- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പ എന്ന വീണപൂവ്; അല്ലു അർജുന്റെ പുതിയ ചിത്രം 'കത്തി'യുടെ പെരുങ്കളിയാട്ടം; കണ്ണും കൈയും കെട്ടിയിട്ടും വില്ലന്മാരെ തലകൊണ്ട് ഇടിച്ചിടുന്ന സംഘട്ടനരംഗങ്ങൾ; സൈക്കോ ഷമ്മിയെ അനുകരിച്ച് ഫഹദ്; ഗ്ലാമർ പ്രദർശനമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ നായിക; ഷെയിം ഓൺ അല്ലു; പുഷ്പ ഒരു പറ്റിപ്പുതന്നെ!
ഒരുകാലത്ത് ലോകത്തുതന്നെ ഏറ്റവും മോശം പടങ്ങൾ ഇറങ്ങിയ ഇൻഡസ്ട്രിയായിരുന്നു തെലുങ്ക്. കത്തിയെന്നു പറഞ്ഞാൽ പെരുങ്കത്തിയാണ്, നമ്മുടെ രജനീകാന്തൊന്നും ഒന്നുമല്ല. നായകൻ ഒന്ന് ഊതിയാൽ പറന്നുപോകുന്ന രീതിയിലുള്ള വില്ലന്മാരും, കന്നിമാസത്തിലെ ശ്വാനപ്പടയെ ഓർമ്മിക്കുന്ന നൃത്തരംഗങ്ങളും, (അതും ഒരു പാട്ട് അതു കഴിഞ്ഞ് ഒരു സ്റ്റണ്ട് എന്ന ഫോർമാറ്റിൽ,) ഡേയ് എന്ന് അലറിവിളിച്ച് ഓടിയടുക്കുന്ന തല്ലുകൊള്ളിപ്പടയും, ചറപറാ സംസാരിക്കുന്ന നായകന്റെയും എർത്തുകളുടെയും കുറച്ച് തറവളിപ്പ് തമാശകളുമൊക്കെയായി, അരോചകമായ കത്തിപ്പടങ്ങളായിരുന്നു മെഗാ സ്റ്റാർ ചിരഞജീവിയുടെ കാലത്തൊക്കെ ഏറെ കണ്ടിരുന്നത്. (ചിരഞ്ജീവിയുടെ ഇടിയേറ്റ് ഒരു ട്രെയിൻ കമ്പാർട്ടുമെന്റ പൊളിഞ്ഞുപോകുന്ന പടം കണ്ടതോർമ്മയുണ്ട്. പേര് ഓർക്കുന്നില്ല!)
എന്നാൽ പിന്നീട് രാം ഗോപാൽ വർമ്മയും, രാജമൗലിയുമൊക്കെ തെലുങ്ക് സിനിമയുടെ ജാതകം തിരുത്തി. ആർ.വി.ജി സ്കൂൾ എന്ന് പറയാവുന്ന രീതിയിൽ ഒരു കൾട്ടാ ആയതോടെ തെലുങ്കിലും ഒരു പാട് യുവാക്കൾ റിയലിസ്റ്റിക്ക് സിനിമയുമായി രംഗത്തുവന്നു. അത്തരം വാർത്തകൾ ഉയർത്തിയ പ്രതീക്ഷയും, അതി മനോഹരമായ ടീസറും ട്രെയിലറും ഉയർത്തിയ ഹൈപ്പുമൊക്കെ മൂലമാണ്, യുവ തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജ്ജുൻ നായകനായ, 'പുഷ്പ-ദ റൈസിന്' ടിക്കറ്റ് എടുത്തത്ത്. മലയാളത്തിന്റെ അഭിമാനം, ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുവന്നെതും, മൊട്ടയടിച്ച വേറിട്ട ഗെറ്റപ്പും പ്രതീക്ഷകൾ ഉയർത്തി. എന്നാൽ പുഷ്പ കണ്ടു നടുങ്ങിപ്പോയി. ശരിക്കും പഴയ തെലുങ്ക് മസാല. കത്തിയെന്നാൽ പെരും കത്തി. തന്റെ അമ്മാവാൻ ചിരഞ്ജീവിയുടെ അടിപ്പടങ്ങളുടെ ആവർത്തനമാണ് അല്ലു അർജുൻ നടത്തുന്നത്.
