മനാമ : പിതാവിന്റെ എൺപതാം പിറന്നാളിനു നിർധനരായ മൂന്നുപേർക്കു വീടുവച്ചുനൽകി മക്കൾ നാടിനു മാതൃകയായി. പുത്തൂർ പുതിയഴികത്തു വീട്ടിൽ റിട്ട. അദ്ധ്യാപകൻ ഇടിക്കുള ബേബി-കെ.സി. രാജമ്മ ദമ്പതികളുടെ മക്കളായ ലെനി പി.മാത്യു, ലൈജു പി.മാത്യു എന്നിവരാണു നാടിനു മാതൃകയായത്.

ഒരു വീടിനു രണ്ടരലക്ഷം രൂപയാണു ചെലവ്. മൂന്നു വീടിന്റേയും നിർമ്മാണം പൂർത്തീകരിച്ചു. ക്രിസ്തീയദർശനത്തിൽ ഒരു ദശാംശ കണക്കുണ്ട്. ആ വഴിയെ സഞ്ചരിച്ചതിനാൽ ഞങ്ങളുടെ ശമ്പളത്തിന്റെ പത്തുശതമാനം വീതം ശേഖരിച്ചാണ് ഈ പുണ്യകർമത്തിനു തുടക്കമിട്ടതെന്നു ലെനി പറയുന്നു.
ലെനി പി.മാത്യു 19 വർഷമായി ബഹ്‌റിനിൽ ഫിനാൻസ് കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ലൈജു പി.മാത്യു 14 വർഷമായി ബഹ്‌റിനിലെ അമേരിക്കൻ കമ്പനിയിൽ എൻജിനീയറുമാണ്.

ഇരുവരുടേയും മൂത്ത സഹോദരി ലാലി പത്തനംതിട്ട സ്വദേശിയാണ്. നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന പുതിയഴികത്ത് ഇടിക്കുള ബേബി സാറിന്റെ പ്രവർത്തനം മാതൃകാപരമാണ്. ലെനിയും ലൈജുവും ജോലി ലഭിച്ചനാൾ മുതൽ ചാരിറ്റി പ്രവർത്തനം നടത്തുന്നു. ഇത്തവണ അപ്പച്ചന്റെ എൺപതാം പിറന്നാൾ വിപുലമാക്കാൻ മക്കൾ തീരുമാനിച്ചു. വിവരം അപ്പച്ചനെ അറിയിച്ചു. എന്തു പ്രവർത്തനം നടത്തണമെന്ന ആലോചനക്കിടെയാണു നിർധനർക്കു വീടുവച്ചു നൽകുന്ന ആശയം ബേബിസാർ തന്നെ മുന്നോട്ടുവച്ചത്.

മൂന്നുപേരെ കണ്ടുപിടിക്കുന്നതായിരുന്നു അവർക്കു പ്രയാസമായി തോന്നിയത്. ഇതിനായി പുത്തൂർ ചെറുമങ്ങാട്ടുള്ള കർമചാരിറ്റബിൾ ഫൗണ്ടേഷനുമായി കൈകോർത്തു. അപേക്ഷ ക്ഷണിച്ചു പത്രവാർത്ത നൽകി. 47 അപേക്ഷ ലഭിച്ചു. ഇതിൽനിന്നും മൂന്നുപേരെ തെരഞ്ഞെടുത്തു. ഹരിപ്പാട് സ്വദേശി കുഞ്ഞുകുഞ്ഞ്, കുന്നത്തൂർ സ്വദേശി ഷീജ, പുത്തൂർ ചെറുമങ്ങാട് സ്വദേശി രതീശൻപിള്ള എന്നിവർക്കാണു വീടു കിട്ടാനുള്ള ഭാഗ്യം ലഭിച്ചത്. 15 വർഷം മുമ്പു പുത്തൂർ പാങ്ങോട് ഹൈസ്‌കൂളിൽനിന്നും അദ്ധ്യാപകനായി വിരമിച്ച ഇടിക്കുള ബേബിസാർ ചാരിറ്റി പ്രവർത്തനത്തിലാണ് ഏറിയപങ്കും ചെലവഴിച്ചിരുന്നത്. ജൂലൈ 31നായിരുന്നു ബേബിസാറിന്റെ പിറന്നാൾദിനം. ഭവനപദ്ധതിയുടെ ഉദ്ഘാടനം  പുത്തൂരിൽ മന്ത്രി അടൂർ പ്രകാശ് നിർവഹിച്ചു