- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ.ജി എ.പി.എസ്. ഡിയോളിന്റെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ
ചണ്ഡീഗഢ്: പി.സി.സി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ നവജോത് സിങ് സിദ്ദു മുന്നോട്ട് വച്ച ഉപാധി അംഗീകരിച്ച് പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജി ചരൺജിത് സിങ് ഛന്നി സർക്കാർ അംഗീകരിച്ചു.
നേരത്തെ പഞ്ചാബ് പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച സിദ്ദു, തീരുമാനം പിൻവലിക്കണമെങ്കിൽ സംസ്ഥാന ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു. സിദ്ദു, പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവന്നതിനു പിന്നാലെയാണ് അഡ്വക്കേറ്റ് ജനറൽ ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചത്.
' കോൺഗ്രസ് പ്രസിഡന്റിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോരാളി, അവന്റെ രാജി പിൻവലിച്ചിരിക്കുകയാണ്. എന്നാൽ പുതിയ ഡി.ജി.പിയെയും അഡ്വക്കേറ്റ് ജനറലിനെയും കിട്ടുന്ന ദിവസം മാത്രമേ ഞാൻ ചുമതല ഏറ്റെടുക്കുകയുള്ളൂ' - എന്നായിരുന്നു കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് സിദ്ദു പ്രതികരിച്ചത്. സത്യത്തിന്റെ പാതയിലാണ് നിങ്ങളെങ്കിൽ, പദവി ഒരു വിഷയമേ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ചയാണ് ഡിയോൾ അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചതായി ചരൺജിത് സിങ് ഛന്നി അറിയിച്ചത്.
ന്യൂസ് ഡെസ്ക്