ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെയാണ് പഞ്ചാബിൽ ഇക്കുറി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പു ഗോദയിൽ സജീവമായതു തന്നെ. തീരുമാനമെല്ലാം ജനങ്ങളുടേതാണെന്ന് വരുത്താൻ വേണ്ട കരുതലുകൾ എല്ലാം ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിദ് കെജ്രിവാൾ എടുത്തിരുന്നു. അതാണ് ഇത്ര വലിയ വിജയം ആംആദ്മിക്ക് നൽകുന്നത്.

പഞ്ചാബിൽ മത്സരം കോൺഗ്രസും ആംആദ്മിയും തമ്മിലാണെന്ന പ്രതീതി ഉയർത്തി. അകാലിദള്ളിന് പ്രസക്തിയില്ലെന്നും വരുത്തി. അമരീന്ദർ ബിജെപിക്കൊപ്പം പോയതോടെ കർഷക വികാരവും ആംആദ്മിക്ക് തുണയായി. ആപ്പ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചത് അടക്കം സൂക്ഷമതയോടെയായിരുന്നു. ഭഗവന്ത് മൻ സിങ് എന്ന ജനകീയനായ നേതാവിനെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ജനങ്ങൾക്കിടയിൽ സർവേ നടത്തിയ ശേഷമായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ഈ പ്രഖ്യാപനം തന്നെ പഞ്ചാബ് രാഷ്ട്രീയത്തെ മാറ്റിമറിച്ചു.

പ്രചണത്തിന് മുമ്പ് ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചതെന്നു ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 3% പേർ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ നിർദേശിച്ചുവെന്നതു കൗതുകം. ഇതിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടി ഛന്നിയെ ചന്നഭിന്നമാക്കാനും കഴിഞ്ഞു. പഞ്ചാബിൽ മറ്റു ചിലർ അരവിന്ദ് കേജ്രിവാൾ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞതും ചർച്ചകളിൽ എത്തി. ഈ വോട്ടുകളെ അസാധുവായി പ്രഖ്യാപിച്ചാണ് ഭഗവന്തിനെ പ്രഖ്യാപിച്ചത്. അതായത് കെജ്രിവാളിന് മുകളിൽ പഞ്ചാബിൽ ജനകീയനായിരുന്നു ഭഗവന്ത്.

നേരത്തെ തന്നെ ഈ പേരിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കമെങ്കിലും നാടകീയമായിട്ടാണ് പഞ്ചാബിൽ തങ്ങളുടെ മുഖ്യമന്ത്രി മുഖമായി ഭഗവന്തിനെ ആം ആദ്മി അവതരിപ്പിച്ചത്. 21 ലക്ഷം പേർ അഭിപ്രായം അറിയിച്ചുവെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 117 അംഗ നിയമസഭയിൽ 77 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി. ഇതും ആപ്പിന്റെ കുതിപ്പിന് കാരണമായി.

ചില്ലറക്കാരനല്ല ആം ആദ്മിയുടെ നിയുക്ത മുഖ്യമന്ത്രി. ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് 2014 മുതൽ സഗ്രൂരിൽനിന്നുള്ള ലോക്സഭാംഗമാണ്. രണ്ടു തിരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം. രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമീഡിയനായും തിളങ്ങി. ലോക്സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതു പലപ്പോഴും വിവാദങ്ങളുണ്ടാക്കി. 2019ൽ, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു.

ജാട്ട് നേതാവ് എന്ന നിലയിൽ താഴെ തട്ട് വരെയുള്ള സ്വാധീനമുണ്ട് ഭഗവന്ത് മന്. മികച്ച പ്രാസംഗികൻ തുടങ്ങിയവ ഭഗവന്ത് മന് ഗുണകരമായി. മദ്യപാനി എന്ന ആരോപണവും നിലവിലെ മുഖ്യമന്ത്രി ചരൻ ജിത് ഛന്നി അടക്കമുള്ളവരെ അപേക്ഷിച്ചും മൻവാർത്തകളിൽ ഇടംപിടിച്ചിരുന്നു.