പെർത്ത്: പെർത്ത് മലയാളികളെ ഒന്നടങ്കം കോർത്തിണക്കി പെർത്ത് യുണൈറ്റസ് മലയാളി അസോസിയേഷന്റെ (PUMA) നേതൃത്വത്തിൽ നടത്തിയ കാർണിവൽ പ്രൗഢഗംഭീരമായി. സംഘാടകരുടെ കണക്കു കൂട്ടൽ പോലും തെറ്റിച്ചുകൊണ്ട് പെർത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഹാരിസ് ഡെയ്ൽ പവലിയനിലേക്ക് രാവിലെ മുതൽ ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ അത് പെർത്ത് കണ്ട ഏറ്റവും വലിയ മലയാളി സംഗമമായി മാറി. അതോടൊപ്പം സംഘാടകരുടെ നേതൃത്വ പാടവത്തിന്റെ മകുടോദാഹാരണവുമായി.

പത്തു ടീമുകൾ പങ്കെടുത്ത വടംവലിയും ക്രിക്കറ്റിന്റെയും ഫുടബോളിന്റെയും വിവിധ മത്സരങ്ങളും കുട്ടികൾക്കും വനിതകൾക്കുമായി നടത്തിയ രസകരമായ മത്സരങ്ങളും കാണികളുടെ ആവേശം ഇരട്ടിയാക്കി. വിവിധ നൃത്ത നൃത്യങ്ങളും സരിഗമ അവതരിപ്പിച്ച ഗാനമേളയും വേദിയെ സമ്പന്നമാക്കി. കുട്ടികൾക്കായി ബൗൺസിങ് കാസിലുകളും ഫേസ് പെയ്ന്റിംഗും കുതിര സവാരിയും ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ രുചിക്കൂട്ടുകളുമായി നിരവധി ഫുഡ് സ്റ്റാളുകൾ കാർണിവലിൽ മറ്റൊരു ആകർഷണമായി. വർണ്ണ കാഴ്ചകളൊരുക്കിയ മറ്റ് സ്റ്റാളുകളും കാർണിവലിനെ പുളകച്ചാർത്തണിയിച്ചു.

സമാപന സമ്മേളനത്തിൽ യാസ് മുബാറക് എം എൽ എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മൽസരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു, ജോലിയുടെ പിരിമുറുക്കമൊക്കെ മാറി മനസ്സിനു കുളിർമയേകുന്ന ഒരു ദിനമായി കാർണിവൽ മാറി.