ഹൈദരബാദ്: തെലുങ്കിലെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് മോഹൻലാലും ഇപ്പോൾ. അതുകൊണ്ട് തന്നെ മലയാള മനസ്സിനെ കീഴടക്കി ചരിത്രം സൃഷ്ടിച്ച മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ തെലുങ്കിലും റിലീസിനൊരുങ്ങുമ്പോൾ ആരവങ്ങൾ കന്നഡ നാട്ടിലും ഉയരുകയാണ്. ഡിസംബർ രണ്ടിന് വെള്ളിയാഴ്ച ആന്ധ്രയിലെ 350 തിയ്യറ്ററുകളിലാണ് മന്യംപുലി എന്ന പേരിൽ ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തുന്നത്.

ലാലിന് തെലുങ്കിലുള്ള ആരാധകർക്ക് തെളിവാണ് ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം. തെലുങ്കിലും സൂപ്പർതാരങ്ങൾക്ക് മാത്രമേ ഇത്രയും തിയേറ്ററിൽ സാധാരണ റിലീസുണ്ടാകൂ. ഇതാണ് പുലിമുരുകനും നേടുന്നത്. മോഹൻലാൽ തന്നെയാണ് ഇതിൽ മുരുകനുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. നേരത്തെയിറങ്ങിയ മനമാന്തയ്ക്കുവേണ്ടിയും (മലയാളത്തിൽ വിസ്മയം) ഡബ് ചെയ്തത് ലാലായിരുന്നു. മനമാന്തയും തുടർന്നിറങ്ങിയ ജനത ഗ്യാരേജും തെലുങ്കിൽ വൻ ഹിറ്റായിരുന്നു.

ഇതിന് തൊട്ടു പിറകെയാണ് ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി വൈശാഖിന്റെ ചിത്രം തെലുങ്കിലും എത്തുന്നത്. ചിത്രം മലയാളത്തിൽ 125 കോടി രൂപ കളക്റ്റ് ചെയ്തശേഷമാണ് തെലുങ്കിലെത്തുന്നത്. തെലുങ്കിലും വമ്പൻ ഹിറ്റായി പുലിമുരുകൻ മാറുമെന്നാണ് പ്രതീക്ഷ. ഏതൊരു തെലുങ്ക് സൂപ്പർസ്റ്റാറിന്റെ ചിത്രത്തിനും കിട്ടുന്ന വരവേൽപ് തന്നെയാണ് ലാലിന്റെ ചിത്രത്തിനും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ഇനിഷ്യലും ലഭിക്കും. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണ റെഡ്ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തെലങ്കിലും പുലിമുരുകൻ വിജയിച്ചാൽ ലാലിന് തെന്നിന്ത്യയിലെ സൂപ്പർതാര പദവിയും ഉറപ്പിക്കാം. ഏതായായാലും പുലിമുരുകനെ 200 കോടി ക്ലബ്ബിലെത്തിക്കുന്ന കളക്ഷൻ തെലുങ്ക് സിനിമയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.