മ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തൻ പണം: ദി ന്യൂ ഇന്ത്യൻ റുപ്പി രണ്ടാം ടീസർ ഇറങ്ങി. കാസർകോഡൻ ഭാഷ പറയുന്ന മമ്മൂട്ടിയാണ് രണ്ടാം ടീസറിൽ, ഒന്നാം ടീസറിലെ ആക്ഷൻ പരിവേഷം പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് രണ്ടാം ടീസർ.

കടൽ കടന്നൊരു മാത്തുക്കുട്ടിക്കുശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സർക്കാർ ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് പുത്തൻ പണം എന്ന പേരിൽ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

റിയൽ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും എല്ലാം കഥ പറഞ്ഞ ഇന്ത്യൻ റുപ്പി ഇറങ്ങി അഞ്ചു വർഷത്തിനുശേഷമാണ് പുത്തൻ പണം: ദി ന്യൂ ഇന്ത്യൻ റുപ്പി എന്ന പേരിൽ രഞ്ജിത്ത് തന്നെ മറ്റൊരു ചിത്രമൊരുക്കുന്നത്.
കൊച്ചി, കാസർഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീർ, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വിഷുവിനോട് അനുബന്ധിച്ച് തിയറ്ററുകളിൽ എത്തും.രഞ്ജിത് ഉൾപ്പടെ മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.