ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ സംഗ്രൂരിൽ നിന്നുള്ള വിവാദ എംപി ഭഗവത് മൻ നയിക്കും. മൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുമെന്നാണു ലഭിക്കുന്ന സൂചന. ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.

മുതിർന്ന അഭിഭാഷകരായ എച്ച്.എസ് ഫൂൽക്ക, ഹിമ്മത് സിങ് ഷെർഗിൽ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഹർജോത് സിങ് ബെയ്ൻസ് ഷാഹ്നെവാൾ, സങ്കോത് സിങ് സലാന, അമർജീത് സിങ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. സുൽത്താൻപൂർ ലോധിയിൽ മുൻ ഒളിംപ്യൻ കൂടിയായ സജ്ജൻ സിങ് ചീമ മത്സരിക്കും. ലുധിയാന വെസ്റ്റിൽ അഹ്ബാബ് സിങ് ഗ്രെവാലാണ് മത്സരിക്കുന്നത്.