ബംഗളുരു: കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ 'പവർ സ്റ്റാർ' പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്.

7.30ന് ആണു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബെംഗളൂരുവിൽ എത്തിയത്. പുനീതിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് കുടുംബം സംസ്‌കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രിമാരായ യെദ്യുരപ്പ, സിദ്ധരാമയ്യ, മന്ത്രിമാർ, ജൂനിയർ എൻടിആർ, പ്രഭു ദേവ, യെഷ്, രശ്മിക മന്താന, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും പങ്കെടുത്തു.

ആൾക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്‌കാരചടങ്ങ് നടത്തിയതെങ്കിലും വീഡിയോകളിൽ വൻ ജനക്കൂട്ടം കാണുന്നുണ്ടായിരുന്നു. കണ്ഠീരവ സ്റ്റുഡിയോയുടെ സമീപത്തുള്ള വീടുകളിലെ ടെറസുകളിലും മരച്ചില്ലകളിലുമെല്ലാമായി നിരവധി ആരാധകർ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് വേണ്ടി നിൽക്കുന്നുണ്ടായിരുന്നു.തിങ്കളാഴ്ച വരെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടകയിൽ.

ബാലതാരമായി അഭിനയിച്ചത് കൂട്ടിയാലും അൻപതിൽ താഴെ ചിത്രങ്ങൾ മാത്രമാണ് പുനീത് അഭിനയിച്ചത്, എന്നിട്ടും ഈ തലമുറ സാൻഡൽവുഡ് താരങ്ങളിൽ മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടാൻ പുനീതിന് സാധിച്ചിരുന്നു. എക്കാലത്തെയും വലിയ കന്നഡ സൂപ്പർതാരം രാജ്കുമാറിന്റെ മകൻ എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു രണ്ട് കാരണങ്ങൾ. എന്നാൽ പ്രേക്ഷകരുടെ ഈ പ്രീതിക്ക് പിന്നിൽ മൂന്നാമതൊരു കാരണം കൂടി ഉണ്ടായിരുന്നു. സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം, കാരുണ്യ പ്രവർത്തനങ്ങൾക്കായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെക്കാൻ മടി കാട്ടാതിരുന്ന ആളായിരുന്നു പുനീത് രാജ്കുമാർ.

കോവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കർണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കൻ കർണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നൽകി. നടൻ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകൻ എന്ന നിലയിൽ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് വർഷങ്ങൾക്കു മുൻപ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നൽകുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകൾ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

അച്ഛൻ ഡോ: രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങൾ അദ്ദേഹം നൽകിയിരുന്നു. സ്‌കൂളുകൾക്കൊപ്പം അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കു വേണ്ടിയും അദ്ദേഹം സഹായം നൽകിയിട്ടുണ്ട്. കാരുണ്യ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ക്യാംപെയ്‌നുകളുടെയും ഭാഗമായിട്ടുണ്ട് പലപ്പോഴും പുനീത്. കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2013ൽ സർവ്വശിക്ഷാ അഭിയാന്റെ അംബാസഡർ ആയിരുന്നു അദ്ദേഹം. മരിക്കുമ്പോഴും തന്റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്കുമാർ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേർക്ക് കാഴ്ച പകർന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്റെ മടക്കം.