തൃശ്ശൂർ :നൃത്ത ഇനങ്ങളിൽ പക്കമേളത്തിനൊപ്പം പുല്ലാങ്കുഴൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന കലോത്സവ സംഘാടക സമിതി മുന്നോട്ടുവച്ച നിർദ്ദേശം ശുദ്ധമണ്ടത്തരവെന്നും ഇക്കാര്യത്തിൽ താൻ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർ പിടിവാശി ഉപേക്ഷിച്ചതെന്നും പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ മുരളി നാരായണൻ.

ശാസ്ത്രീയ നൃത്ത ഇനങ്ങളിൽ പുല്ലാങ്കുഴൽ നാദത്തിന് മുഖ്യ സ്ഥാനമാണുള്ളത്. കൃഷ്ണ കഥയ പരാമർശിച്ചിട്ടുള്ള പാട്ടിലും നൃത്തത്തിലും പുല്ലാങ്കുഴൽ ഒഴിവാക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. കലാമണ്ഡലത്തിലെ വിദഗ്ധരുൾപ്പെടുന്ന സമിതിയാണ് ഇത്തരത്തിലൊരു ശുപാർശ മുന്നോട്ടുവച്ച തെന്നാണ് മന്ത്രി അറിയിച്ചത്. ഈ നിലപാട് ആരുടെ ഭാഗത്ത് നിന്നായാലും ശുദ്ധ മണ്ടത്തരമായി മാത്രമേ വിലയിരുത്താനാവു.മുരളി ചൂണ്ടിക്കാട്ടി.

പുല്ലാങ്കുഴൽവാദനത്തിൽ ഗിന്നസ് റെക്കോർഡ് ജേതാവുകൂടിയായ മുരളി ഈ കലാരൂപവുമായി സഞ്ചരിക്കാത്ത നാടുകൾ വിരളമാണ്.രാജ്യത്തെ പ്രശസ്ത നർത്തകർക്ക് വേണ്ടിയാണ് മുരളി വേദിയിൽ എത്തിയിട്ടുള്ളത്.പതിനേഴാം വയസ്സിൽ കലാമണ്ഡലം ക്ഷേമാവതിക്ക് വേണ്ടി നൃത്തവേദിയിലാണ് മുരളി ആദ്യം പുല്ലാങ്കുഴൽ നാദം മുഴക്കിയത്.

ഇപ്പോൾ 30-ാം വർഷത്തിലും ടീച്ചറുകളുടെ അനുഗ്രഹാശിസുകളോടെ മുരളി വേദികളിൽ സജീവമാണ്.നാദസ്വര വിദ്വാനായ അച്ഛൻ നാരായണ നാണ് ആദ്യ ഗുരു.നാദസ്വരം പഠിച്ച ശേഷമാണ് പരേതനായ തൃശൂർ തളിക്കുളം ഏങ്ങണ്ടിയൂർ കൃഷ്ണൻ കുട്ടിയുടെ കീഴിൽ പുല്ലാങ്കുഴൽ പഠനം ആരംഭിച്ചത്.

ഇത്തരം കലകളിൽ വരും തലമുറയിൽ പ്രാവിണ്യം നേടിയവർ വരും തലമുറകളിൽ കുറവാകാനാണ് സാദ്ധ്യതയെന്നും ഇത്തരം കലാരൂപങ്ങൾ ഏത് വിധത്തിലും സംഭരക്ഷിക്കപ്പെടാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചെന്നും മുരളി കൂട്ടിച്ചേർത്തു.