തിരുവനന്തപുരം: മോഹൻലാൽ-വൈശാഖ് ചിത്രം പുലി മുരുകൻ ചരിത്രനേട്ടത്തിൽ. മലയാളത്തിൽ ആദ്യമായി നൂറു കോടി നേടുന്ന ചിത്രമെന്ന റെക്കോർഡാണു പുലിമുരുകനു സ്വന്തമായത്. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണു പുലിമുരുകന്റെ ചരിത്ര നേട്ടം. ഒക്ടോബർ ഏഴിനാണു ചിത്രം റിലീസ് ചെയ്തത്. നവംബർ ആറു വരെയുള്ള കലക്ഷൻ റെക്കോർഡു പരിശോധിച്ചപ്പോഴാണു നൂറു കോടി നേട്ടത്തിലേക്കു പുലിമുരുകൻ എത്തിയത്. വിദേശത്തുൾപ്പെടെയുള്ള കലക്ഷൻ പരിഗണിച്ചാണു നേട്ടം.

മുപ്പതു കോടിയോളം ചെലവഴിച്ചു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കാൻ ടോമിച്ചൻ മുളകുപാടം കാണിച്ച സാഹസികതയ്ക്ക് അംഗീകാരമായിരിക്കുകയാണിപ്പോൾ. ചിത്രീകരണത്തിനിടയിലും നിരവധി തടസങ്ങൾ നേരിട്ടിരുന്നു. റിലീസും പലകുറി മാറ്റിവച്ചു. അത്തരത്തിൽ നിരവധി പ്രതിസന്ധികൾ മറികടന്നാണു പുലിമുരുകനിപ്പോൾ അവിശ്വസനീയ നേട്ടത്തിൽ എത്തിയിരിക്കുന്നത്. ഒരുമാസം കഴിഞ്ഞിട്ടും  കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം ഹൗസ് ഫുൾ ആയാണ് പ്രദർശിപ്പിക്കുന്നത്. സിനിമാപ്രേമികളെ മുഴുവൻ തിയറ്ററിലേക്ക് ആകർഷിക്കാൻ ചിത്രത്തിനു കഴിഞ്ഞു. പ്രായം തളർത്താത്ത പോരാളിയായി മോഹൻലാൽ തകർത്ത് അഭിനയിച്ചപ്പോൾ ആരാധകർ തിയറ്ററിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ ആരാധകർ മാത്രമല്ല, പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രം കാണാൻ സിനിമാപ്രേമികൾ ഒന്നടങ്കം എത്തിയതാണു പുലിമുരുകനു തുണയായത്.

കേരളത്തിലെ തിയ്യറ്ററുകളിൽ നിന്നു മാത്രം 65 കോടി നേടിയ ചിത്രം യു.എ.ഇയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് പതിനഞ്ച് കോടി രൂപ സമ്പാദിച്ചു. ഇതിന് പുറമെ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന്. ഓവർസീസ്, റീമേക്ക്, സാറ്റലൈറ്റ് എന്നിവയിൽ നിന്ന് പതിനഞ്ച് കോടി രൂപയ്ക്ക് മേൽ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും വേഗം അമ്പത് കോടി രൂപ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയും പുലിമുരുകൻ സ്വന്തമാക്കിയിരുന്നു. 25 ദിവസം കൊണ്ടാണ് ചിത്രം 56.68 കോടി രൂപ ചിത്രം കളിക്ട് ചെയ്തത്. മോഹൻലാലിന്റെ തന്നെ ഒപ്പത്തിന്റെ റെക്കോഡാണ് ചിത്രം അന്ന് തകർത്തത്.

വൈശാഖ് സംവിധാനംചെയ്ത ചിത്രത്തിൽ കമാലിനി മുഖർജിയാണ് മോഹൻലാലിന്റെ നായിക. സിദ്ദിഖ്, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രതിനായകൻ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് പുലിമുരുകൻ നിർമ്മിച്ചത്. തീയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം 100 കോടിയിൽ എത്തിയതിൽ ആരാധകർക്ക് നന്ദി അറിയിച്ച് നടൻ മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റും ഇട്ടിടുണ്ട്.

കേരളത്തിൽ മിക്ക ഷോകളും ഫൗസ് ഫുള്ളായിട്ടാണ് പ്രദർശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും പുലിമുരുകൻ മുന്നേറുമെന്നാണ് വിലയിരുത്തൽ. ഗൾഫിൽ സിനിമ പ്രദർശിപ്പിച്ച അന്ന് തന്നെ സിനിമ ഇന്റർനെറ്റിലെത്തിയിരുന്നു. എന്നാൽ വേണ്ട ഇടപെടലുകളിലൂടെ കൂടുതൽ ഡൗൺലോഡ് ചെയ്യുന്നത് തടഞ്ഞത് സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. പുലിമുരുകന്റെ ഗ്രാഫിക്‌സിലെ മികവ് അറിയാൻ ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്ന പ്രേക്ഷക വിലയിരുത്തലും കളക്ഷനെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത മുപ്പത് ദിവസം കൊണ്ട് പുലിമുരുകന്റെ കളക്ഷൻ 150 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. പുലിമുരുകന് തൊട്ട് മുമ്പ് തിയേറ്ററിലെത്തിയത മോഹൻലാലിന്റെ ഒപ്പവും തിയേറ്ററുകളിൽ സജീവമാണ്. ഈ പ്രിയദർശൻ ചിത്രം 75 കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ.

മോഹൻലാലും ജൂനിയർ എൻടിആറും ഒരുമിച്ച് അഭിനയിച്ച ജനതാ ഗാരേജും 175 കോടി രൂപയുടെ കളക്ഷൻ ആഗോളതലത്തിൽ നേടിയിട്ടുണ്ട്. പുലിമുരകുനും ഒപ്പവും ജനതാഗാരേജും അടുത്തടുത്ത ദിനങ്ങളിലാണ് റിലീസ് ചെയ്തത്. അങ്ങനെ ഈ മൂന്ന് സിനിമകളിൽ നിന്നുമായി ആറു മാസം കൊണ്ട് മോഹൽലാൽ 400 കോടിയിലധികം കളക്ഷൻ നേടുന്ന താരമായി മാറുമെന്നാണ് വിലയിരുത്തൽ. തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി ലാൽ മാറുകയാണ്.