തോക്കിന്മുനയിൽ ബലാൽസംഗത്തിനിരയായ 19-കാരിക്ക് പാക്കിസ്ഥാനിൽ വധശിക്ഷ. തന്റെ അർധസഹോദരികൂടിയായ യുവതിയെ ബലാൽസംഗം ചെയ്ത യുവാവിന് ശിക്ഷയുമില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കാപ്പ് പഞ്ചായത്ത് എന്ന ഗ്രാമക്കോടതിയുടെ വിചിത്രമായ ശിക്ഷാവിധി. പെൺകുട്ടിക്ക് അവളെ ബലാൽസംഗം ചെയ്ത യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഗ്രാമക്കോടതി ശിക്ഷ വിധിച്ചത്.

ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള രജൻപുരിലാണ് സംഭവം. ഷുമൈല എന്ന പെൺകുട്ടിയെ കൊല്ലാനാണ് ഗ്രാമക്കോടതിയുടെ വിധി. കോടതി വിധിയറിഞ്ഞ ഷുമൈല ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ട് വിവരം പൊലീസിനെ ധരിപ്പിച്ചു. തനിക്ക് അർധസഹോദരൻ ഖലീൽ അഹമ്മദുമായി യൊതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും വീട്ടിൽ# ഉറങ്ങിക്കിടക്കുമ്പോൾ തന്റെയടുത്തെത്തിയ ഖലീൽ, തോക്കുചൂണ്ടി തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

തോക്കിന്മുനയിലായിരുന്നതുകൊണ്ടാണ് തനിക്ക് ശബ്ദമുയർത്താൻ സാധിക്കാതിരുന്നതെന്ന ഷുമൈലയുടെ വാദം ഗ്രാമക്കോടതി അംഗീകരിച്ചിരുന്നില്ല. താൻ അറിഞ്ഞുകൊണ്ടുതന്നെ ഖലീലുമൊത്ത് കിടക്ക പങ്കിട്ടുവെന്നാണ് ഗ്രാമക്കോടതി വിലയിരുത്തിയതെന്നും അവർ പൊലീസിനോട് പറഞ്ഞു. തന്റെ ജീവിതം അപകടത്തിലാണെന്ന് പറഞ്ഞ ഷുമൈല, പൊലീസിനോട് അഭയം അഭ്യർത്ഥിച്ചു. ഷുമൈലയെ കല്ലെറിഞ്ഞുകൊല്ലാനാണ് ഗ്രാമക്കോടതിയുടെ വിധി.

ഫാസിൽപ്പുർ പൊലീസ് സ്‌റ്റേഷൻ അധികൃതർ പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്സെടുത്തു. ഷുമൈലയെ രജൻപുരിലെ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള ശിക്ഷാവിധികൾ പാക്കിസ്ഥാനിലെ ഗ്രാമങ്ങളിൽ ഇപ്പോഴും നിർബാധം തുടരുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.