- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പം പോലെ വാക്സിൻ നൽകിയ പുഷ്പലതയെ തേടി മന്ത്രിയെത്തി; ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾപോരാ... പുഷ്പലതയുടെ കണ്ണ് നിറഞ്ഞപ്പോൾ
ചെങ്ങന്നൂർ: ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്സിൻ നൽകി വാർത്തകളിൽ നിറഞ്ഞ ആരോഗ്യ പ്രവർത്തക കെ. പുഷ്പലതയെ കാണാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജെത്തി.
ചെങ്ങന്നൂർ ജില്ലാ ആശുപത്രി സന്ദർശിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പുഷ്പലതയെ പ്രത്യേകം അഭിനന്ദിച്ചു. പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവർക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താൻ ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാൻ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാർത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാർഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാൻ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.
ടീം വർക്കാണ് തന്റെ പിൻബലമെന്ന് പുഷ്പലത പറഞ്ഞു. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോൾ എന്നിവരാണ് ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു.
ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
'ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ?'
ഇത്രയും പാടുമ്പോൾ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയടിയും അഭിനന്ദനങ്ങളും ഉയർന്നു.