പത്തനംതിട്ട: പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നൽകണമെന്ന് ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യം നീക്കം ചെയ്യുന്നതിനേക്കാൾ പുണ്യമായ പ്രവൃത്തി വേറെയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാൽ മാലിന്യം സൃഷ്ടിച്ചശേഷം നീക്കം ചെയ്യുന്നതിനേക്കാൾ അവ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനത പ്രതിബദ്ധതയോടെ സ്വീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനമെന്ന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം കൊണ്ട് വ്യക്തമാകുന്നതായി ചടങ്ങിൽ ഓൺലൈനിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു.

പുണ്യം പൂങ്കാവനം പദ്ധതിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പ്രകാശനം ചെയ്തു. ശബരിമല മേൽശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി റെജികുമാർ നമ്പൂതിരി, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ, തമിഴ് നാട് മുൻചീഫ് സെക്രട്ടറി ശാന്ത ഷീലാ നായർ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനുശേഷം ഐ.ജി പി.വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടേയും വോളണ്ടിയർമാരുടേയും സംഘം ഭസ്മക്കുളവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു.