തിരുവനന്തപുരം: കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് പുത്തൻ പണം. നോട്ട് നിരോധനത്തെയും പുതിയ നോട്ടുകളെയും കുറിച്ച് കഥ പറയുന്ന ചിത്രത്തിന് സമകാലിക പ്രശസ്തി ഉണ്ടെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ദിവസം മോശമല്ലാത്ത കലക്ഷൻ നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആ വിജയം മുന്നോട്ട് കൊണ്ടു പോകാൻ ചിത്രത്തിന് കഴിഞ്ഞില്ല.

ചിത്രത്തിന്റെ പത്ത് ദിവസത്തെ കലക്ഷൻ റിപ്പോർട്ട് പുറത്ത് വന്നു. ട്രേഡ് അനലൈസ് റിപ്പോർട്ടുകൾ പ്രകാരം പത്ത് ദിവസങ്ങൾ കൊണ്ട് പുത്തൻ പണം കേരളത്തിൽ നിന്നും നേടിയത് 6.48 കോടി രൂപയാണ്. മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിടത്തോളം ചിത്രം എത്തിയില്ല എന്നാണ് തിയേറ്റർ റിപ്പോർട്ട്.

ആദ്യ ദിവസം ചിത്രത്തിന് മോശമല്ലാത്ത കലക്ഷൻ ലഭിച്ചിരുന്നു. വിഷു മത്സര ചിത്രങ്ങൾക്കൊപ്പം എത്തി 1.87 കോടി രൂപ പുത്തൻ പണം ആദ്യ ദിവസം നേടി. നാല് ദിവസം കൊണ്ട് 4.57 കോടി രൂപയും നേടി. എന്നാൽ വരും ദിവസങ്ങളിൽ പിന്നോട്ട് പോയ ചിത്രത്തിന് പത്ത് ദിവസം കൊണ്ട് 6.48 കോടി മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

കേരളത്തിന് പുറത്ത് പുത്തൻ പണം നേടിയ കലക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം പ്രദർശനത്തിന് ഇത്തിയിട്ടില്ല. വൈകാതെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അതേ സമയം പുത്തൻ പണത്തിന് മുൻപ് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ ദ ഗ്റ്റ് ഫാദർ എന്ന ചിത്രം പ്രേക്ഷക പ്രീതിയും സാമ്പത്തിക വിജയവും നേടി മുന്നേറുകയാണ്. ഇതിനോടകം ചിത്രം 50 കോടി കലക്ഷൻ നേടി.

വിഷു ചിത്രങ്ങൾ തമ്മിലുള്ള കടുതച്ത മത്സരം ഒരു കാരണമാണ്. കൂടാതെ രഞ്ജിത്ത് - മമ്മൂട്ടി ചിത്രത്തിലുള്ള അമിതമായ പ്രേക്ഷക പ്രതീക്ഷയും തിരിച്ചടിയായി. അതിനൊക്കെ അപ്പുറം, എ പടം എന്ന സർട്ടിഫിക്കറ്റാണ് ചിത്രത്തിന് വിനയായത്. പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി എത്തിയ കുടുംബത്തെ തിയേറ്ററിൽ അധികൃതർ തിരിച്ചയച്ചതായും വാർത്തകളുണ്ടായിരുന്നു.