ന്യൂഡൽഹി: അസംബ്ലി വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശിലും പഞ്ചാബിലും പോളിങ് അവസാനിച്ചു. മെച്ചപ്പെട്ട പോളിങാണ് പഞ്ചാബിലും യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത്.
ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് പഞ്ചാബിൽ 63 ശതമാനം പേരും ഉത്തർപ്രദേശിൽ 58 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് മെഷീനുകൾ സീൽ ചെയ്ത് ഉദ്യോഗസ്ഥർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് തിരികെ മടങ്ങുകയാണ്.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭാര്യ ഡിമ്പിൾ യാദവ്, എം പി രാം ഗോപാൽ യാദവ് തുടങ്ങിയവർ ഇന്ന് വോട്ട് ചെയ്തു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലകളിൽ ഈക്കുറി കാര്യമായ വർധനവ് വോട്ടിംഗിലുണ്ടായി. കോൺഗ്രസും ആംആദ്മി പാർട്ടിയും ഉയർന്ന വിജയ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

യുപിയിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജനവിധി തേടി. കർഹാലിൽ നിന്നാണ് അഖിലേഷ് മത്സരിച്ചത്. പഞ്ചാബിൽ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.

ഉത്തർപ്രദേശിൽ 57.44 ശതമാനമാണ് അഞ്ച് മണി വരെയുള്ള പോളിങ്. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺ സിങ് ഛന്നിയുടെ മണ്ഡലമായ ഭദൗറിൽ 71.3 ശതമാനമാണ് പോളിങ്. ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്വന്ദ് മന്നിന്റെ മണ്ഡലമായ ധുരിയിൽ 68 ശതമാനവും സുഖ്ബീർ സിങ് ബാദലിന്റെ മണ്ഡലമായ ജലാലാബാദിൽ 71.50 ശതമാനവും പോളിങ് രേഖപ്പെടുത്തി. പ്രകാശ് സിങ് ബാദലിന്റെ മണ്ഡലമായ ലാംബിയിൽ 72.4 ശതമാനമാണ് പോളിങ്. ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ പാട്യാല സിറ്റി മണ്ഡലത്തിൽ 59.50 ശതമാനം പേരാണ് വൈകീട്ട് അഞ്ച് വരെ പോളിങ് രേഖപ്പെടുത്തിയത്.