അല്ലു അർജുൻ നായകനായെത്തിയ ആക്ഷൻ ഡ്രാമ ചിത്രം 'പുഷ്പ'യുടെ (ജൗവെുമ) മലയാളം പതിപ്പ് പ്രദർശനമാരംഭിച്ചു. സാങ്കേതിക കാരണങ്ങളെത്തുടർന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിൽ തമിഴ് പതിപ്പാണ് വിതരണക്കാർ റിലീസ് ചെയ്തത്. കേരളത്തിലെ വിതരണക്കാരായ ഇ 4 എന്റർടെയ്ന്മെന്റ് ഇതിന് ആസ്വാദകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഓഡിയോ സംബന്ധിച്ച പ്രശ്‌നങ്ങളാണ് മലയാളം പതിപ്പ് വൈകാൻ ഇടയാക്കിയതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി പറഞ്ഞിരുന്നു.

പ്രശ്‌നം പരിഹരിച്ചതിനു ശേഷം തയ്യാറാക്കിയ കോപ്പിയുടെ സെൻസറിംഗിനും കാലതാമസം നേരിട്ടതാണ് മലയാളം പതിപ്പ് ഒരു ദിവസം വൈകാൻ ഇടയാക്കിയതെന്നാണ് വിവരം. അല്ലുവിന്റെ മുൻ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരായ ഐഫാർ ഇന്റർനാഷണലിന്റെ റാഫി മതിര ഇങ്ങനെ പറയുന്നു.പുഷ്പ മലയാളം പതിപ്പ് ഇന്നു മുതൽ എല്ലാ കേന്ദ്രങ്ങളിലും! ലോകമെമ്പാടും ഇന്നലെ റിലീസ് ചെയ്ത മലയാളികളുടെ ദത്തുപുത്രൻ അല്ലുവിന്റെ പുഷ്പയുടെ മലയാളം പതിപ്പ് ഇന്നലെ പ്രദർശനം ഉണ്ടായിരുന്നില്ല. സെൻസർ ലഭിക്കാത്തതായിരുന്നു കാരണം.

തെലുങ്കിൽ സെൻസർ ലഭിച്ച ഏതൊരു സിനിമയും ഏതു ഭാഷയിലേയ്ക്കു സെൻസർ ചെയ്യണമെങ്കിലും ഒറിജിനൽ പതിപ്പ് സെൻസർ ചെയ്തിടത്ത് തന്നെ ചെയ്യേണ്ടി വരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സെൻസറിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ വളരെ പ്രയാസമാണ്. കേരളത്തിൽ ഞാൻ എത്തിച്ച അല്ലുവിന്റെ 2013-ലെ സിനിമയായ റോമിയോ ആൻഡ് ജൂലിയറ്റ്‌സ് തെലുങ്ക് റിലീസിനൊപ്പം മലയാളത്തിലും പ്രദർശിപ്പിക്കാൻ സെൻസറിനു വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. അനവധി കടമ്പകൾ കടന്നിട്ടാണെങ്കിലും തെലുങ്ക് റിലീസിനൊപ്പം തന്നെ മലയാളം പതിപ്പും റിലീസ് ചെയ്യാൻ അന്നെനിക്ക് കഴിഞ്ഞിരുന്നു.