- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകളെക്കാൾ ഉയർന്ന പലിശയെന്ന വാഗ്ദാനത്തിൽ വീണത് നിരവധി പേർ; 20 ലക്ഷം രൂപ വരെ ജുവല്ലറിയിൽ നിക്ഷേപിച്ചവർ ഇപ്പോൾ ഊരാക്കുടുക്കിൽ; പുനലൂരിലെ പവിത്രം ജുവല്ലറി ഉടമ സാബു മുങ്ങിയത് നാട്ടുകാരിൽ നിന്നും സ്വരൂപിച്ച കോടികളുമായി; പരാതി നൽകിയിട്ടും പൊലീസ് കൈമലർത്തുന്നു
പുനലൂർ: ഇരുപത്തിയഞ്ചിലേറെ വർഷമായി പ്രവർത്തിച്ചുവന്ന ജുവലറി പെട്ടെന്നൊരു ദിവസം പൂട്ടി ഉടമയും കുടുംബവും മുങ്ങിയപ്പോൾ വെള്ളത്തിലായത് നാട്ടുകാരുടെ കോടിക്കണക്കിന് രൂപ. പുനലൂർ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന പവിത്രം ജുവലറി ഉടമ ടി സാമുവൽ എന്ന പവിത്രം സാബുവും കുടുംബവുമാണ് നാട്ടുകാരുടെ പണവുമായി മുങ്ങിയത്. കഴിഞ്ഞ മാസം 22-ാം തീയതി മുതലാണ് ഇവരെ കാണാതായത്. പണം കിട്ടാനുള്ള ഇടപാടുകാരോട് പിറ്റെന്ന് ജുവലറിയിലേയ്ക്ക് വരാൻ സാബു അറിയിച്ചിരുന്നു. എന്നാൽ ഇടപാടുകാർ പിറ്റെന്ന് എത്തിയപ്പോൾ ജുവലറിയും വീടും അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. സാബുവും രണ്ട് ആൺമക്കളും ചേർന്നാണ് ജുവലറി നടത്തിയിരുന്നത്.
ജുവലറിയിലുണ്ടായിരുന്ന സ്വർണചിട്ടി പദ്ധതിയിൽ നിരവധി ആളുകൾ പണം നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ ജുവലറിയുടെ മറവിൽ പണഇടപാടുകളും സാബു ചെയ്തിരുന്നു. വിവാഹാവശ്യങ്ങൾക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കും വീടുവയ്ക്കുന്നതിനും മറ്റും സാധാരണക്കാരടക്കം ഇവിടെ പണം നിക്ഷേപിച്ചിരുന്നു. മറ്റ് പണമിടപാട് സ്ഥാപനങ്ങളിൽ കൊടുത്തിരുന്നതിനെക്കാൾ കൂടുതൽ പലിശയാണ് ഇവിടെ നൽകിയിരുന്നത്. അത് കൂടുതൽപേരെ ഇവിടേയ്ക്ക് ആകർഷിച്ചു. എല്ലാമാസവും കൃത്യം പത്താം തീയതി എല്ലാവർക്കും പലിശയും ലഭിച്ചിരുന്നു. സ്ഥാപനം പൂട്ടി മുങ്ങുന്നതിന് മുമ്പ് വരെയും പലിശ മുടക്കമില്ലാതെ ലഭിച്ചിരുന്നതിനാൽ ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല.
കൂടിയ പലിശയ്ക്കാണ് നാട്ടുകാരിൽ നിന്ന് വൻതുകകൾ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. ദേശസാൽകൃത ബാങ്കുകളെക്കാൾ ഉയർന്ന പലിശ നൽകുന്നു എന്നതായിരുന്നു ഇടപാടുകാരെ ഇവിടേക്ക് ആകർഷിച്ചത്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി 20 ലക്ഷവും, പത്തു ലക്ഷവും, 5 ലക്ഷവുമൊക്കെ ചേർത്തവരാണ് വഞ്ചിക്കപ്പെട്ടത്. തവണകളായി പണം അടച്ച് നിശ്ചിതകാലമെത്തുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ കഴിയുന്ന നിലയിൽ സ്വർണച്ചിട്ടിയും പവിത്രം ജുവലറിയിലുണ്ടായിരുന്നു. ഹോൾസെയില കച്ചവടക്കാരിൽ നിന്നും സ്വർണമെടുത്തതിലും സാബുവിന് ബാധ്യതയുണ്ടായിരുന്നു. അവർക്കുള്ള പണവും നൽകാതെയാണ് സാബു നാട് വിട്ടത്.
രണ്ട് പതിറ്റാണ്ടിലേറെക്കാലമായി പുനലൂരിൽ സ്വർണക്കച്ചവടം നടത്തിവന്ന സാബുവിനെ കുടുക്കിയത് നിയമവിരുദ്ധമായി നടത്തിയ പണം ഇടപാടുകളാണെന്നാണ് റിപ്പോർട്ടുകൾ. പണം ഇടപാടുകൾ നടത്താനുള്ള യാതൊരു അനുമതികളും സാബുവിന്റെ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ ജുവലറിയുടെ മറവിൽ പണം ഇടപാട് സ്ഥാപനം കൂടി നടത്തിയിരുന്ന സാബു കൂടിയ പലിശയാണ് എല്ലാവർക്കും നൽകിയിരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽപേർ സാബുവിന്റെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ തയ്യാറായി വന്നു.
ഇതുകൂടാതെ സ്വർണചിട്ടി നടത്തി ലഭിക്കുന്ന അഡ്വാൻസ് തുകകൾ കൂടി സാബു ഇടപാടുകാർക്ക് പലിശ നൽകാൻ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ചെറിയ സ്ഥാപനമായിരുന്ന പവിത്രം ജുവലറിക്ക് ഈ അടുത്ത കാലത്ത് ബഹുനിലകെട്ടിടം പണിത് വിപുലീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ധൂർത്തിനൊപ്പം സാബുവിന് പണം നൽകേണ്ട ചിലർ കബളിപ്പിക്കുകയും ചെയ്തതാകാം സാബുവിനെ നാട്ടുകാരുടെ പണവുമായി മുങ്ങാൻ പ്രേരിപ്പിച്ചതെന്ന് പുനലൂർ പൊലീസും പറയുന്നു.
നൂറോളം പേർ വഞ്ചിക്കപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. നിരവധി പരാതികളും ഈ വിഷയവുമായി ബന്ധപ്പെട്ട് പുനലൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി നിയോഗിച്ച പ്രത്യേക സംഘമൊണ് കേസ് അന്വേഷിക്കുന്നത്. സാബുവിനെതിരെ മൂന്ന് കേസുകളാണ് എടുത്തിട്ടുള്ളത്. ഏകദേശം ഇരുപത്തിഅഞ്ചാളംപേരുടെ മൊഴിയും എടുത്തിട്ടുണ്ട്. എന്നാൽ കേസ് നൽകിയിട്ട് ഇരുപതോളം ദിവസങ്ങളായിട്ടും പൊലീസ് ഇരുട്ടിൽതപ്പുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം.