ന്യൂയോർക്ക്: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് അമേരിക്കയിൽ ഇന്ത്യൻ യുവതി വെന്തുമരിച്ചു. ബ്രൂക്ക്‌ലിൻ ക്യൂൻസ് എക്സ്‌പ്രസ് ഹൈവേയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ ഹർലിൻ ഗ്രെവാൾ (25) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് ഹമീദ് (23) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിലായിരുന്നു ഹർലിൻ യാത്ര ചെയ്തിരുന്നത്. തീപിടിച്ചതിനെ തുടർന്നു ഇയാൾ കാറിൽ നിന്നും ഇറങ്ങി മറ്റൊരു കാറിൽ ആശുപത്രിയിലേക്കു പോയിരുന്നു. ഹർലിനയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു. വാഹനത്തിന്റെ അമിതവേഗം ആണ് അപകടത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തു വച്ചു തന്നെ ഹർലീൻ മരിച്ചു. കൈയ്ക്കും കാലിനും പൊള്ളലേറ്റ ഡ്രൈവർ മൈമോണിഡെസ് മെഡിക്കൽ സെന്ററിലാണ് ചികിത്സ തേടിപ്പോയത്.ബ്രൂക്ക്‌ലിൻ ക്രിമിനൽ കോടതിയിൽ ഇയാളുടെ കേസ് പരിഗണനയിലാണ്. അപകടത്തിനു മുമ്പ് മദ്യപിച്ചിരുന്നതായി വാഹനം ഓടിച്ചിരുന്നയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ രക്ത പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞിട്ടില്ല.