സ്റ്റൈലിഷ് സ്റ്റാർ എന്നൊരു വിശേഷണമുള്ള അല്ലുഅർജുന്റെ ഡൗൺ ടു എർത്ത് വേഷത്തിന്റെ പുതുമ മേക്കപ്പിൽ മാത്രം ഒതുങ്ങുന്നു. അഭിനയം ഒട്ടും നന്നായി എന്ന് പറയാൻ കഴിയില്ല. അടി എന്നുവച്ചാൽ കാണുന്നിടത്തത് അടിപിടിയാണ്. കൈ പിറകിൽ കെട്ടി കണ്ണും കെട്ടിയിട്ടും, അല്ലുവിന്റെ പുഷ്പ വില്ലന്മാരെ അടിച്ചു പറത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്നു മണിക്കൂർ കണ്ടിരിക്കാൻ ആവില്ല.രണ്ടാം പകുതിയിൽ പലയടിത്തും ബോറടിച്ച് ചാവും. അല്ലുവിന് ബ്രേക്ക് കൊടുത്ത 'ആര്യ'യുടെ സംവിധായകൻ സുകുമാർ ഇത്തവണ തീർത്തും തറയായിപ്പോയി. ഇനി ഇതിന് രണ്ടാം ഭാഗവും ഉണ്ടത്രേ. എന്റെമ്മേ! ഇത്രും ബോറ് പടത്തിന് ഒരു സെക്കന്റ് പാർട്ട് ഇറക്കാൻ സംവിധായകനും നിർമ്മാതാക്കളും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ അതും ചരിത്രമാവും.
ചന്ദനക്കൊള്ളയുടെ കഥ പഴയ ഫോർമാറ്റിൽ
നമ്മുടെ മറുയൂർ ചന്ദനംപോലെ അതിവിശിഷ്ടവും സ്വർണ്ണവിലയുള്ളതുമാണ്, ആന്ധ്രയിലെ ശേഷാചലം കാട്ടിലെ രക്തചന്ദനം. ഇത് മുറിച്ചുകടത്തുന്ന കൊള്ളക്കാരുടെ കഥ ശരിക്കും റിയലിസ്റ്റിക്കായി എടുക്കാവുന്നതായിരുന്നു. പക്ഷേ ചിത്രം തുടങ്ങി രണ്ടാം സീൻ തൊട്ട് നമ്മുടെ നായകൻ പുഷ്പരാജ് എന്ന പുഷ്പയുടെ മാസ് എൻട്രിയാണ്. പിന്നങ്ങോട്ട് ഹീറോയിസത്തിന്റെ വിളയാട്ടമെന്ന് തെലുങ്കരും, പെരുംകത്തിയുടെ കളിയാട്ടമെന്ന് മലയാളികളും പറയുന്ന സാധനം അരങ്ങേറുന്നു. കഥ പഴയ ഫോർമാറ്റ് തന്നെ. പിതാവ് അംഗീകരിക്കാതെ അവഗണനയിൽ വളർന്ന മകൻ ക്രമേണെ ക്രിമിനൽ ആവുന്നു.
ആക്ഷൻ രംഗങ്ങളിലെ പെരും കത്തിയും കട്ടപ്പാരയുമാണ് മലയാളത്തിലും, തമിഴിലും, ഡബ്ബ് ചെയ്ത് ഇറക്കിയ പുഷ്പയെ പരിഹാസ്യ സിനിമയാക്കുന്നത്. ആദ്യപകുതിയിൽ ഒരു ലോറി, ബൈക്ക് ജമ്പിങ്ങ് നടത്തുന്നപോലെ, പുഷ്പ പറത്തുമ്പോൾ ചിരംഞ്ജീവി നാണിച്ചുപോകും. പുഷ്പയുടെ ഒരു പഞ്ചിൽ ഒരു കൂട്ടം ഒന്നിച്ചു വീഴുന്നു. വില്ലന്മാരെ ഇലട്രിക്ക് പോസ്റ്റിന് മുന്നിലേക്ക് എറിഞ്ഞ് പൂത്തിരികത്തിക്കുന്ന കലാപരിപാടി ആവർത്തിക്കാതിരുന്നതിന് നാം സംവിധായകന് നന്ദി പറയണം.
