കോഴിക്കോട്; അധികാരമേറ്റ് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിശക്കുട്ടി സുൽത്താനിനെതിരെ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് റെയ്ഡ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയായി കോൺഗ്രസിലെ ആയിശകുട്ടി സുൽത്താൻ രണ്ടാം തവണയും പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ് ഉണ്ടായിരിക്കുന്നത്.

പ്രസിഡണ്ടായ ആയിശകുട്ടി സുൽത്താന നേരത്തെ പ്രസിഡണ്ടായിരുന്ന കാലത്ത് തന്റെ സ്വന്തം വാർഡിൽ നടത്തിയ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഇപ്പോൾ റെയ്ഡ് നടന്നിരിക്കുന്നത്. 2014 - 15 സാമ്പത്തിക വർഷത്തിൽ പറശ്ശേരി പട്ടിക വർഗ കോളനിയിലേക്കുള്ള റോഡ് ടാർ ചെയ്യാനെന്ന പേരിൽ പദ്ധതി തയാറാക്കകുയും (പ്രൊജക്ട് നമ്പർ 122/ 201415, എഗ്രിമെന്റ് നമ്പർ 134) അതിനായി ഒരു ലക്ഷത്തോളം രൂപയുടെ ടാർ വാങ്ങിയെന്ന് കണക്ക് കാണിക്കുകയും ചെയ്തെങ്കിലും നിർമ്മാണ പ്രവർത്തി നടത്താതെ പണം തട്ടിയെടുത്തെന്നുമാണ്്് കേസ്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നടക്കുന്നതിനിടയിൽ അന്വേഷണം മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇന്നലെയാണ് പഞ്ചായത്ത് ഓഫീസിൽ റെയഡും ഈ കേസുമായി ബന്ധപ്പെട്ട അനുബന്ധ നടപടികളും ഉണ്ടായിരിക്കുന്നത്. വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിൽ റെയ്ഡ് നടത്തിയത്. പ്രസ്തുത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോഴിക്കോട് വിജിലൻസ് എസ് പിക്ക് മുൻപാകെ ഹാജരാവാൻ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്ക് വിജിലൻസ് സംഘം നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

വെസ്റ്റ് പുതുപ്പാടിയിൽ നിന്നും പറശ്ശേരി പട്ടിവർഗ്ഗ കോളിനിയിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിലാണ് അഴിമതി നടന്നിട്ടുള്ളത്. നിലവിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ആയിശകുട്ടി സുൽത്താനയായിരുന്നു ഈ വാർഡിലെ മെമ്പർ. ഇവരുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിന് ഒരു ലക്ഷത്തോളം രൂപയുടെ ടാർ വാങ്ങുകയും ചെയ്തു. എന്നാൽ നിർമ്മാണ സമയത്ത് ഈ ടാർ കാണാതാവുകയയും പ്രസ്തുത റോഡിന്റെ പ്രവർത്തി നടക്കാതിരിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിൽ വന്ന ഭരണ സമിതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന്റെ നിർമ്മാണം പൂർത്തായാക്കുകയും ചെയ്തു.

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ടാർ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്കുള്ള റോഡ് ടാർ ചെയ്ത് നൽകിയെന്നും ഇതിന്റെ പേരിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഏതായാലും അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പേരിലുള്ള അഴിമതി കേസിൽ വിജിലൻസ് പഞ്ചായത്ത് ഓഫീസിൽ റെയ്ഡ് നടത്തിയതോടെ തുടക്കത്തിലെ പ്രതിസന്ധിയിലായിരിക്കുകയാണ് പുതുപ്പാടി പഞ്ചായത്ത് ഭരണ സമിതി. യുഡിഎഫ് ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷമാണ് കോൺഗ്രസുകാരിയായ ആയിശകുട്ടി സുൽത്താൻ പ്രസിഡണ്ടായിരിക്കുക.

എന്നാൽ വിജിലൻസ് നടപടി വന്നതോടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഇവരെ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരുവിഭാഗം ഇപ്പോൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്.