ലണ്ടൻ: മലയാള സിനിമക്ക് പുത്തൻ ആവേശം പകർന്നാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിന്റെ പുതിയ സിനിമ 100 കോടി ക്ലബ്ബില് ഇടംപിടിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി കോടികൾ വാരുന്ന ചിത്രം യുകെയിലെ മലയാളം സിനിമാ ചരിത്രവും തിരുത്തു കുറിച്ചുകയാണ്. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ കൂടി ലക്ഷ്യം വച്ച് മുംബൈയിലും മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും റിലീസ് ചെയ്ത പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ മലയാള ചിത്രം വെറും 3 ദിവസത്തെ പ്രദർശനം കൊണ്ട് ഏകദേശം ഒരു കോടിയോളം രൂപയ്ക്കടുത്ത് കലക്ട് ചെയ്ത് മികച്ച വാണിജ്യവിജമായിട്ടുണ്ട്. അടുത്ത കാലത്തൊന്നും തകർക്കാൻ സാധിക്കാത്ത റെക്കോർഡാണ് ഇത്. ദിവസവും സകല മലയാളികളെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഇതോടെ അടുത്ത ആഴ്ച മുതൽ ലാഭത്തിന്റെ വേട്ട തുടങ്ങും എന്നുറപ്പായി കഴിഞ്ഞു.

പുലി വേട്ടയെക്കാൾ റിസ്‌ക് എടുത്തു വൻ തുകയുടെ വിതരണാവകാശവും 141 തിയറ്ററുകൾക്കായുള്ള മുൻകൂർ വാടകയായി ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും നെഞ്ചിൽ ഏറി ഏതാനും ദിവസമായി തീ തിന്നുന്ന യുകെ വിതരണക്കാരായ പിജെ എന്റർടൈന്മെന്റ് ഉടമ പ്രജീഷ് കുമാറും പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും യുകെയിലെ പണംവാരലിന്റെ വിവരം മറുനാടനെ അറിയിച്ചു. ഇക്കഴിഞ്ഞ ആഴ്ചയിൽ വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലായി നടത്തിയ പ്രദർശനങ്ങളിൽ നിന്നും പുലിമുരുകൻ നേടി എടുത്തിരിക്കുന്നത് 90162 പൗണ്ടാണ്.

ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ യുകെയിലും അയർലണ്ടിലുമായി 71 തീയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. ഇപ്പോൾ പ്രദർശനം നടക്കുന്ന 141 തീയേറ്ററുകളിൽ 90 ശതമാനത്തോളവും ഹൗസ് ഫുളാണ്. യുകെയിൽ ജനുവരിയിൽ പ്രദർശനത്തിനെത്തിയ ടു കൺട്രിസീന്റെ റെക്കോർഡിനെ മറികടന്നാണ് പുലിമുരുകൻ കുതിച്ചു പായുന്നത്. വെസ്റ്റ് ഫീൽഡ് സ്ട്രാറ്റ്‌ഫോഡ് സിറ്റിയിൽ 17ന് വൈകിട്ട് ഏഴുമണിക്ക് 4കെ പ്രൊജക്ടർ സൗകര്യത്തോടെ സ്‌പെഷ്യൽ ഷോയും ഒരുങ്ങുന്നുണ്ട്.

ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉറപ്പിക്കാനായി 4കെ പ്രൊജക്ടറിൽ കവൻട്രിയിലും മാഞ്ചസ്റ്ററിലും അതോടൊപ്പം ഈസ്റ്റ്ഹാമിലും ബർമിങ്ഹാമിലും നടത്തിയ അഡ്വാൻസ് സ്‌ക്രീൻ പ്രദർശനം കൂടി കണക്കിലെടുത്താൽ ഇതിനകം പുലിമുരുകൻ യുകെയിൽ നിന്നും ഒരു ലക്ഷം പൗണ്ട് സ്വന്തമാക്കിയിരിക്കാൻ സാധ്യത ഏറെയാണ്. കേരളത്തിൽ മനോരമ ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരകരായതു പോലെ യുകെയിൽ ചിത്രത്തിന്റെ വിതരണക്കാർ ബ്രിട്ടീഷ് മലയാളിയെ ആശ്രയിക്കുന്നതിനാൽ കളക്ഷൻ റെക്കോർഡ് സംബന്ധിച്ച വിശദംശങ്ങളും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നിലേക്ക് തന്നെയാണ് ആദ്യം എത്തുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ ഔദ്യോഗിക ചാർട്ടിങ്ങിലും ചിത്രം മുൻനിരയിലേക്ക് കുതിക്കുകയാണ്.

