കൊച്ചി: നിർണായക മത്സരത്തിൽ സ്വന്തം മൈതാനത്ത് പൂണെയോട് തോറ്റ് തുന്നംപാടി കേരളാ ബ്ലാസ്റ്റേഴ്‌സ്. പിണങ്ങി നിൽക്കുന്ന ആരാധകരെ തിരിച്ചു കൊണ്ടു വരണമായിരുന്ന കേരളത്തിന് പോയിന്റിൽ ബ്ലാസ്‌റ്റേഴിസനെക്കാലും താഴെ നിന്ന പൂണെയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടാനായിരുന്നു വിധി. ഇതോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകളും ഏറെക്കുറെ അസ്തമിച്ചു. 11 കളികൾ പൂർത്തിയാക്കിയ കേരളത്തിന് 9 പോയിന്റാണ് ഉള്ളത്. ഹോം മത്സരത്തിൽ ഒന്നിൽപ്പോലും ജയിക്കാനായില്ലെന്ന ദുർവിധി ഇനിയും തുടരും.

പൂണെയാണ്് മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത്. മികച്ച നീക്കങ്ങൾ നടത്താനും ഗോൾ ഷോട്ടുകൾ ഉതിർക്കാനും പൂണെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേർസിനെ പിന്നിലാക്കാനും അവർക്ക് കഴിഞ്ഞു. എന്നാൽ ബ്ലാസ്റ്റേർസിന് പൂണെയുടെ പ്രതിരോധ കോട്ട തകർക്കാനായില്ല. മുന്നേറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും ബോൾ ഗോളാക്കുന്നതിൽ മഞ്ഞപ്പട തീർത്തും പരാജയപ്പെടുകയാണ് ഉണ്ടായത്. അവസാന നിമിഷങ്ങളിൽ ജിംഗൻ നടത്തിയ മുന്നേറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് കാര്യമായി ഒന്നും സംഭവിച്ചില്ല. ലഭിച്ച 12 കോർണറുകളും കേരളം പാഴാക്കി.

കഴിഞ്ഞ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കളി ബഹിഷ്‌കരിച്ച ആരാധകർ ഇന്നും മുഖം തിരിച്ചാണ് ഇരിക്കുന്നത്. കസേരകൾ ഏറെയും ഒഴിഞ്ഞ് കിടന്നു. ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് കേരള ബ്ലാസ്റ്റേർസിന്റ ഭാഗഗത്ത് നിന്നുണ്ടായത്. മത്സരത്തിൽ പൂണെയെ വിറപ്പിക്കാൻ സാധിക്കും വിധം ഒരൊറ്റ നീക്കവും മഞ്ഞപ്പോരാളികൾ നടത്തിയില്ല.

കേരള ബ്ലാസ്റ്റേർസിന്റെ പ്രതിരോധ നിരയിലെ വീഴ്ചകൾ മുതലെടുത്ത് തുടർ ആക്രമണം നടത്തിയ മാർസലിനോ 20ാം മിനിട്ടിൽ നേട്ടമുണ്ടാക്കുകയായിരുന്നു. മലയാളി താരം ആഷിഖ് കരുണിയന്റെ ക്രോസ് കൃത്യമായി വലയിലാക്കി പൂണെയെ മുന്നിലെത്തിച്ചിത് മാർസലിനോയാണ്. ധീരജ് സിംഗിന്റെ ഉജ്ജ്വല പ്രകടനത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച മത്സരത്തിൽ. പൂണെയുടെ മിക്ക അവസരങ്ങളും തട്ടി തെറിപ്പിച്ചത് ഈ പതിനെട്ടുകാരനായിരുന്നു. നിലവിൽ ഒരു ജയവും 6 സമനിലയും 4 തോൽവിയുമായി കേരളം 7ാം സ്ഥാനത്താണ് കേരളം. ജയത്തോടെ പൂണെ സിറ്റി 8 പോയിന്റുമായി 8ാം സ്ഥാനത്ത് തുടരുകയാണ്.