പുരി: കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം അടച്ചിടാൻ തീരുമാനം. ജനുവരി 10 മുതൽ 31 വരെ ക്ഷേത്രം പൂർണമായും അടയ്ക്കും. ക്ഷേത്ര ഉപദേശക സമിതിയായ ഛത്തിസ നിജോഗിന്റെ തീരുമാനപ്രകാരമാണിത്. ക്ഷേത്രം ഭരണസമിതിയിലെ ജീവനക്കാരും, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഭക്തരുടേയും ക്ഷേത്ര ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ഛത്തിസ നിജോഗിന്റെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും കൂട്ടമായാണ് തീരുമാനം എടുത്തതെന്നും പുരി ജില്ല മജിസ്ട്രേറ്റ് സമർത് വർമ്മ പറഞ്ഞു. അതേസമയം ക്ഷേത്രത്തിലെ പ്രതിദിന പൂജകൾ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പൂജാരികൾ ക്ഷേത്രം തുറന്ന് പതിവ് പൂജകൾ നടത്തും. ആവശ്യത്തിന് ജീവനക്കാരും ഇവരെ സഹായിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.