മുംബൈ: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ 181 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ ഇന്നിങ്‌സ് 126 റൺസിൽ അവസാനിച്ചു. 57 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ചെറുത്തുനിന്നത്. രാഹുൽ ചാഹർ മൂന്ന് വിക്കറ്റെടുത്തു. ലിയാം ലിവിങ്സ്റ്റൺ, വൈഭവ് അറോറ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ലിയാം ലിവിങ്സ്റ്റണിന്റെ (32 പന്തിൽ 60) ഇന്നിങ്സാണ് തുണയായത്. ക്രിസ് ജോർദാൻ, ഡ്വെയ്ൻ പ്രിട്ടോറ്യൂസ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഈ സീസണിൽ കളിച്ച മൂന്നാമത്തെ കളിയിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകളോടാണ് ചെന്നൈ ഇതുവരെ തോറ്റത്. മറുവശത്ത് മൂന്നു കളികളിൽനിന്ന് പഞ്ചാബിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ച പഞ്ചാബ്, രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടു തോറ്റിരുന്നു.

181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് അൽപമെങ്കിലും പ്രതീക്ഷ നൽകിയത് അർധസെഞ്ചുറി നേടിയ ശിവം ദുബെ മാത്രമാണ്. കൂട്ടത്തകർച്ചയ്ക്കിടയിലും തകർത്തടിച്ചു മുന്നേറിയ ദുബെ 30 പന്തിൽ ആറു ഫോറും മൂന്നു സിക്‌സും സഹിതം 57 റൺസെടുത്തു. ഒരു ഘട്ടത്തിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ദുബെയുടെ കടന്നാക്രമണം. ആറാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും ദുബെയ്ക്കായി. 44 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 62 റൺസ്.

ധോണി 28 പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 23 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ ചെന്നൈ നിരയിൽ രണ്ടക്കം കണ്ടത് 10 പന്തിൽ 13 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പ, 21 പന്തിൽ 13 റൺസെടുത്ത അമ്പാട്ടി റായുഡു എന്നിവർ മാത്രം. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (1) ഒരിക്കൽക്കൂടി പരാജയമായി. മൊയീൻ അലി (0), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (0), ഡ്വെയ്ൻ ബ്രാവോ (0), ഡ്വെയ്ൻ പ്രിട്ടോറിയസ് (8), ക്രിസ് ജോർദാൻ (5) എന്നിവരും നിരാശപ്പെടുത്തി.

പഞ്ചാബിനായി രാഹുൽ ചാഹർ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ അരങ്ങേറ്റ താരം വൈഭവ് അറോറയുടെ പ്രകടനം ശ്രദ്ധേയമായി. ബാറ്റുകൊണ്ട് തിളങ്ങിയ ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്‌ത്തി. കഗീസോ റബാദ, അർഷ്ദീപ് സിങ്, ഒഡീൻ സ്മിത്ത് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

മൂന്നാം മത്സരത്തിലും ഗെയ്കവാദ് തന്റെ മോശം ഫോം തുടരുന്ന കാഴ്‌ച്ചയാണ് കണ്ടത്. നേരിട്ട നാലാം പന്തിൽ തന്നെ താരം പുറത്തായി. റബാദയുടെ പന്തിൽ ശിഖർ ധവാന് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ ഉത്തപ്പയും മടങ്ങി. വൈഭവിന്റെ പന്തിൽ എഡ്ജായ പന്ത് മിഡ് ഓഫിൽ പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ കൈകളിലേക്ക്. മൊയീൻ അലിയും വൈഭവിന്റെ മുന്നിൽ കീഴടങ്ങി. ഓഫ്സ്റ്റംപിന് ഏറെ പുറത്തുപോയ പന്ത് ബാറ്റിന്റെ കീഴ് ഭാഗത്ത് തട്ടി സ്റ്റംപിലേക്ക്. അർഷ്ദീപ് സിംഗിന്റെ പന്തിൽ ക്യാപറ്റൻ രവീന്ദ്ര ജഡേജയും മടങ്ങി (0). തുടർന്ന് ക്രീസിലെത്തിയ ദുബെയാണ് ചെന്നൈയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

