തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ ആലപ്പുഴ മുട്ടാർ സ്വദേശിനി ബെറ്റി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്‌സിങ് സൂപ്രണ്ടിന്റെയും സഹപ്രവർത്തകന്റെയും പീഡനം സഹിക്കാതെ. സഹപ്രവർത്തകനായ ഒരു മെയിൽ നഴ്‌സ് നിരന്തരം പാരവെയ്ക്കുകയും സൂപ്രണ്ടിനടുത്ത് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊടുത്ത് വഴക്ക് വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതേ തുടർന്ന് നഴ്‌സിങ് സൂപ്രണ്ടായ സിസ്റ്റർ ദീപയിൽ നിന്നും കടുത്ത മാനസിക പീഡനമാണ് ബെറ്റിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. ഇതേ തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മണ്ണെണ്ണയും ഹാർപ്പിക്കും കൂടി കലർത്തി കുടിച്ച് ബെറ്റി ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു.

വായ മുതൽ ആമാശയം വരെ പൊള്ളലേറ്റതിനെ തുടർന്ന് രണ്ട് ദിവസമായി വെന്റിലേറ്ററിൽ തുടരുകയാണ് ഇവർ. അതേസമയം ആത്മഹത്യാ ശ്രമത്തിന് പിന്നിൽ നഴ്സുമാർ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. കഴിഞ്ഞ ഒന്നു രണ്ട് മാസമായി നഴ്‌സിങ് സൂപ്രണ്ടിൽ നിന്നും സഹപ്രവർത്തകനായ ഷിജോ എന്ന മെയിൽ നഴ്‌സിൽ നിന്നും കടുത്ത മാനസിക പീഡനമായിരുന്നു നേരിട്ടത്. ബെറ്റിയെ മോഷ്ടാവായി ചിത്രീകരിക്കാൻ വരെ ഷിജോ ശ്രമം നടത്തിയതായും ഭർത്താവ് മനോജ് പറയുന്നു. ഷിജുവും ബെറ്റിയും കാഷ്വാലിറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഷിജോ ബെറ്റിയിൽ നിന്നും 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ മുതൽ ഷിജോയ്ക്ക് വൈരാഗ്യമായി. പണം തിരികെ നൽകി എങ്കിലും അന്ന് മുതൽ ഷിജോ ബെറ്റിയെ കുറിച്ച് ഇല്ലാത്ത കാര്യം മുകളിലേക്ക് റിപ്പോർട്ട് ചെയ്ത് നഴ്‌സിങ് സൂപ്രണ്ടുമായി ചേർന്ന് പീഡിപ്പിക്കുക ആയിരുന്നു.

നഴ്‌സിങ് സൂപ്രണ്ട് ആയ സിസ്റ്റർ ദീപ വളരെ മോശമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബെറ്റി ഭർത്താവിനോട് പലവട്ടം പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പുഷ്പഗിരിയിലെ നഴ്‌സാണ് ബെറ്റി. സിസ്റ്റർ ദീപയും നഴ്‌സ് ഷിജോയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനാൽ ബെറ്റിയെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ സിസ്റ്റർ ദീപയോട് റിപ്പോർട്ട് ചെയ്ത് വഴക്ക് കേൾപ്പിക്കുക ആയിരുന്നു ഷിജോ ചെയ്തത്. ഇതോടെ നഴ്‌സിങ് സൂപ്രണ്ട് പതിവായി വിളിച്ച് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും എമർജൻസിയിൽ നവിന്നും മാറ്റുമെന്നും എല്ലാം പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു

കാഷ്വാലിറ്റിയിലെ ടോർച്ച്, മരുന്ന് തുടങ്ങിയവ മാറ്റിവെച്ച ശേഷം ബെറ്റി എടുത്തതായി പറയാൻ വരെ ഷിജോ ശ്രമിച്ചിരുന്നതായും ഭർത്താവ് ആരോപിക്കുന്നു. ബെറ്റിയെ കള്ളിയാക്കാനുള്ള ഷിജോയുടെ ഈ ശ്രമം പിന്നീട് കാമറയുടെ സഹായത്താൽ ബെറ്റി കള്ളി പൊളിക്കുമെന്നായപ്പോൾ ഇയാൾ സാധനം തിരികെ വെച്ചു. അങ്ങനെ പല വിധത്തിൽ ഉപദ്രവമായിരുന്നു. മാനസിക പീഡനം സഹിക്കാതായതോടെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ബെറ്റി സിഇഒ അച്ചനെ നേരിൽ കണ്ട് സൂപ്രണ്ടിനും ഷിജോയ്ക്കും എതിരെ പരാതി എഴുതി നൽകി. പരിഹാരം ഉണ്ടാക്കാമെന്ന് അച്ചൻ ഉറപ്പ് നൽകിയതായും ബെറ്റി ഭർത്താവ് മനോജിനോട് പറഞ്ഞു.

