- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; കോടതിയിൽ ഉടൻ അപേക്ഷ നൽകും; പുറത്തുവിട്ട കത്തിലുടനീളം ദിലീപിന് എതിരായ ആരോപണങ്ങൾ; കത്ത് പൊലീസ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പൾസർ സുനി 2018ൽ അമ്മ ശോഭനയ്ക്ക് നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ ഉടൻ അപേക്ഷ നൽകും.
2018 മെയ് 7ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൾസർ സുനി അമ്മ ശോഭനയ്ക്ക് കത്ത് കൈമാറിയത്. താൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പൾസർ സുനി കത്തിൽ പറയുന്നു. അബാദ് പ്ലാസയിൽ വെച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്തതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. നടൻ ദിലീപിനെതിരെയുള്ള ആരോപണങ്ങളാണ് കത്തിലുടനീളമുള്ളത്. ദിലീപിന് പുറമെ സിനിമാ മേഖലയയുമായി ബന്ധപ്പെട്ട് വേറെ ആളുകൾക്കും പങ്കുണ്ടെന്ന് പൾസർ സുനിയുടെ അമ്മ ശോഭന പറയുന്നു.
മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ കത്ത് പുറത്ത് വിടുന്നതെന്നാണ് അമ്മ വ്യക്തമാക്കിയത്. കോടതിയിൽ വച്ചാണ് കത്ത് തന്നത്. ഇപ്പോൾ ആരേയും കാണിക്കരുതെന്നും എന്റെ ജീവൻ എപ്പോഴാണ് പോവുന്നതെന്ന് അറിയില്ല, അങ്ങനെ സംഭവിച്ചാൽ പുറത്ത് വിടണമെന്ന് പറഞ്ഞതായി അമ്മ പറയുന്നു.
കത്ത് പുറത്ത് വന്നതിന് പിന്നാലെ പ്രത്യേകന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിന് നിർണ്ണായകമായേക്കാവുന്ന കത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പ്രത്യേക സംഘം.
കഴിഞ്ഞ ദിവസമാണ് പൾസർ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും പുറത്തുവന്നത്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.
'അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും, പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്നകാര്യവും, എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും'. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.
2018 മെയ് മാസത്തിൽ സുനി എഴുതിയ കത്താണിത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.
'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ. യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താൽ മുരളുകയും കുരക്കുകയും ചെയ്യും.
പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാം.' കത്തിൽ പറയുന്നു. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പൾസർ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. 2015 മുതൽ ഗുഢാലോചന നടന്നു, ഗൂഢാലോചനയിൽ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താൻ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു.
ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവിൽ കഴിയുമ്പോൾ കൊലപെടുത്താൻ ശ്രമം നടന്നു. ജയിലിൽ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്.
വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞില്ലെങ്കിൽ മകന്റെ ജീവൻ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പൾസർ സുനിയുടെ അമ്മ തുറന്നു പറഞ്ഞത്.
കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഡി.വൈ.എസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം നടക്കുന്നത്.
കേസിൽ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് പൊലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ സംഘത്തിൽ ഉണ്ടാകും. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച തുടരന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബാലചന്ദ്രകുമാർ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്.
നടൻ ദിലീപിനേയും പൾസർ സുനിയേയും കൂടുതൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നൽകി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ആലുവയിലെ വി.ഐപി ആരെന്ന് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്.
കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതിലെല്ലാം തന്നെ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
അതേ സമയം കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർവിസ്താരം. വിചാരണ നീട്ടനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങൾ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും ഹൈക്കോടതി ആരാഞ്ഞു.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. കേസിനെ ഏത് രീതിയിലാണ് ഇത് ബാധിക്കുന്നതെന്നും കോടതി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