കണ്ണൂർ: എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ ബോംബിൽ ചവുട്ടിയാണ് കണ്ണുരിലെ നേതാക്കളുടെ നിൽപ്പ്. എതിരാളികൾ തങ്ങൾക്കു വേണ്ടി കത്തി രാകി മിനുക്കുന്നുണ്ടോയെന്ന ഭീതി ഇരട്ടച്ചങ്കുള്ളവർക്കും ഒറ്റ ചങ്കുള്ള വരുമായ നേതാക്കൾക്കുണ്ട്. ബിഹാറിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ബോഡി ഗാർഡുമായാണ് ഓരോരുത്തരുടെയും നടത്തം. ഇവരുടെ താമസസ്ഥലങ്ങളും ഷാഡോ പൊലിസിന്റെയും ലോക്കൽ സ്റ്റേഷനുകളുടെയും കടുത്ത നിരീക്ഷണത്തിലാണ്. ഇതിന് പുറമേ അതത് പാർട്ടികൾ ഏർപ്പെടുത്തുന്ന ചാരക്കണ്ണുകളുമുണ്ട്. നാട്ടുകാരല്ലാത്തവർ പാർട്ടി ഗ്രാമങ്ങളിൽ കാലെടുത്തു വച്ചാൽ തന്നെ പാർട്ടി കേന്ദ്രങ്ങളിൽ അപായത്തിന്റെ സൈറൺ മുഴങ്ങും പിന്നീട് സ്‌ക്വാനിങും ഫീൽഡ് പരിശോധനയും കഴിഞ്ഞ് പൊക്കേണ്ട വരെ പൊക്കി രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യാൻ ഗുണ്ടാസംഘങ്ങൾ ഇന്നോവയിലെത്തും.

ചങ്കുറ്റത്തിന്റെ ആൾരൂപമെന്നും ഇരട്ടച്ചങ്കനെന്നും സൈബർ സഖാക്കൾ വിശേഷിപ്പിക്കുന്ന മുഖ്യമന്തി പിണറായി വിജയനു പോലും പൊലിസോ പാർട്ടി സുരക്ഷയോയില്ലാതെ ഉറങ്ങാൻ കഴിയാത്ത നാടാണ് കണ്ണുര് മുഖ്യമന്ത്രി വിട്ടിലെത്തുന്ന വേളയിൽ വൻ പൊലീസ് സംഘമാണ് പിണറായി പാണ്ട്യാല മുക്കിൽ' പിണറായി ഗ്രാമപഞ്ചായത്ത് പുതുതുതായി പണിത ആഡംബര കൺവൻഷൻ സെന്ററിലാണ് സെക്യുരിറ്റിയുടെ വൻ പട ക്യാംപ് ചെയ്യുന്നത്. ഇതു കൂടാതെ പത്തോളം പേർ മുഖ്യമന്ത്രിയുടെ ഔട്ട് ഹൗസിലും ക്യാംപ് ചെയ്യുന്നു. ഇതു കൂടാതെ മുഖ്യമന്ത്രിയില്ലാത്ത വേളകളിലും പിണറായി പൊലിസ് ഒരു ജീപ്പ് നിറയെ സേനാംഗങ്ങളുമായി വീടിന് മുൻപിൽ ക്യാംപ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി പിണറായി പണ്ട്യാല മുക്കിലൂടെ പോകുന്ന ഏതൊരാൾക്കും ഇതു നിത്യകാഴ്‌ച്ചയാണ്. ഇതു കൂടാതെ നിർദ്ദിഷ്ട പിണറായി പൊലിസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷം തന്നെ സ്റ്റേഷനായുള്ള കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ടി.പി വധത്തിനു ശേഷം ഒഞ്ചിയം സ്വദേശി കുഞ്ഞിക്കണ്ണനെ പിണറായിയുടെ വീടിന് സമീപത്തു നിന്നും തോക്കുമായി പിടികൂടിയതോടെയാണ് മുഖ്യമന്ത്രിയുടെ വീടിന് പൊലിസ് സുരക്ഷ കൂട്ടിയത്.

ഇതു കൂടാതെ മാവോയിസ്റ്റ് ഭീഷണിയുമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ആർ.എസ്.എസ് ഗ്രാമമായ പുത്തൻ കണ്ടം മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെയാണ്. നേരത്തെ കൊല്ലപ്പെട്ട സി.എംപി പ്രവർത്തകൻ പാറയിൽ ബാബുവിന്റെ കുടുംബമൊന്നടങ്കം ഇപ്പോൾ ആർ.എസ്.എസ് പ്രവർത്തകരാണ്. അടിയും തിരിച്ചടിയുമായി നിരവധി സംഘർഷങ്ങളാണ് പുത്തൻ കണ്ടം കേന്ദ്രീകരിച്ചു നടന്നിരുന്നത്. ആദ്യപിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റ ദിവസം ആഹ്‌ളാദ പ്രകടനം നടത്തി വരവെപുത്തൻ കണ്ടത്തു നിന്നുമുണ്ടായ ബോംബേറിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പിന്നെ റായി കമ്പിനിമെട്ടയിലെ സിപിഎം പ്രവർത്തകനായ രവീന്ദ്രൻ ദാരുണമായി മരിച്ചിരുന്നു.

പുത്തൻകണ്ടം സ്വദേശികളായ പ്രേംജിത്ത് ഉൾപ്പെടെയുള്ള ആർ.എസ്.എസ് പ്രവർത്തകർ കേസിൽ പ്രതികളാണ് 'ചാവശേരിയിൽ നിന്നും സിപിഎമ്മുകാർ ബസിൽ കയറി വെട്ടിക്കൊന്ന ആർ.എസ്.എസ് പ്രവർത്തകനായ ചെക്യാടൻ ഉത്തമന്റെ മകൻ രമിത്തിനെ വെട്ടിക്കൊന്നാണ് ആറുമാസങ്ങൾക്കു ശേഷം സിപിഎം ഇതിന് കണക്കുതീർത്തത്. പുത്തൻകണ്ടത്തിലെ ആർ.എസ്.എസ് പ്രവർത്തകരുടെ സഹചാരിയും ഡ്രൈവറുമായിരുന്നു രമിത്ത് സഹോദരിക്ക് മരുന്ന് വാങ്ങാനായി തലശേരിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന സമയത്താണ് രമിത്തിനെ വാഹനത്തിലെത്തിയ സംഘം വെട്ടി നുറുക്കിയത്.ഇതിന് ശേഷം പിണറായിയിലെ സ്ഥിതി കുടുതൽ സംഘർഷാഭരിതമായി.

മുഖ്യമന്ത്രിയെ വീട്ടിൽ കയറി അപായപ്പെടുത്തുമെന്ന ഭീഷണി വരെയുണ്ടായി. നിരന്തരം കേസെടുത്ത് പൊലിസ് ഇവരെ ഒതുക്കാൻ ശ്രമിച്ചുവെങ്കിലും എന്തിനും പോന്ന ഒരു കൂട്ടം യുവാക്കളെ അടിച്ചമർത്താൻ കഴിഞ്ഞില്ല. മേഖലയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ സജീവ സാന്നിധ്യമാണ് പുത്തൻ കണ്ടം ബ്രദേഴ്‌സ്' ബ്‌ളേഡ് മാഫിയ, ക്വട്ടേഷൻ തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഇവർക്ക് നേരെ സിപിഎം ആരോപിക്കുന്നുണ്ട്.

എന്തു തന്നെയായാലും മുഖ്യമന്ത്രിയുടെ വീടിന് സമീപമുള്ള ആർ.എസ്.എസ് ശക്തികേന്ദ്രത്തിൽ ഇന്നേ വരെ ധൈര്യത്തോടെ കടന്നു ചെല്ലാൻ ഒരു സിപിഎമ്മുകാരനും കഴിഞ്ഞിട്ടില്ല. പുത്തൻകണ്ടത്തെ ആർ.എസ്.എസ് സംഘത്തിൽ നേരത്തെ കൊല്ലപ്പെട്ട സി.എംപി പ്രവർത്തകൻ പാറയിൽ ബാബുവിന്റെ മക്കളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കുടുംബ ബന്ധവും ഇവർക്കുണ്ട് 'പിണറായിയുടെ പിതാവിന്റെ സഹോദരന്റെ മകളുടെ മക്കളാണ് പുത്തൻ കണ്ടത്തെ ആർ.എസ്.എസ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇവർ ഏതു സമയവും അക്രമം അഴിച്ചുവിട്ടേക്കാരുന്ന ഭീതി ഭയന്നാണ് നേരത്തെ ധർമ്മടം - കുത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലായിരുന്ന വെണ്ടുട്ടായി പ്രദേശങ്ങൾ ചേർത്ത് പിണറായി പൊലിസ് സ്റ്റേഷൻ രൂപീകരിച്ചത്.

കോൺഗ്രസിന് ശക്തിയുണ്ടായിരുന്ന പ്രദേശത്ത് രാഷ്ട്രീയ സംരക്ഷണം തേടി ആർ.എസ്.എസിലേക്ക് ഒട്ടനവധി കുടുംബങ്ങൾ ചേക്കേറുകയായിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയും ഇവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് അൽപ്പം വി രാമമുണ്ടായെങ്കിലും നേതാക്കൾക്കെതിരെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഎം നേതാക്കളായ പി.ജയരാജൻ, എം.സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ നേതാക്കൾക്ക് പൊലിസ് സുരക്ഷയുണ്ട്.

ആർ.എസ്.എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, ഡൈമണ്ട് മുക്കിലെ ശശിധരൻ തുടങ്ങിയ നേതാക്കൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലമായി കോൺഗ്രസ് നേതാക്കൾ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ചിത്രത്തിലില്ലെങ്കിലും കെ.സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള കടന്നു വരവോടെ ഭീഷണിയുടെ നിഴലിലാണ് കോൺഗ്രസ് നേതാക്കളും.