ലയാള സിനിമയിലെ ബോക്‌സ് ഓഫീസ് ചരിത്രങ്ങൾ എല്ലാം തിരുത്തിക്കുറിച്ച് മുന്നേറുന്ന മോഹൻലാൽ ചിത്രം പുലിമുരുകൻ മറ്റൊരു അപൂർവ്വ നേട്ടം കൂടി കരസ്ഥമാക്കാക്കാൻ പോകൂന്നു. നിലവിൽ ഏറ്റവും കൂടുതൽ റെക്കോർഡ് ഉള്ള സിനിമ എന്ന റെക്കോർഡും പുലിമുരുകന് തന്നെയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യൂറേപ്യൻ സ്‌ക്രീനിങ് നടക്കാൻ പോകുന്നത് അടുത്ത ആഴ്ചയാണ്. യൂറോപിലെ 12 രാജ്യങ്ങളിലായി 150 തീയറ്ററുകളിലാണ് പുലുമുരുകൻ പ്രദർശനത്തിന് എത്തുന്നത്. അതിനു മുന്നോടിയായി ഈ വെള്ളിയാഴ്ച യുകെ യിൽ അഡ്വാൻസ് സ്‌ക്രീനിങും നടക്കും.

മലയാള സിനിമയുടെ ഇന്നേവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം മോഹൻലാൽ നായകനായ പുലിമുരുകൻ തിരുത്തുകയാണ്. ഒക്ടോബർ 7ന് റിലീസ് ചെയ്ത സിനിമ മൂന്നാം വാരം പിന്നിടുമ്പോഴും റിലീസ് കേന്ദ്രങ്ങളിൽ മിക്കയിടത്തും പ്രത്യേക ഷോകളും അർദ്ധരാത്രിയിൽ ഉൾപ്പെടെയുള്ള പ്രദർശനങ്ങളും നടത്തിയാണ്. മൾട്ടിപ്ളെക്സുകളിൽ സർവ്വകാല റെക്കോർഡാണ് പുലിമുരുകൻ നേടിയിരിക്കുന്നത്. എറണാകുളത്തെ മൾട്ടിപ്ളെക്സുകളിൽ നിന്ന് 2.23 കോടിയാണ് പുലിമുരുകൻ 17 ദിവസം കൊണ്ട് നേടിയത്. തിരുവനന്തപുരം ഏരീസ് മൾട്ടിപ്ളെക്സിൽ 1.03 കോടിയാണ് പുലിമുരുകൻ നേടിയത്. ബാഹുബലിയുടെ കളക്ഷൻ റെക്കോർഡാണ് പുലിമുരുകൻ പിന്നിലാക്കിയത്. ഇനി യൂറോപ്യൻ രാജ്യങ്ങളിൽ മുരുകൻ ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

ഇനിഷ്യൽ റെക്കോർഡുകളെല്ലാം തകർത്താണ് പുലിമുരുകൻ തീയേറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു 'പുലിമുരുകൻ'. പിന്നീടുള്ള ദിവസങ്ങളിലും മൗത്ത്പബ്ലിസിറ്റി വഴി തീയേറ്ററുകളിലെ തിരക്ക് നിലനിർത്താനായി 'മുരുകന്'.

ഏറ്റവും വേഗത്തിൽ 25 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡായിരുന്നു അടുത്തത്. ഒരാഴ്ചകൊണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളിൽ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്. പുലിമുരുകൻ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴുള്ള തീയേറ്റർ കളക്ഷനാണ് ചുവടെ. ഒക്ടോബർ 7 വെള്ളിയാഴ്ചയാണ് 325 തീയേറ്ററുകളിൽ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയത്.

മലയാളസിനിമയിലെ എക്കാലത്തെയും കളക്ഷൻ റെക്കാേർഡിനുടമയായ 'ദൃശ്യ'ത്തിന് അരികിൽ എത്തിയിരിക്കുകയാണ് പുലിമുരുകൻ. ദൃശ്യത്തിന്റെ ആജീവനാന്ത തീയേറ്റർ കളക്ഷൻ 68.15 കോടി ആണ്. എന്നാൽ ഒക്ടോബർ 7 മുതൽ 20 വരെയുള്ള 14 ദിവസം കൊണ്ട് മാത്രം പുലിമുരുകൻ നേടിയത് 60 കോടിക്ക് മുകളിലും!

രണ്ടാഴ്ച പിന്നിടുമ്പോഴും പ്രധാന കേന്ദ്രങ്ങളിലെല്ലാം മിക്ക ഷോകളും ഹൗസ്ഫുൾ ആണ്. വമ്പൻ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ യുവാക്കൾക്കൊപ്പം കുടുംബങ്ങളും ആദ്യആഴ്ച തന്നെ പുലിമുരുകൻ കാണാനെത്തി. കുടുംബവുമൊത്ത് മൾട്ടിപ്ലെക്‌സുകളിൽ സിനിമ കാണണമെങ്കിൽ ദിവസങ്ങൾക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു.

ചിത്രത്തിന്റെ യുഎസ്, യൂറോപ്പ് റിലീസ് അടുത്തയാഴ്ചയാണ്. നവംബർ 3ന് ഗൾഫിലുമെത്തും ചിത്രം. യൂറോപ്പിൽ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളും പുലിമുരുകൻ സ്വന്തമാക്കി. യൂറോപ്പിൽ മാത്രം 150 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഈ സ്‌ക്രീനുകളിലെയെല്ലാം ആദ്യ പ്രദർശനങ്ങളുടെ ബുക്കിങ് ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. വിദേശ റിലീസുകൾ കൂടി പരിഗണിക്കുമ്പോൾ ആദ്യമായി 100 കോടി കളക്ഷൻ നേടുന്ന മലയാളചിത്രമാവാനുള്ള വലിയ സാധ്യതയാണ് പുലിമുരുകന് മുന്നിലുള്ളത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും വൈകാതെ തീയേറ്ററുകളിലെത്തും.