പിന്നീട് ഉച്ചയ്ക്ക് 11.30ഓടെ ഡ്യൂട്ടിയിൽ കയറി. ഇതിന് പിന്നാലെ സിസ്റ്റർ ദീപ വിളിച്ച് ചീത്ത പറഞ്ഞു. പിന്നീട് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാഷ്വാലിറ്റിയിൽ കിടന്നതായും ബെറ്റി ഭർത്താവിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് 3.30യോടെയാണ് ജോലിയിൽ തിരികെ കയറിയത്. എന്നാൽ ബെറ്റിക്ക് കടുത്ത മാനസിക പിരിമുറുക്കും ഉണ്ടാവാൻ മാത്രം എന്താണ് നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞതെന്ന് മനോജ് പറയുന്നു. ജോലി കഴിഞ്ഞ് രാത്രി 12.30ഓടെ ഭർത്താവിനൊപ്പം ബൈക്കിലാണ് വീട്ടിലെത്തിയത്. എന്നാൽ പതിവ് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം പറയുന്ന ബെറ്റി അന്ന് മൗനമായി ഇരിക്കുക ആയിരുന്നു എന്നും മനോജ് പറയുന്നു. ജോലി നിർത്തിക്കോളാൻ ഭർത്താവ് പറഞ്ഞതാണ്. എന്നാൽ പഠനാവശ്യത്തിനായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോൺ അടയ്ക്കാനുള്ളതു കൊണ്ടും കുഞ്ഞിന്റെ ഭാവിയെ ഓർത്തുമാണ് ബെറ്റി ജോലിയിൽ തുടർന്നത്.

വീട്ടിൽ വന്നതിന് പിന്നാലെ കുറച്ച് നേരം അമ്മയെ കെട്ടിപ്പിടിച്ച് കിടന്നതിന് ശേഷമാണ് ബെറ്റി ഉറങ്ങാനായി മുറിയിലേക്ക് പോയത്. ഭർത്താവിനോട് മുറിയുടെ വാതിൽ അടയ്‌ക്കേണ്ടെന്നും തനിക്ക് ബൈബിൾ വായിക്കാനുണ്ടെന്നും ബെറ്റി പറഞ്ഞു. തുടർന്ന് ഭർത്താവ് ഉറങ്ങിയതിന് പിന്നാലെ ഏകദേശം ഒന്നരയോടെ ബെറ്റി വീടിന് വെളിയിലിറങ്ങുകയും ഹാർപ്പിക്കും മണ്ണെണ്ണയും കൂട്ടികലർത്തി കുടിക്കുകയും ആയിരുന്നു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതോടെ വേദന സഹിക്കാനാവാതെ ബെറ്റി മുറ്റത്തെ കുളത്തിലേക്ക് ചാടി. പിന്നീട് വീടിന്റെ സിറ്റൗട്ടിനടുത്തേക്ക് കയറി കിടക്കുക ആയിരുന്നു. ബെറ്റി മുറിയിലില്ലാത്ത വിവരം രാവിലെ 3.30ഓടെയാണ് ഭർത്താവ് അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അവശ നിലയിൽ കിടക്കുന്ന ബെറ്റിയെ കണ്ടെത്തിയത്.

തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബെറ്റി വെന്റിലേറ്ററിൽ ചികിത്സയിലാണ്. വായ മുതൽ ആമാശയം വരെ പൊള്ളിപ്പോയതായാണ് ഡോക്ടർമാർ പറയുന്നത്. രാമങ്കരി പൊലീസിൽ ബെറ്റിയുടെ ഭർത്താവ് പരാതി നൽകി. രാമങ്കരി മജിസ്ട്രേറ്റിനും നഴ്സ് മൊഴി എഴുതി നൽകിയിട്ടുണ്ട്. ആത്മഹത്യാ ശ്രമവുമായി ബന്ധമില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ, നഴ്സിങ് സൂപ്രണ്ടിനും സഹപ്രവർത്തകനായ നഴ്സിനുമെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്മെന്റിനും ബെറ്റിയുടെ ഭർത്താവ് മനോജ് പരാതി നൽകി. അഞ്ച് വർഷമായി ആശുപത്രിയിൽ നഴ്സായി പ്രവർത്തിക്കിക്കുന്ന ബെറ്റിക്ക് മൂന്ന് വയസുള്ള മകനുണ്ട്.