കോഴിക്കോട്:മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എ.കെ സാജൻ ചിത്രം 'പുതിയ നിയമത്തിന്'സമ്മിശ്ര പ്രതികരണം. രണ്ടാം പകുതിയിൽ ഒരു സസ്‌പെൻസ് ത്രില്ലർ എന്ന നിലയിലേക്ക് ചിത്രം മുന്നേറുന്നുണ്ടെങ്കിലും ചിത്രം മൊത്തം എടുക്കുമ്പോൾ ശരാശരി നിലവാരം മാത്രമാണുള്ളത്. ക്ലൈമാക്‌സിനോട് അടുപ്പിച്ച എതാനും രംഗങ്ങളിൽ മാത്രമാണ് ആരാധകരുടെ പ്രതീക്ഷക്കൊത്ത് മമ്മൂട്ടി ഉയരുന്നത്. എന്നാൽ നയൻതാരയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. നായകന്റെ വാലായി ഒതുങ്ങാതെ ആദ്യാവസാനം ഈ ചിത്രത്തിൽ നയൻതാര നിറഞ്ഞു നിൽക്കുന്നുണ്ട്.

'സ്റ്റോപ്പ് വയലൻസ്' പോലുള്ള അത്യുജ്ജല സിനിമയെടുത്ത എ കെ സാജൻ പിന്നീടങ്ങോട്ട് നിറം മങ്ങിപ്പോയ സംവിധായകനാണ്. സാജന്റെ തിരക്കഥയിൽ ഇറങ്ങിയ' ചിന്താമണി കൊലക്കേസ്', 'നാദിയ കൊല്ലപ്പെട്ട രാത്രി' എന്നീ ചിത്രങ്ങളുടെ നിലവാരം മാത്രമേ 'പുതിയ നിയമത്തിനും' അവകാശപ്പെടാൻ കഴിയൂ.

ഡിവോഴ്‌സ് അഡ്വക്കേറ്റ് എന്ന നിലയിൽ പേരെടുത്ത എൽ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയിസ് പോത്തൻ ( മമ്മൂട്ടി) ഭാര്യ (വാസുകി) മകൾ ചിന്ത എന്നിവരെ ക്രേന്ദീകരിച്ചാണ് ചിത്രം മുന്നേറുന്നത്. ചാനലുകളിലെ സ്ഥിരം 'ചർച്ചാ തൊഴിലാളിയും' സിനിമാനിരൂപകനുമാണ് എൽ പി വാസുകിയാവക്കെട്ട കഥകളി കലാകാരിയും. ഇരുവരും പ്രണയിച്ച് ജാതിയും മതവും മറന്ന് വിവാഹം ഒന്നിച്ചവരാണ്. കൊച്ചിയിലെ കൂറ്റൻ ഫ്‌ളാറ്റിൽ സന്തോഷപൂർവം ജീവിക്കുന്ന അവർ പുറമെനിന്ന് നോക്കുമ്പോൾ എല്ലാ അർഥത്തിലും സുരക്ഷിതരാണ്. എന്നാൽ അപ്രതീക്ഷതമായി ആ ഫ്‌ളാറ്റിന്റെ ടെറസിൽ വച്ച് പട്ടാപ്പകൽ വാസുകി കൂട്ട ബലാൽസംഗത്തിന് ഇരയാവുകയാണ്. ചങ്കിടിപ്പോടെ മാത്രമേ ഈ രംഗങ്ങളൊക്കെ പ്രേക്ഷകന് കണ്ടിരിക്കാനാവൂ. മലയാളത്തിൽ അത്രയൊന്നും പരിചിതമല്ലാത്ത ബലാൽസംഗ ഇരയുടെ കഥയാണ് ചിത്രം പറയുന്നത്.

അതുകൊണ്ടുതന്നെ ആ ആഖ്യാന തന്തുവിന് പുതുമയുണ്ട്. പക്ഷേ പിന്നീടങ്ങോട്ടുള്ള കഥാഗതിയിൽ പതിവ് പ്രതികരത്തന് അപ്പുറത്തേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. നായികാ കേന്ദ്രീകൃതമായ സിനിമയാണെന്ന് ആദ്യ ഘട്ടത്തിൽ തോന്നുമെങ്കിലും അവസാനം മമ്മൂട്ടിതന്നെയാണ് സ്റ്റാർ ആവുന്നത്. താരകേന്ദ്രീകരണത്തിനുവേണ്ടി കഥ വളച്ചതിന്റെ എല്ലാ കുറവുകളും പടത്തിൽ കാണാനുമുണ്ട്. മാത്രമല്ല, എന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി എനിക്ക് എന്തും ചെയ്യാമെന്നും , കണ്ണിന് കണ്ണ് പല്ലിന് പല്ല് അതുമാത്രമാണ് നീതിയെന്നും അടുത്തകാലത്തായി മലയാള സിനിമയിൽ ആവർത്തിക്കപ്പെടുന്ന യുക്തി ഈ പടത്തിലും പ്രകടമാണ്.

മുഖ്യകഥാപാത്രങ്ങളെകൂടാതെ രചന നാരായണൻ കുട്ടിക്ക് മാത്രമാണ് ചിത്രത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന അജു വർഗീസ് ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമാണുള്ളത്. തിരക്കഥാ കൃത്ത് എസ് എൻ സ്വാമി തന്റെ വയോധികവേഷം മോശമാക്കിയിട്ടില്ല.ഗാനങ്ങൾക്ക് പ്രാധാന്യമില്ലാത്ത ഈ പടത്തിൽ ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും ശരാശരി മാത്രമാണ്.നോബി വർഗീസ് രാജിന്റെ ക്യാമറ ചിത്രത്തിന് നല്ല പിന്തുണ നൽകുന്നുണ്ട്.