- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർത്തടിച്ച് ലോംറോർ നൽകിയത് 200 മുകളിലെ സ്‌കോർ എന്ന പ്രതീക്ഷ; രാജസ്ഥാന്റെ വാലറ്റത്തെ എറിഞ്ഞിട്ട് പ്രതീക്ഷ തകർത്ത് പഞ്ചാബ് ബൗളർമാർ; പഞ്ചാബിന് 186 റൺസ് വിജയ ലക്ഷ്യം; അർഷ്ദീപിന് 5 വിക്കറ്റ്
ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകൾക്ക് കടിഞ്ഞാണിട്ട് പഞ്ചാബ് ബൗളർമാർ. ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് രാജസ്ഥാനെതിരെ 186 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 185 റൺസിനു എല്ലാവരും പുറത്തായി. മഹിപാൽ ലൊംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും (17 പന്തിൽ 43),ഓപ്പണർ യശസ്വി ജെയിസ്വാൾ (36 പന്തിൽ 49), എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൻ (17 പന്തിൽ 25) എന്നിവരുടെ മികച്ച സംഭാവനയിലും ഒരുഘട്ടത്തിൽ 200 മുകളിലുള്ള സ്‌കോർ രാജസ്ഥാൻ സ്വപ്‌നം കണ്ടിരുന്നു.എന്നാൽ അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ പഞ്ചാബിന്റെ ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു.
പഞ്ചാബിനായി അർഷ്ദീപ് സിങ് 4 ഓവറിൽ 32 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. 4 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും തിളങ്ങി. രാജസ്ഥാനായുള്ള ആദ്യ മത്സരത്തിൽ 21 പന്തിൽ 7 ഫോറും ഒരു സിക്‌സുമടിച്ച ലൂയിസ് ആരാധകരെ രസിപ്പിച്ചതിനു ശേഷമാണു മടങ്ങിയത്. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്.
ഇഷാൻ പോറേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനു ക്യാച്ച് നൽകിയാണു സഞ്ജു പുറത്തായത്. പിന്നാലെ 17 ബോളിൽ 2 ഫോറും ഒരു കൂറ്റൻ സിക്‌സുമടിച്ചു ലിയാം ലിവിങ്സ്റ്റൻ തകർപ്പൻ ഫോം സൂചന നൽകിയതാണ്. എന്നാൽ അർഷ്ദീപിനെ സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിനു സമീപം തകർപ്പൻ ഡൈവിലൂടെ ഫാബിയൻ അലൻ ലിവിങ്സ്റ്റനെ പിടികൂടി. കരുതലോടെ കളിച്ച യുവതാരം യശസ്വി ജെയിസ്വാൾ അർധ സെഞ്ചുറിക്ക് ഒരു റൺ അകലെ വീണത് ആരാധകർക്കു നിരാശയായി. ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്.
എന്നാൽ ദീപക് ഹൂഡ എറിഞ്ഞ 16ാം ഓവറിൽ 2 വീതം സിക്‌സും ഫോറുമടക്കം 24 റൺസ് അടിച്ച് മഹിപാൽ ലോംറോർ രാജസ്ഥാൻ കുതിപ്പിന്റെ വേഗം കൂട്ടി. വെറും 17 പന്തിൽ 4 സിക്‌സും 2 ഫോറും അടക്കം 43 റൺസ് അടിച്ചുകൂട്ടിയ ലോംറോന്റെ വിക്കറ്റും അർഷ്ദീപ് സിങ് തന്നെയാണു വീഴ്‌ത്തിയത്.
പിന്നീടു ഡെത്ത് ഓവറുകളിൽ 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി പഞ്ചാബിനെ മത്സരത്തിൽ തിരികെയെത്തിച്ചു. 19ാം ഓവറിൽ 3 റൺസ് മാത്രം വഴങ്ങിയ ഷമി രാഹുൽ തെവാത്തിയ (2), ക്രിസ് മോറിസ് (5) എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ 200നടുത്ത സ്‌കോർ നേടാമെന്ന രാജസ്ഥാൻ സ്വപ്നവും പൊലിഞ്ഞു.
സ്പോർട്സ് ഡെസ്ക്