എന്നാൽ കണ്ണും കൈയും കെട്ടിയിട്ടും വില്ലന്മാരെ തലകൊണ്ട് ഇടിച്ചിടുന്ന പുതിയ സംഘട്ടനരംഗങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. പൊളി സാനം! ഇനി ചളുക്കിയ ബിരിയാണിച്ചെമ്പുപോലത്തെ മുഖങ്ങളുള്ള വില്ലന്മാർ ആവട്ടെ പുതിയ പുതിയ ക്രൂരതകളിൽ ഡോക്ടറേറ്റ് എടുത്തവരാണ്. ചില ഉദാഹരങ്ങൾ നോക്കുക. ഒരു സ്ഥലത്തുവന്ന് എന്തെങ്കിലും ഉടക്ക് പറഞ്ഞാൽ അവനെ തൽസമയം വെട്ടിക്കൊന്ന് അവിടെതന്നെ കുഴി കുത്തി മണ്ണിട്ട് മൂടും. കാശ് കൂട്ടിത്തരാൻ പറഞ്ഞ് വീട്ടിലെത്തിയവനെ, ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് വെട്ടിക്കൊല്ലുക. പട്ടാപ്പകൽ ആശുപത്രിയിൽ നഴ്സിന്റെ ടൂൾബോകസിൽനിന്ന് കത്തിയെടുത്ത് കൃത്യങ്ങളിൽ വീഴ്ച വരുത്തിയവനെ കുത്തിക്കൊല്ലുക! പൊലീസും നിയമവാഴ്ചയുമൊന്നുമില്ലാത്ത വെറും വെള്ളരിക്കാപ്പട്ടണമാണ് ആന്ധ്ര എന്ന ഇമേജാണ് ഈ ചിത്രം കൊടുക്കുക. സ്ക്രിപ്റ്റ് എഴുതിയവന്റെ തലയൊന്നും വെയില് കൊള്ളിക്കരുത്. ആകെയുള്ള ഒരു കഥാപാത്ര വെറ്റൈറ്റി ഗുണ്ടാ തലവന്റെ ഭാര്യയായി എത്തുന്ന വനിതാ 'ഗുണ്ടി'യാണ്. അഭിനയം കണ്ണുരുട്ടി പേടിപ്പിക്കൽ ആണെങ്കിലും.
കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തെ പുഷ്പ വികൃതമായി അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല' എന്ന കെ.ജി.എഫിലെ ഡയലോഗിന് സമാനമായ രംഗങ്ങളും 'തന്തനാനെതാനെ' എന്ന അമ്മ മ്യൂസിക്കും സുലഭം. പക്ഷേ കെ.ജി.എഫിൽ അത് ചേരുന്നുണ്ട്. പക്ഷേ ഇവിടെ എല്ലാം മുഴച്ചു നിൽക്കുന്നുവെന്ന് മാത്രം.
സൈക്കോ ഷമ്മിയുടെ പുനർ അവതാരം
ഈ പടം കാണാൻ പ്രേരിപ്പിച്ച ഒരു ഘടകം തല മൊട്ടയടിച്ചുകൊണ്ടുള്ള ഫഹദിന്റെ വില്ലന്റെ ലുക്ക് ആയിരുന്നു. പക്ഷേ ചിത്രത്തിന്റെ അവസാനഭാഗത്തുമാത്രമാണ് ഈ കഥാപാത്രം വരുന്നത്. രണ്ടാം ഭാഗത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് കിട്ടുമെന്ന് ഉറപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ എൻഡിങ്ങ്. പക്ഷേ അല്ലുവിനെയൊക്കെ വെച്ചുനോക്കുമ്പോൾ കൊലമാസാണ് ഫഹദ്. ബൻവാർ സിങ് ശെഖാവത്ത് എന്ന സൈക്കോ സ്വഭാവമുള്ള എസ്പിയായി ഫഹദ് വിറപ്പിക്കുന്നുണ്ട്. പക്ഷേ അവിടെയും പലപ്പോഴും നമുക്ക് കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയെ കാണാൻ കഴിയും. പല ഭാവങ്ങളും സെയിം ടു സെയിം. പക്ഷേ അമിതാഭിനയത്തിന്റെ മറുകര കണ്ട നടന്മാരെ കണ്ട് ശീലിച്ച തെലുങ്കർക്ക് ഫഹദിന്റെ നിയന്ത്രിതാഭിനയം പുതുമയുള്ളതാവുമെന്നും ഉറപ്പാണ്.
