ദൈർഘ്യമുള്ള ,സംഭാഷണം ഉൾപ്പെടുത്താത്ത ട്രെയിലറാണ് പുറത്തിറക്കിയത്.

മലയാള സിനിമയിലെ ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പുലിമുരുകൻ. 25 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.

ചിത്രത്തിൽ പുള്ളിപ്പുലിയുമായുള്ള സംഘട്ടനരംഗങ്ങളുള്ളത് നേരത്തെ ചർച്ചയായിരുന്നു. ട്രെയ്‌ലർ റിലീസ് ചെയ്തു രണ്ടാം ദിവസത്തിലേക്കു കടന്നപ്പോൾ 729,439 പേരാണ് കണ്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകു പാടമാണ്. ഒക്ടോബർ ഏഴിന് ചിത്രം പ്രദർശനത്തിനെത്തും.