ലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു 'പുതിയ നിയമം'. മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. നയൻസ് അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. നയൻതാരയുടെ കരിയറിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു വാസുകി അയ്യരുടേതെന്ന് തന്നെ പറയാം.

എന്നാലിപ്പോൾ ഈ ചിത്രം തമിഴിലേക്ക് മൊഴിമാറ്റിയപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ് നയൻസ്. ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റിയിറക്കാനുള്ള അണിയറ ശിൽപികളുടെ ശ്രമമാണ് നയൻതാരയ്ക്ക് തലവേദനയായത്. ഓണത്തിനിടയിൽ പൂട്ടുകച്ചവടം എന്നതു പോലെ തമിഴ്‌നാട്ടിൽ സിനിമാ സമരം നടക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുവേണ്ടി തമിഴ്‌നാട്ടിലെങ്ങും പോസ്റ്ററുകൾ നിരക്കുകയും ചെയ്തു.

എന്നാൽ സമരത്തിനിടയിൽ സിനിമാ റിലീസ് ചെയ്യാനൊരുങ്ങിയതിൽ ഒരു കൂട്ടം നിർമ്മാതാക്കൾ കട്ട കലിപ്പിലായി. ചിത്രത്തിന്റെ പോസ്റ്ററുകൾ നിരക്കേണ്ട താമസം അവർ പ്രതിഷേധവുമായി രംഗത്തിറങ്ങി. നിർഭാഗ്യവശാൽ അവരുടെ രോഷം മുഴുവൻ നയൻ താരയോടായിരുന്നു. സിനിമാ റിലീസിനെതിരെ അവർ നയൻതാരയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

സിനിമയുടെ നിർമ്മാതാവിനോടും അണിയറ പ്രവർത്തകരോടും പ്രതിഷേധിക്കാതെ ഇവർ എന്തിനാണ് നയൻസിനോട് കോപിക്കുന്നതെന്ന് മാത്രം ഇനിയും മനസ്സിലായിട്ടില്ല. എന്തായാലും വിഷയത്തെക്കുറിച്ച് നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.