മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാമക്കി. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ 54 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. ജയത്തോടെ പഞ്ചാബിന് 12 മത്സരങ്ങളിൽ 12 പോയിന്റായി. ആറാം സ്ഥാനത്താണ് അവർ. ഒരു മത്സരം മാത്രം ശേഷിക്കുന്ന ബാംഗ്ലൂരിന് 14 പോയിന്റുണ്ട്.ഇതോടെ അവസാന മത്സരം ബാംഗ്ലൂരിന് നിർണ്ണായകമായി.ഒപ്പം മറ്റു ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കേണ്ടി വരും.

പഞ്ചാബ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 22 പന്തിൽ 35 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.രജത് പട്ടീദാർ (21 പന്തിൽ 26), വിരാട് കോലി (14 പന്തിൽ 20), ദിനേഷ് കാർത്തിക്ക് (11 പന്തിൽ 11), ഹർഷൽ പട്ടേൽ (ഏഴു പന്തിൽ 11) എന്നിവരാണു ബാംഗ്ലൂരിന്റെ മറ്റു പ്രധാന സ്‌കോറർമാർ.

പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്‌ത്തി. ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി വഴങ്ങിയ ബാംഗ്ലൂർ നാലാമതുണ്ട്.ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. പഞ്ചാബിനായി ഓപ്പണർ ജോണി ബെയർ‌സ്റ്റോ (29 പന്തിൽ 66), ലിയാം ലിവിങ്സ്റ്റൺ (42 പന്തിൽ 70) എന്നിവർ അർധസെഞ്ചറി തേടി.

മികച്ച തുടക്കമാണു ബെയർ‌സ്റ്റോയും ശിഖർ ധവാനും പഞ്ചാബിനു നൽകിയത്. 60 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. തകർത്തടിച്ച ബെയർ‌സ്റ്റോ 21 പന്തിൽ 50 തികച്ചു. ഏഴ് സിക്‌സും നാലു ഫോറും അടങ്ങുന്ന പ്രകടനമായിരുന്നു ബെയർ‌സ്റ്റോയുടേത്. 15 പന്തുകൾ നേരിട്ട ധവാൻ 21 റൺസെടുത്തു പുറത്തായി.ഭനുക രാജപക്‌സെ ഒരു റൺസ് മാത്രമെടുത്തു പുറത്തായി. ബെയർ‌സ്റ്റോ മടങ്ങിയപ്പോഴും ലിയാം ലിവിങ്സ്റ്റൺ ഒരു ഭാഗത്ത് ഉറച്ചു നിന്നു.

പക്ഷേ ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (16 പന്തിൽ 19), ജിതേഷ് ശർമ (അഞ്ച് പന്തിൽ ഒൻപത്), ഹർപ്രീത് ബ്രാർ (അഞ്ച് പന്തിൽ ഏഴ്) എന്നിവർക്കു ബാറ്റിങ്ങിൽ തിളങ്ങാനായില്ല. എങ്കിലും രണ്ട് വിദേശതാരങ്ങളുടെ അർധസെഞ്ചറിക്കരുത്തിൽ പഞ്ചാബ് 200 കടന്നു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ നാലു വിക്കറ്റുകൾ സ്വന്തമാക്കി. ഹസരംഗ രണ്ടും മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.