30 പന്ത് നേരിട്ട് താരം 57 റൺസ് അടിച്ചെടുത്തു. എം എസ് ധോണിക്കൊപ്പം (23) 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ലിവിംസ്റ്റണിന്റെ പന്തിൽ താരം പുറത്തായി. തൊട്ടടുത്ത പന്തിൽ ഡ്വെയ്ൻ ബ്രാവോയും (0) മടങ്ങി. അടുത്ത ഓവറിൽ പ്രിട്ടോറ്യൂസ് രാഹുൽ ചാഹറിന് വിക്കറ്റ് സമ്മാനിച്ചു. ചാഹറിന്റെ അടുത്ത ഓവറിൽ ധോണിയും മടങ്ങി. അതേ ഓവറിന്റെ അവസാന പന്തിൽ ക്രിസ് ജോർദാനെ (5) പുറത്താക്കി പഞ്ചാബ് വിജയം ആഘോഷിച്ചു. മുകേഷ ചൗധരി (2) പുറത്താവാതെ നിന്നു.

മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ പഞ്ചാബിന് മായങ്കിനെ നഷ്ടമായി. ചൗധരിയുടെ പന്തിൽ റോബിൻ ഉത്തപ്പയ്ക്ക് ക്യാച്ച്. ക്രിസ് ജോർദാൻ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ രജപക്സ റണ്ണൗട്ടായി. വിക്കറ്റ് കീപ്പർ ധോണിയുടെ കൃത്യമായ ഇടപെടലാണ് രജപക്സയെ പുറത്താക്കിയത്. എന്നാൽ ക്രീസിൽ ധവാനൊപ്പം ചേർന്ന ലിവിങ്സ്റ്റൺ പഞ്ചാബിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും 95 റൺസ് കൂട്ടിചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ പഞ്ചാബിന് ഇരുവരേയും നഷ്ടമായി.

ധവാനെ (33) ബ്രാവോ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറിൽ ലിവിങ്സ്റ്റൺ ജഡേജയ്ക്ക് തന്നെ വിക്കറ്റ് നൽകി. ധവാന് പകരം ക്രീസിലെത്തിയ ജിതേഷ് ശർമ (17 പന്തിൽ 26) അൽപനേരം പിടിച്ചു. എന്നാൽ ഡ്വെയ്ൻ പ്രിട്ടോറ്യൂസ് ബ്രേക്ക്ത്രൂ നൽകി. ദക്ഷിണാണാഫ്രിക്കൻ താരത്തിന്റെ പന്തിൽ ജിതേഷ് ഉത്തപ്പയ്ക്ക് ക്യാച്ച് നൽകി.

കൂറ്റനടിക്കാരൻ ഷാരുഖ് ഖാൻ (6) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ക്രിസ് ജോർദാന് വിക്കറ്റ്. തന്റെ അവസാന ഓവറിൽ ഒഡെയ്ൻ സ്മിത്തിനെ (3) കൂടി പുറത്താക്കി ജോർദാൻ പഞ്ചാബിനെ ബാക്ക്ഫൂട്ടിൽ നിർത്തി. എട്ട് പന്തിൽ 12 റൺസ് നേടിയ രാഹുൽ ചാഹർ വാലറ്റത്ത് നിർണായക സംഭാവന നൽകി.

ചെന്നൈ ഒരു മാറ്റം വരുത്തിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. തുഷാർ ദേഷ്പാണ്ഡെയ്ക്ക് പകരമാണ് ജോർദാൻ ടീമിലെത്തിയത്. പഞ്ചാബിൽ രണ്ട് മാറ്റങ്ങളുണ്ട്. ഹർപ്രീത് ബ്രാർ, രാജ് ബാവ എന്നവർ പുറത്തായി. വൈഭവ് അറോറ, ജിതേഷ് ശർമ എന്നിവരാണ് പകരക്കാർ.

ആദ്യ ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും പൂണെ സൂപ്പർ ജയന്റ്സിനോടാണ് ചെന്നൈ പരാജയപ്പെട്ടത്. പഞ്ചാബിന് ഒരു ജയവും തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്നപ്പോൾ രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് തോറ്റു.