'ആലുവാപ്പുഴയുടെ തീരത്ത്.... ആരോരുമില്ലാ നേരത്ത് ...!!

അങ്ങനെയങ്ങു പാടിപ്പോകാൻ വരട്ടെ. സംഭവം പ്രേമവും പൈങ്കിളിയുമൊന്നുമല്ല, ത്രില്ലിങ് റോബറിയും ഇൻവെസ്റ്റിഗേഷനുമാണ്

 

പ്രേമം സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടിൽ മോഷണം. വാഴക്കുലയാണ് മോഷണ മുതൽ. വീട്ടിൽ ആരുമില്ലാതിരുന്ന നേരത്തു നടന്നിരുന്നതിനാൽ ദൃക്‌സാക്ഷി ഉണ്ടായിരുന്നില്ല. വാഴക്കുലയല്ലേ...പോയതു പോട്ടെ എന്നു കരുതി അവഗണിക്കാൻ പക്ഷേ ഒരാൾക്കു കഴിഞ്ഞില്ല. മറ്റാർക്കുമല്ല, അതു നട്ടു നനച്ചു വളർത്തി വലുതാക്കിയ ആളിനു തന്നെ.

വീ്ട്ടിൽ നിന്നും മോഷണം പോയ വാഴക്കുല പിതാവ് പുത്രൻ പോൾ സ്വയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ വാർത്ത മാധ്യമങ്ങളിൽ വന്നത് ഇപ്പോൾ സംവിധായകൻ ഫേസ് ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.

കവർച്ച നടത്തിയതിനു പിന്നാലെ പഴക്കുല അന്വേഷിച്ച പിതാവ് സമീപത്തെ കടകളിലേക്ക് ഇറങ്ങി. അന്വേഷണത്തിനിടെ ആലുവ പവർ ഹൗസ് കവലയിലെ കടയിൽ എത്തിയപ്പോൾ, രണ്ടുപേർ കൊണ്ടുവന്ന പൂവൻകുല വാങ്ങി പഴുപ്പിക്കാൻ വച്ചുവെന്നും ഉടമ അറിയിച്ചു.

സംശയം തോന്നി തുറന്നു കാണിച്ചപ്പോൾ ഉടമ തൊണ്ടിമുതൽ തിരിച്ചറിഞ്ഞു. അതു തന്റെ വീട്ടിൽ നിന്നുള്ളതാണെന്ന് പുത്രൻ പറഞ്ഞതോടെ കടയുടമ പണമൊന്നും വാങ്ങാതെ വാഴക്കുല തിരിച്ചുകൊടുത്തു. പഴക്കുല വിൽക്കാനെത്തിയ യുവാക്കളെ കടക്കാരൻ ചൂണ്ടിക്കാട്ടിയതോടെ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. മുപ്പതു കിലോ തൂക്കമുള്ള 900 രൂപയോളം വിലവരുന്ന പൂവൻകുല പകുതി വിലയ്ക്കാണ് മോഷ്ടാക്കൾ വിറ്റത്.
.

സംവിധായകന്റെ വീട്ടിൽ നടന്ന മോഷണവും പിതാവിന്റെ കേസന്വേഷണവും പത്രങ്ങളിൽ വാർത്തയായതോടെ ഇത് ഷെയർ ചെയ്ത് അൽഫോൻസും രംഗത്തെത്തി. 'എന്റെ അപ്പനാ പുത്രൻ, ചെറിയൊരു മോഷണക്കേസ് അപ്പൻ തന്നെ കണ്ടുപിടിച്ചു' എന്നു പറഞ്ഞ് അൽഫോൻസ് വാർത്തയുടെ ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു.

എന്നാൽ ഇതൊക്കെ ഒരു സംഭവമാണോ , സില്ലി ഐറ്റം എന്നു കമന്റടിച്ചയാൾക്ക് താങ്കൾക്ക് അങ്ങിനെയായിരിക്കാം. സ്വന്തം വീട്ടിൽ ഇതൊക്കെ നടക്കുമ്പോഴറിയാം എന്ന മറുപടിയാണ് അൽഫോൻസ് നല്കിയത്. ആലുവയിലെ ഫാസിൽ എന്ന യുവ നേതാവാണ് ഇത് പത്രക്കാരെ വിളിച്ചറിയിച്ചതെന്നും അൽഫോൻസ് പുത്രൻ പറയുന്നു.