കൊച്ചി: മലയാളികൾക്ക് പുതിയ ചലച്ചിത്ര കാഴ്ചാനുഭവമായി 6 ഡി എത്തി. 6 ഡി പുലിമുരുകന്റെ ആദ്യ പ്രദർശനം കൊച്ചിയിലെ അബാദ് ന്യുക്ലിയസ് മാളിലെ 6 ഡി തിയറ്ററിൽ നടന്നു. കേരളത്തിലുടനീളമുള്ള ഇരുപത്തിയാറ് തിയറ്ററുകളിൽ ചിത്രം ഉടൻ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നു. മുംബൈ ആസ്ഥാനമായ റേസ് 3 ഡി എന്ന കമ്പനിയാണ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകൻ ഇന്ത്യയിലെ ആദ്യ 6 ഡി ചിത്രമായി അവതരിപ്പിക്കുന്നത്.

കമ്പ്യൂട്ടർ പ്രോഗ്രാമറായ അനുഭ സിൻഹയാണ് നവീന ടെക്‌നോളജിയിൽ ചിത്രം ഒരുക്കിയത്. വളരെ കുറഞ്ഞ ചെലവിലാണ് അനുഭ ഇതു ചെയ്തത്. ഇതിന്റെ പ്രദർശനത്തിന് പ്രത്യേക സംവിധാനമുള്ള തിയറ്ററുകൾ ആവശ്യമാണ്. കേരളത്തിലുടനീളം ഇരുപത്തിയാറ് തിയറ്ററുകളിലാണ് ഇത്തരം സംവിധാനമുള്ളത്. 6 ഡി, 7 ഡി, 9 ഡി, 11 ഡി, 15 ഡി തിയറ്ററുകളിൽ ചിത്രം ഉടൻ റിലീസ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

'ചിത്രത്തിൽ മോഹൻലാൽ പുലിയെ കൊല്ലുമ്പോൾ വീശിയടിക്കുന്ന കാറ്റും ഇലകൾ പറക്കുന്നതും തിയറ്ററിനകത്ത് അനുഭവിക്കാൻ കഴിയുകയെന്നത് മനോഹരമായ അനുഭവമാണ്. സിനിമ കാണുകയല്ല മറിച്ച് അനുഭവിക്കുന്നത് പോലെയാണ്. പുലിമുരുകന്റെ ഈ 10 മിനിറ്റ് മലയാള സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കും,' അനുഭ പറഞ്ഞു.

പുലിമുരുകൻ സിനിമയുടെ പ്രധാന കഥ 10 മിനിറ്റിലൊതുക്കിയാണ് 6 ഡി-യിലേക്ക് മാറ്റിയിരിക്കുന്നത്. രാജ്യത്തെ ആദ്യ 6 ഡി ചിത്രം ഇവിടെയാണ് നിർമ്മിച്ചതെന്നത് മലയാളം സിനിമയ്ക്കും കൊച്ചിക്കും അഭിമാനകരമായി. ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പരീക്ഷണങ്ങൾക്ക് തയ്യാറുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ പുലിമുരുകൻ 6 ഡി യാഥാർഥ്യമാകുമായിരുന്നില്ലെന്നും അനുഭ പറഞ്ഞു.

ഇതൊരു തുടക്കമാണെന്നും 6 ഡി തിയറ്ററുകൾ ശക്തമായ വിനോദോപാധിയായി മാറുമെന്നും അവർ പറഞ്ഞു. 6 ഡിയിലേക്കുള്ള പരിവർത്തനം ഏറെ ചെലവേറിയതാണെന്നും അതുകൊണ്ടാണ് ഇതിന് മുമ്പ് ഇത്തരം പരീക്ഷണങ്ങൾ ഇവിടെ നടക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

6 ഡി സംവിധാനത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്ന സാങ്കേതികവിദ്യക്ക് അനുഭ അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്തമായ എഐഎസ്, ലോസ് ഏഞ്ചൽസ് അവാർഡ് നേടിയിട്ടുണ്ട്. ടോമിച്ചൻ മുളകുപാടം, മാസ്റ്റർ ഇജാസ് തുടങ്ങിയവരും കൊച്ചിയിൽ നടന്ന പ്രദർശനോദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.