കോമഡി നടൻ ആയി ഒരുകാലത്ത് ഏറെ ചിരിപ്പിച്ച സുനിലിന്റെ വില്ലൻ ഞെട്ടിക്കുന്നുണ്ട്. പുഷ്പക്കൊപ്പം പ്രണിയിക്കാനും, ക്ലിവേജ് ഷോട്ടുകളുടെ ധാരാളിത്തവുമായി പാട്ടുകളിൽ ഗ്ലാമറസായി വരുന്നു എന്നല്ലാതെ നായിക രശ്മികയുടെ ശ്രീവള്ളിക്ക് കഥാപുരോഗതിയിൽ വലിയ സ്ഥാനമില്ല. സാമി സാമി എന്ന ഗാനവും സാമന്ത അതിഥി വേഷത്തിലെത്തിയ ഗാനവും സൈബർ ധാരാളിത്തത്തിന്റെ ഇക്കാലത്തും ബിഗ് സ്ക്രീനിൽ ചൂടൻ രംഗങ്ങൾ കാണേണ്ടവർക്ക് വിരുന്നാണ്.
അവസാനമായി ചോദിക്കട്ടെ, അല്ലു അർജുൻ എന്ന നടന്റെ ഒരേ അച്ചിൽ വാർത്ത എത്രമാത്തെ പടമാണ് നാം കാണുന്നത്. ഇതുപോലെ ഒരേ ടൈപ്പ് വേഷം ചെയ്യുന്ന നടനായി തമിഴ് ഹീറോ വിജയെ മാത്രമേ കണ്ടിട്ടുള്ളൂ. ഈയിടെ വ്യത്യസ്തമായ വേഷം കിട്ടാത്തതിനാൽ നടൻ ചിമ്പരശൻ എന്ന ചിമ്പു മൂന്നുവർഷത്തെ ബ്രേക്ക് എടുത്ത് മാറയശേഷം, 'മാനാട്' എന്ന ചിത്രത്തിൽ തിരിച്ചുവന്ന വാർത്ത വായിച്ചിരുന്നു. എന്നാൽ പാട്ടും ഡാൻസും, അടിയും, ഇടിയുമൊന്നും അല്ലുവിനൊന്നും മടുക്കുന്നില്ലേ. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ഫാൻബേസുള്ള നടനാണ് അല്ലുവെന്ന 38കാരൻ എന്ന് മറന്നുകൊണ്ടല്ല ഇത് പറയുന്നത്.
ബദ്രീനാഥും, വേദവും അടക്കമുള്ള ചിത്രങ്ങൾ കേരളത്തിൽ പോലും നന്നായി ഓടിയിരുന്നു. തെലുങ്കു ചലച്ചിത്ര മേഖലയിൽ വളരെയധികം സ്വാധീനമുള്ള കുടുംബത്തിലാണ് അല്ലുവിന്റെ ജനനം. മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതാക്കളാണ്. അദ്ദേഹത്തിന്റെ കസിൻ (ചിരഞ്ജീവിയുടെ മകൻ) രാം ചരൺ തേജയും തെലുങ്കിലെ താരമാണ്്. ഏത് തരത്തിലുള്ള പടം വേണമെങ്കിലും എടുക്കാനുള്ള ആളും അർഥവുമൊക്കെയുള്ള ആളാണ് അദ്ദേഹം. എന്നിട്ടും ഈ അടി-പ്രേമ പടങ്ങളിൽ മാത്രം എന്തിന് ഒതുങ്ങുന്നുവെന്ന ചോദ്യം അല്ലു സ്വയം ചോദിക്കട്ടെ.
വാൽക്കഷ്ണം: പുഷ്പ കാണാനായി വർക്കിങ് ഡേ ആയിട്ടപോലും രാവിലെ തന്നെ ഒരുപാട് ചെറുപ്പക്കാർ, പ്രത്യേകിച്ച് കൗമാരക്കാർ തീയേറ്ററിൽ എത്തിയപ്പോൾ ആദ്യം കരുതിയത് ഫഹദ് ഫാസിൽ ഉള്ളതുകൊണ്ട് ആയിരിക്കുമെന്നാണ്. പക്ഷേ പടം തുടങ്ങി തീയേറ്ററിലെ ആരവം കേട്ടപ്പോഴാണ് അറിഞ്ഞത് ഇവരൊക്കെ അല്ലു അർജുൻ ഫാൻസാണെന്ന്. ഇത്ര കത്തിയായിട്ടും ന്യൂജൻ ട്രെൻഡ് അല്ലുവിനെപ്പോലുള്ളവർക്ക് ഒപ്പമാകുന്നത് എന്തുകൊണ്ട്. നമ്മുടെ സംവിധായകരും ചലച്ചിത്ര പ്രവർത്തകരും ചിന്തിക്കേണ്ട വിഷയമാണത്.