മെൽബൺ: മുൻ യുകെ മലയാളിയും ക്‌നാനായ നേതാവും ഓസ്‌ട്രേലിയയിലെ മാണി ഗ്രൂപ്പ് നേതാവുമായ റെജി പാറക്കലിനെ തട്ടിപ്പുകേസിൽ ശിക്ഷിച്ച് ഓസ്‌ട്രേലിയൻ കോടതി. ക്രെഡിറ്റ് കാർഡ് തട്ടിപ്പിന്റെ പേരിൽ കേസ് 4000 ഡോളർ പിഴയിട്ട കോടതി നല്ലനടപ്പ് ശിക്ഷയും വിധിച്ചു.

വീണുകിട്ടിയ മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിരവധിതവണ റെജി പാറയ്ക്കൽ ഷോപ്പിങ് നടത്തിയെന്ന് കണ്ടതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഓസ്‌ട്രേലിയയിലെ പ്രവാസി കേരളാ കോൺഗ്രസ് നേതാവും ഓസ്‌ട്രേലിയ ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റുമാണ്് ക്‌നാനായ നേതാവു കൂടിയായ റെജി മാത്യു പാറയ്ക്കൽ. നാലായിരം ഡോളർ പിഴ അടയ്ക്കാനും ഒരു വർഷത്തെ നല്ല നടപ്പുമാണ് റിങ് വുഡ് കോടതി ശിക്ഷ വിധിച്ചത്.

മുൻ യുകെ മലയാളിയും ക്‌നാനായ നേതാവുമായ റെജി മാത്യു പാറയ്ക്കൽ ഒരു ഓസ്‌ട്രേലിയൻ സ്വദേശി മറന്നു വച്ച ക്രെഡിറ്റ് കാർഡ് എടുത്ത് ഉപയോഗിക്കുകയായിരുന്നു. കാർഡിന്റെ പേപാസ്സ് എന്ന ആനുകൂല്യത്തിലൂടെ ആയിരുന്നു കാർഡിലെ പണം ഉപയോഗിച്ചത്. നൂറു ഡോളറിന് താഴെയുള്ള പല കടകളിലും ഹംഗറിജാക്‌സ്, മാക്കേഴ്‌സ്, മറ്റ് ഹോട്ടലുകൾ എന്നിവിടങ്ങളിലും ഷോപ്പിംഗും ബില്ല് അടയ്ക്കുന്നതിനും എല്ലാം ഉപയോഗിച്ചതിനാണ് കോടതി ശിക്ഷിച്ചത്.

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഓസ്‌ട്രേലിയൻ പൗരൻ ഉടൻ റോവിൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ ഇടങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിനുള്ള തെളിവും ലഭിച്ചു. തുടർന്നാണ് തെളിവു സഹിതം റെജി മാത്യു പാറയ്ക്കൽ കുടുങ്ങുന്നത്. ഈ തെളിവുകൾ എല്ലാം അടക്കം റിങ് വുഡ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

റെജി മാത്യു പാറയ്ക്കലിനെതിരെ മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്. വിധി പകർപ്പിൽ ബെർവിക്കിലും ഡാൻഡിനോംഗിലും പല സ്ഥലങ്ങളിൽ ഈ മോഷ്ടിച്ച കാർഡ് ഉപയോഗിച്ചതായി പറയുന്നുണ്ട്.