കൊല്ലം: ശബരിമല പോലെ കാലഹരണപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്​ത്​ രാഷ്​ട്രീയ പാർട്ടികൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സംഘടനയുടെ ​ 49ാം സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക വിഭാഗങ്ങളുടെ ഭൂ പ്രശ്​നം ​അടക്കം സാമൂഹിക വിഷയങ്ങൾ നിലനിൽക്കുമ്പോഴാണ്​ ശബരിമല പോലെ കാലഹരണപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്​ത്​ രാഷ്​ട്രീയ പാർട്ടികൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പുന്നല ചൂണ്ടിക്കാട്ടി.പാർലമെൻററി രാഷ്​ട്രീയത്തിലുള്ളവർ അധികാരം നിലനിർത്താൻ വ്യവസ്ഥിതിയോട്​ സമരസപ്പെട്ടാലും കേരള പുലയർ മഹാസഭക്ക്​​ സാമൂഹിക വിപ്ലവത്തിനെ കൈയൊഴിയാനാകില്ലെന്നും​ പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രസക്തമല്ല. നവോത്ഥാന സമിതിയുടെ ഭാഗമായി തുടർന്ന്​ പ്രവർത്തിക്കാൻ കഴിയാതെ വന്നാലും പരിഷ്​കരണ മുദ്രാവാക്യവുമായി കെ.പി.എം.എസ്​ മുന്നോട്ടുപോകും. മുന്നാക്ക സംവരണം നടപ്പാക്കുന്നതിൽ വ്യഗ്രത കാണിച്ച സംസ്ഥാന സർക്കാർ സ്വകാര്യ മേഖല സംവരണം നടപ്പാക്കണം. ഇതിനായി പ്രക്ഷോഭത്തിലേക്ക്​ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ജില്ലകളിൽനിന്ന്​ 418 പ്രതിനിധികളാണ്​ പ​ങ്കെടുത്തത്​. സംസ്ഥാന പ്രസിഡൻറ്​ വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ​ പി. ജനാർദനൻ, പി.കെ. രാജൻ, ബൈജു കലാശാല, പി.വി. ബാബു, സാബു കാരിശേരി, എൻ. ബിജു, എ. സനീഷ്​ കുമാർ എന്നിവർ സംസാരിച്ചു.