സാഹിത്യകാന്മാരിലെ കുലപതിയായ പുനത്തിൽ കുഞ്ഞബ്ദുള്ള നല്ലൊരു സിനിമാ ആസ്വാദകൻ കൂടെയാണ് പുനത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകൽ

സിനിമാതാരങ്ങളുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. എന്നാൽ എം.ജി. സോമൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. മുരളിയുമായും ആത്മബന്ധമുണ്ടായിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എറണാകുളത്ത് മാതൃഭൂമിയുടെ നവതി ആഘോഷത്തിനിനിടയിൽ അവരെ ഒന്നിച്ചു കാണാൻ കഴിഞ്ഞു.രണ്ടാൾക്കും ഞാൻ ഓരോ ഉമ്മയും കൊടുത്തു. എന്തൊരു മിനുസാന്നറിയ്യോ അവരുടെ കവിളുകൾക്ക്. പെണ്ണുങ്ങളുടെ കവിളുകളേക്കാൾ മിനുസം! വളരെയേറെ കമ്മിറ്റ്മെന്റുള്ള നടന്മാരാണ് രണ്ടാളും. മോഹൻലാൽ ബോൺ ആക്ടറാണ്. സ്വന്തമായി കഷ്ടപ്പെട്ട് നടനായതാണ് മമ്മൂട്ടി. സെൽഫ് മെയ്ഡ് ആക്ടർ. രണ്ടും ഒരുപോലെ ഗംഭീരമാണ്. മോഹൻലാൽ, ഒരു സെക്കൻഡുകൊണ്ട് അയാളുടെ ഭാവങ്ങളൊക്കെ മാറും. അതിനുള്ള അസാമാന്യമായ കഴിവുണ്ട്അയാൾക്ക്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ഞാൻ കണ്ടിട്ടുണ്ട്. വിടർന്നു വരുന്ന ഒരുപുഷ്പം പോലെയായിരുന്നു അയാളുടെ അനുഭവം. രണ്ടാളുടെ കുടുംബത്തെ കുറിച്ചും എനിക്ക് അറിയാം.

മമ്മൂട്ടിയുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അയാളുടെ ബാപ്പ മരിച്ച സമയത്താണ്. അടയ്ക്കാ കൃഷിയൊക്കെയുള്ള സാധാരണ കുടുംബമാണ് മമ്മൂട്ടിയുടേത്. പുറത്ത് കുറേ ജാഡയൊക്കെ കാണിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു പച്ചപ്പാവമാണ് മമ്മൂട്ടി. വീട്ടിലൊക്കെ പോയാൽ അത് മനസ്സിലാകും. പാവം ഒരു സാധാരണ മനുഷ്യൻ. അയാൾ ഇത്രനല്ല അഭിനേതാവാൻ തന്നെ കാരണം ഈ കുടുംബ പശ്ചാത്തലവും സിംപ്ലിസിറ്റിയുമാണ്.

മോഹൻലാൽ പക്ഷേ വലിയൊരു കുടുംബപശ്ചാത്തലത്തിൽ വളർന്ന ആളാണ്. ഫിനാൻസ് സെക്രകട്ടറിയായിരുന്നു അച്ഛൻ. രാത്രി സുഹൃത്തുക്കൾക്ക് റിട്ടയർമെന്റ്് പാർട്ടി കൊടുത്തശേഷവും പിറ്റേന്ന് രാവിലെ പതിവുപോലെ അദ്ദേഹം ഓഫീസിലേക്ക് പോയി. അത്രകണ്ട് കമ്മിറ്റ്മെന്റായിരുന്നു അദ്ദേഹത്തിന് ജോലിയോട്. അങ്ങനെയൊരു വലിയ അച്ഛന്റെ മകനാണ് അയാൾ. അമ്മയും നല്ല വിദ്യഭ്യാസവും സംഗീതവുമൊക്കെ ഉള്ള ആളാണ്. നല്ല ഗ്രേസുള്ള നടനാണ് മോഹൻലാൽ. നല്ല വായന. ഒരുപാട് സൗഹൃദങ്ങൾ. എല്ലാവരേയുംം ഇഷ്ടമാണ്. എന്റെ സുഹൃത്തുക്കളെ കാണുമ്പോൾ അയാൾ ചോദിക്കും 'പുനത്തിലിനെ കാണാറുണ്ടോ? ഏത് കാമുകിയാണ് ഇപ്പോൾ കൂടെയുള്ളത്? എന്നൊക്കെ.

നേരെ മറിച്ചാണ് മമ്മൂട്ടി. കുറച്ച് കടുംപിടുത്തക്കാരനാണ്. വിട്ടുകളിക്കില്ല. ചതുരംഗക്കള്ളിയിൽ ജീവിക്കുന്നയാളാണ്. ആസാദിന്റെ 'വിൽക്കാനുണ്ട് സ്വപ്നങ്ങളുടെ' ലൊക്കേഷനിൽ ഞാൻ പോയിരുന്നു. എം ടി. വിളിച്ചിട്ടു പോയതാണ്. നല്ലസുന്ദരൻ ചെക്കനായിരുന്നു അന്ന് മമ്മൂട്ടി. ഷൂട്ടിങിനിടെ സുകുമാരൻ മമ്മൂട്ടിയെ വിരട്ടുന്നതു കണ്ട് എം ടി. സുകുമാരനെഅടുത്തേക്കു വിളിച്ചു. എന്നിട്ടു പറഞ്ഞു, 'നീയിങ്ങനെ വിരട്ടാതെ. പുതിയ ആളല്ലേ. കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്ക്...'

'യവനിക' കണ്ടപ്പോഴാണ് മമ്മൂട്ടിയുടെ അഭിനയം എന്നിൽ മതിപ്പുളവാക്കുന്നത്. നായകനാന്നുമല്ല അയാളതിൽ. പക്ഷേ ആ സിനിമ കാണുമ്പേൾ ജേക്കബ് ഈരാളിയെന്ന പൊലീസുകാരനെ നമ്മൾ ശരിക്കും ഇഷ്ടപ്പെട്ടുപോകും.