ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിൽ റോഡു മുറിച്ച് കടക്കുന്നതിനിടെ യുവതികളെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യുവതികളിൽ ഒരാൾ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. യുവതികളെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

 

തിങ്കളാഴ്ച രാവിലെ 8.30 ഓടെ റോഡ് കടക്കുന്നതിനായി ഡിവൈഡറിൽ കാത്തുനിൽക്കുകയായിരുന്നു യുവതികൾ. ഈ സമയത്ത് അമിത വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടറായ അമൃത് പാൽ സിങ്ങാണ് കാർ ഓടിച്ചത്.

അപകടമുണ്ടായെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ കാർ നിർത്താതെ പോയി. കാർ ഷോറൂമിൽ ജോലി ചെയ്യുകയായിരുന്ന നവ്‌ജ്യോത് കൗർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടത്തിനു പിന്നാലെ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.



പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് നവ്‌ജ്യോത് കൗറിന്റെ പിതാവ് തേജിന്ദർ കൗർ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു പ്രദേശവാസികളും പ്രതിഷേധിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.