ന്യൂഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചു കൊണ്ടാണ് മോദി രംഗത്തെത്തിയത്. പഞ്ചാബിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിമർശനം. ആം ആദ്മി പുറത്തുനിന്നുള്ളവരാണെന്നും അവരെ പഞ്ചാബിലെ ഭരണം ഏൽപ്പിക്കരുത് എന്നുമാണ് മോദി തെരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞത്. ബിജെപി-അകാലിദൾ സംഖ്യം അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കുഴപ്പത്തിലാകുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം കെജ്രിവാൾ പ്രാചരണം നടത്തിയ മാൽവയിൽ നടന്ന റാലിയിലാണ് മോദിയുടെ ആക്രമണം. പഞ്ചാബിന്റെ ചെലവിൽ സ്വന്തം ലോകം സൃഷ്ടിക്കാൻ സ്വപ്‌നം കാണുന്നവരാണ് അവർ. അത്തരം സ്വപ്‌നവുമായി വരുന്നവരെ ഡൽഹിക്ക് തന്നെ തിരിച്ചയക്കണം. വോട്ടിനായി അവരെത്തുപോൾ ആദ്യം ജയിച്ച ഡൽഹിയിൽ എന്ത് ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന് ചോദിക്കണണെന്നും മോദി നിർദേശിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മിയുടെയും പേരെടുത്തു പറയാതെ സൂചനകളിലൂടെയായിരുന്നു മോദിയുടെ പരമാർശങ്ങളെല്ലാം.

'ഡൽഹിയിൽ അവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടോയെന്ന് ജനങ്ങളാണ് ചോദ്യം ചെയ്യേണ്ടത്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിൽ അവർ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വങ്ങൾ ആദ്യം അവരോട് നിറവേറ്റാൻ പറയൂ' മോദി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ദേശീയതയും ഇന്ത്യയുടെ സുരക്ഷയും മുൻനിർത്തിയുള്ള പരാമർശങ്ങളും മോദി ആം ആദ്മിക്കെതിരായി നിരത്തി.

'ഇന്ത്യയെ തകർക്കാനായി പഞ്ചാബിനെ ഉപയോഗിക്കാൻ തക്കം പാർത്തിരിക്കുകയാണ് പാക്കിസ്ഥാൻ.പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഒരു സർക്കാരിനെ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പഞ്ചാബിന്റെ വിധി മാത്രമല്ല നിർണ്ണയിക്കുന്നത് പകരം ഇന്ത്യയെന്ന മുഴുവൻ രാജ്യം ആ തീരുമാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു', മോദി പറയുന്നു.

ആർഭാട ജീവിതം നയിക്കുന്നവരുടെയും പുറംനാട്ടിൽ നിന്നുള്ളവരുടെയും സർക്കാരുകൾ അധികാരത്തിലേറിയാൽ പഞ്ചാബിലെ ജനങ്ങൾ മാത്രമല്ല അതിന്റെ ഭവിഷ്യത്തനുഭവിക്കുന്നതെന്നും പകരം രാഷ്ട്രം മുഴുവൻ അതിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരുമെന്നും മോദി പറഞ്ഞു. ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ആം ആദമി പാർട്ടി പഞ്ചാബിൽ നേട്ടം കൊയ്യുമെന്ന വിലയിരുത്തലുകളുണ്ട്. ആം ആദ്മിയെ ഉന്നം വച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ ഈ വിലയിരുത്തലുകൾ ശരിവെക്കുന്നു.