സ്വകാര്യ തീയേറ്ററുകളിലെ കണക്കു ഉൾപ്പെടുത്താതെ പുറത്തു വരുന്ന ഈ കണക്കിൽ ആദ്യ ആഴ്ചയിലെ പ്രകടനത്തിൽ പുലിമുരുകന്റെ നേട്ടം 92,000 പൗണ്ട് ആണ്. 98 തീയേറ്ററിൽ നിന്നാണ് ഈ തുക ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിലും വിദേശത്തും തകർപ്പൻ പ്രകടനം നടത്തി കോടികൾ വാരിക്കൂട്ടുന്ന ഹിന്ദി ചിത്രം എയ് ദിൽ ഹായ് മുഷ്‌കിൽ മാത്രമാണ് ഇപ്പോൾ യുകെയിൽ പുലിമുരുകന് മുന്നിൽ ഉള്ളത്. വിദേശ വിപണിയിൽ അമേരിക്കൻ മലയാളികളെ കടത്തി വെട്ടിയ വിജയവും യുകെ മലയാളികൾക്കാണ്. മൂന്നാഴ്ച കൊണ്ട് ഏകദേശം ഒന്നര കോടി രൂപയാണ് പുലിമുരുകൻ അമേരിക്കയിൽ നേടിയിരിക്കുന്നത്. ഈ തുക മിക്കവാറും രണ്ടാമത്തെ ആഴ്ചയിൽ തന്നെ യുകെ യിൽ മറികടക്കാൻ സാധ്യത ഏറെയാണ്.

അതേ സമയം പുലിമുരുകൻ യുകെയിൽ സൃഷ്ടിക്കുന്ന വിപണി വിജയം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ആവേശത്തിലാക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് യുകെ വിശേഷം അറിയാൻ ദിവസവും ബന്ധപ്പെടുന്നത് തന്നെ ഇതിന്റെ തെളിവ്. ചിത്രം ബോക്‌സ് ഓഫീസിൽ നൂറു കോടി തികച്ച സന്തോഷം മോഹൻലാൽ തന്നെ തന്റെ ഫേസ്‌ബുക്കിൽ കുറിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും യുകെ വിപണിയിലും മികച്ച വിജയം തുടരുകയാണ്.

ഇപ്പോൾ അതിർത്തി സംഘർഷം ചിത്രീകരിക്കുന്ന 1971 ബീയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിന് വേണ്ടി ജയ്പൂരിലെ നിന്നുമാണ് അദ്ദേഹം ആരാധകരെ ആവേശത്തിലാക്കി സോഷ്യൽ മീഡിയയിൽ നിറയുന്നത്. സംവിധായകൻ മേജർ രവിയാണ് പട്ടാള കഥയ്ക്ക് മോഹൻലാലിനെ ഒരുക്കിയെടുക്കുന്നത്. അതിനിടെ ആഴ്ച ഒടുവിൽ മാത്രമല്ല, പുലിമുരുകൻ എന്നിട്ടാലും കാണാൻ തയ്യാറാണ് എന്ന് വ്യക്തമാക്കി ഇന്നലെ ഷോ നടന്ന പല സ്ഥലങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന പ്രദർശനങ്ങളിൽ ബേസിൻസ്റ്റോക്ക്, ബിർക്കിൻഹെഡ്, കേംബ്രിഡ്ജ്, ക്രോളി, ക്രോയിഡോൺ, ഓക്‌സ്‌ഫോർഡ്, പൂൾ, സ്റ്റീവനേജ് എന്നിവിടങ്ങളിൽ ചിത്രം തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപ് ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയതായും വിതരണക്കാർ അറിയിച്ചു. ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരും എന്ന് വ്യക്തമാണ്.

