- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിൽ കുടുക്കിയതല്ലെന്നും നിങ്ങളുടെ അടുത്തേക്കു തന്നെ വരുമെന്നും മാദ്ധ്യമപ്രവർത്തകരോടു പൾസർ സുനി; ആലുവ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പൾസറിനെയും വിജീഷിനെയും 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡയിൽ വിട്ടു; പൊലീസിനു വിട്ടുനല്കാതിരുന്നത് അപേക്ഷ സമർപ്പിക്കാൻ വൈകിയതിനാൽ
ആലുവ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ വിട്ടു നല്കണമെന്ന അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ വൈകിയതിനെത്തുടർന്നാണ് ഇരു പ്രതികളെയും ജുഡീഷൽ റിമാൻഡിൽ വിട്ടത്. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. അതിനിടെ കേസിൽ കുടുക്കിയതല്ലെന്നും ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് തന്നെ വരുമെന്നും സുനി മാദ്ധ്യമങ്ങളോട് പറഞ്ഞു. കുടുക്കിയതാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി. ശിവരാത്രി പ്രമാണിച്ച് അവധിയായിരുന്നതിനാൽ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഇവരെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോൾ സുനിയുടെയും വിജീഷിന്റെയും മുഖം മറച്ചിരുന്നില്ല. കേസിലെ പ്രതികളായ സുനിയെയും വിജീഷിനെയും വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയിൽനിന്ന് അറസ്റ്റു ചെയ്യുകയായ

ആലുവ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി പൾസർ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ വിട്ടു നല്കണമെന്ന അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ വൈകിയതിനെത്തുടർന്നാണ് ഇരു പ്രതികളെയും ജുഡീഷൽ റിമാൻഡിൽ വിട്ടത്.
പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. അതിനിടെ കേസിൽ കുടുക്കിയതല്ലെന്നും ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് തന്നെ വരുമെന്നും സുനി മാദ്ധ്യമങ്ങളോട് പറഞ്ഞു. കുടുക്കിയതാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി.
ശിവരാത്രി പ്രമാണിച്ച് അവധിയായിരുന്നതിനാൽ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഇവരെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോൾ സുനിയുടെയും വിജീഷിന്റെയും മുഖം മറച്ചിരുന്നില്ല.
കേസിലെ പ്രതികളായ സുനിയെയും വിജീഷിനെയും വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ആലുവ പൊലീസ് ക്ലബിൽ ഇന്നലെ ഇരുവരെയും വിശദമായി ചോദ്യം ചെയ്തു.
സുനി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോണിനായി പൊലീസ് പലയിടത്തും തിരഞ്ഞെങ്കിലും അതൊന്നും കണ്ടെത്താൻ സാധിച്ചില്ല. പ്രതിയായ സുനി പറഞ്ഞ സ്ഥലങ്ങളിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്. മൊബൈൽ ഫോൺ വെള്ളത്തിലെറിഞ്ഞെന്നാണ് സുനി ആദ്യം മൊഴി നൽകിയത്. ഓടയിൽ എറിഞ്ഞെന്നായിരുന്നു ആദ്യം മൊഴി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതിന് ശേഷമാണ് പ്രതി വീണ്ടും മൊഴി മാറ്റിയത്. പുഴയിൽ എറിഞ്ഞെന്ന വിധത്തിലുള്ള മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇത് പ്രകാരം ഫോൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. അതേസമയം, ബ്ലാക്ക് മെയിൽ കെണിയിൽ കൂടുതൽ താരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്നദൃശ്യങ്ങൾ സുനി പകർത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി.
എന്നാൽ ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം, സുനിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. പുലർച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും പരിശോധന നടത്തി.
അതിനിടെ, ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ സുഹൃത്തിനെ കാണാൻ പോയതിന്റേതാണെന്നു സുനി മൊഴി നൽകി. ലഹരിയിലായിരുന്ന സുഹൃത്തു വാതിൽ തുറന്നില്ലെന്നുമാണു മൊഴി. എന്നാൽ വാതിൽ തുറന്നില്ലെങ്കിൽ പിന്നെ 20 മിനിറ്റ് വൈകി തിരിച്ചെത്തിയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

