- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വെട്ടിയത് അമ്മയെ, ദേവിയുടെ ശരീരത്തിൽ 33 വെട്ടുകൾ; അച്ഛനെയും അമ്മയെയും തുരുതുരെ വെട്ടി മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിൾ കഴിച്ചു; പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ മകന്റെ മൊഴി ഇങ്ങനെ
പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികൾ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മകൻ. വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പൊലീസിന്റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാതക സംഭവം വിവരിച്ചത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് സനലിന്റെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.
ആദ്യം വെട്ടിയത് അമ്മയെയാണെന്ന് സനൽ പറഞ്ഞു. 33 തവണ വെട്ടി. മുറിവുകളിൽ കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകൾ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനൽ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പൊലീസ് പറഞ്ഞു.
ഓട്ടൂർക്കാട് മയൂരത്തിൽ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവിൽ പോയ മകൻ സനലിനെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേൽപ്പിച്ചത്. പിടിയിലായ സനൽ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ എറണാകുളത്തുള്ള മകൾ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയിരുന്നില്ല. തുടർന്ന് അയൽവാസിയെ വിളിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് വീട്ടനകത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെട്ടുകൊണ്ട് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. ദേവിയുടെ മൃതദേഹത്തിൽ 33 വെട്ടുകളും ചന്ദ്രന്റെ മൃതദേഹത്തിൽ 26 വെട്ടുകളും ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
ചോദ്യം ചെയ്യൽ ഘട്ടത്തിൽ യാതൊരു കുറ്റബോധമില്ലാതെയാണ് സനൽ പ്രതികരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കും. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് പൊലീസിന് സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും. സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു.
നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം സനൽ ബംഗളൂരുവിലേക്കും അവിടെ നിന്നും മൈസൂരുവിലേക്കും കടന്നു. പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിൽ കള്ളൻ കയറിയെന്നും മാതാപിതാക്കൾ കൊല്ലപ്പെട്ടെന്നും പറഞ്ഞു. സംസ്കാരച്ചടങ്ങുകൾ നടത്താൻ നാട്ടിലെത്തണമെന്ന് സനലിനോട് ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് സനൽ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