കൊടും തണുപ്പിനെ അവഗണിച്ചും പ്രേക്ഷകർ കൈക്കുഞ്ഞുങ്ങൾ അടക്കം തീയേറ്ററിൽ എത്തുന്ന കാഴ്ച അവിശ്വസനീയമായി മാറുകയാണ്. ജീവിതത്തിൽ ആദ്യമായി മുൻ നിരയിൽ പോയിരുന്നു ചിത്രം കണ്ട വിശേഷവും കാണികൾ പങ്കിടുന്നുണ്ട്. ഇതിനാൽ മുൻകൂർ ടിക്കറ്റു ബുക്ക് ചെയ്തു ആസ്വദിച്ചു കാണാൻ വീണ്ടും തയ്യാറെടുക്കുകയാണ് പല പ്രേക്ഷകരും. ഇത്തരം അനുഭവങ്ങൾ മലയാള സിനിമയിൽ അപൂർവമാണ്. സാധാരണ മലയാള ചിത്രങ്ങൾ ഭാഷ മനസിലാക്കാത്ത സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടാത്ത കുട്ടികൾ വനവും വേട്ടക്കാരനും പുലിയും ഒക്കെ നിറയുന്ന പുലിമുരുകൻ ടാർസൺ ചിത്രം കാണുന്ന ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് തിയറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പല വീടുകളിലും കുട്ടികൾ യൂട്യൂബിലും മറ്റും പുലിമുരുകന്റെ തീം സോങ് സേർച്ച് ചെയ്തു പാടാൻ തുടങ്ങിയിരിക്കുന്നതും ചിത്രം സൃഷ്ടിച്ച സ്വാധീനത്തിന്റെ തെളിവായി മാറുന്നു. യുകെയിലെ മലയാളി കുട്ടികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ചിത്രവും മുൻപ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാകുകയാണ്. വൻ വിജയങ്ങളുടെ പട്ടികയിൽ പേരുള്ള എന്ന് നിന്റെ മൊയ്തീൻ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒപ്പം, ചാർളി, വെള്ളിമൂങ്ങ, ആക്ഷൻ ഹീറോ ബിജു എന്നിവയൊക്കെ കുടുംബ പ്രേക്ഷകരുടെ ചിത്രങ്ങൾ ആയിരുന്നപ്പോൾ പുലിമുരുകൻ ഏതു പ്രായക്കാരെയും ആസ്വദിപ്പിക്കുന്നു എന്നത് തന്നെയാണ് വമ്പൻ വിജയത്തിനുള്ള അടിത്തറയും.

ഗൾഫിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെയും അണിയറപ്രവർത്തകരുടെയും കരുതലോടെയുള്ള ഇടപെടലിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പുലിമുരുകൻ വേട്ട തുടരുകയാണ്. മലയാളക്കര കീഴടക്കി മൂന്നാഴ്ചകൾക്ക് ശേഷമാണ് ചിത്രം വിദേശത്ത് റിലീസ് ചെയ്തത്. മലയാളികൾ ഉള്ള നാടുകളിലൊക്കെ ചിത്രത്തിന് വൻ വരവേൽപ്പ് ലഭിച്ചതോടെയാണ് നൂറു കോടി എന്ന സ്വപ്നം ഇത്ര വേഗത്തിൽ സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസുകൾ വരെ ചിത്രം തീയറ്ററിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി മലയാളികൾ കാത്തിരിക്കുന്നത് ചിത്രം 150 കോടി കളക്ഷൻ നേടുമോ എന്നറിയാനാണ്.