- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നഡ നടന്റെ മരണത്തിന് ജീവിത ശൈലിയുമായി ബന്ധമില്ല; വ്യായാമ ശേഷമുണ്ടായ ദേഹാസ്വസ്ഥ്യത്തിന് ശേഷവും രക്തസമ്മർദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് ഡോക്ടർ; താരത്തിന്റെ വിയോഗ ദുഃഖം മാറാതെ കർണ്ണാടക; പൂനീത് രാജ്കുമാറിന് ഇന്ന് അന്ത്യയാത്ര

ബെംഗളൂരു: കന്നഡയുടെ ദുഃഖം തീരുന്നില്ല. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ (46) സംസ്‌കാരം ഇന്ന് തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോസിൽ നടക്കും. അച്ഛൻ കന്നഡ ഇതിഹാസ താരം രാജ്കുമാറും അമ്മ പാർവതമ്മയും അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്. നടന് അന്ത്യാജ്ഞലി അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് ഇപ്പോഴും എത്തുന്നത്.
അതിനിടെ പുനീതിന്റെ പെട്ടെന്നുള്ള മരണത്തെ അദ്ദേഹത്തിന്റെ ജീവിത ശൈലിയുമായി ബന്ധിപ്പിക്കേണ്ടെന്നു കുടുംബ ഡോക്ടർ രമണ റാവു പറഞ്ഞു. വ്യായാമ ശേഷമുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഭാര്യ അശ്വിനിക്കൊപ്പമാണു ക്ലിനിക്കിൽ എത്തിയത്. രക്തസമ്മർദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരുന്നു. ക്ഷീണമുണ്ടെന്ന് ഒരിക്കലും പറയാത്ത പുനീത് അന്ന് അങ്ങനെ പറഞ്ഞുവെന്നും ഡോക്ടർ പറയുന്നു.
സംസ്‌കാരം ഇന്നലെ വൈകിട്ട് നടത്താൻ ഒരുക്കം പൂർത്തിയാക്കിയെങ്കിലും യുഎസിലുള്ള മൂത്ത മകൾ എത്താൻ വൈകി. അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയ വൻ ജനക്കൂട്ടത്തിന്റെ നിര നീണ്ടതു കൂടി കണക്കിലെടുത്താണ് ചടങ്ങ് ഇന്നാക്കിയതെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. രാവിലെ 6 മണിയോടെ വിലാപയാത്ര തുടങ്ങും. 11 മണിക്കകം സംസ്‌കാരച്ചടങ്ങു പൂർത്തിയാക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടു ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് ഇന്നലെയും ഒഴുകിയെത്തിയത്. പലരും ഉറക്കെക്കരഞ്ഞു. ഗവർണർ തവർചന്ദ് ഗെലോട്ട്, തമിഴ്, തെലുങ്ക് താരങ്ങൾ എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നലെ അനൗദ്യോഗികമായി അവധി നൽകി. പ്രിയതാരത്തിന്റെ വേർപാട് താങ്ങാനാകാതെ 2 ആരാധകർ കുഴഞ്ഞുവീണ് മരിച്ചു; 2 പേർ ജീവനൊടുക്കി.
തങ്ങളുടെ 'അപ്പു'വിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാരമെന്ന് മന്ത്രി ആർ.അശോക അറിയിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.
സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമ്മാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തു. അമ്മ: പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത. രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.
രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 'ബെട്ടദ ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. 2002 ൽ 'അപ്പു' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി.
അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം 'മൈത്രി' എന്ന സിനിമയിലും അഭിനയിച്ചു. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.


