പാലക്കാട്: പൂർവ്വികർ പശു ഇറച്ചി കഴിച്ചിരുന്നു എന്നതിന്റെ പേരിൽ ചക്ലിയ ജാതിയിൽപ്പെട്ടവർക്ക് വിലക്ക് ഏർപ്പെടുത്തുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത കിഴക്കൻ അട്ടപ്പാടിയിലുള്ള പുതൂർ ശ്മശാനം പൊതുശ്മശാനമാക്കി. പുതൂർ ശ്മശാനം പൊതുശ്മശാനമാക്കിയുള്ള പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു.

പതിറ്റാണ്ടുകളായി ശവസംസ്‌കാരം നടത്തിയിരുന്ന ശ്മശാനം പിൽക്കാലത്ത് ഒരു വിഭാഗത്തിന്റെതായി മാറുകയായിരുന്നു. അനാഥ ശവങ്ങൾ വരെ മറവു ചെയ്തു വരുന്ന ഭൂമിയിൽ ചക്ലിയ വിഭാഗത്തിന് മാത്രമാണ് വിലക്ക് ഉണ്ടായിരുന്നത്. ചക്ലിയ വിഭാഗത്തിൽപെട്ട മനുഷ്യരെ അടക്കിയിരുന്ന ഭൂമി വനം വകുപ്പും ജണ്ട കെട്ടി സ്വന്തമാക്കി.

ശകുന്തള എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അവസാനമായി വിവേചനം നടന്നത്. മൃതദേഹം സംസ്‌കരിക്കാൻ ചെന്നപ്പോൾ അമ്പതോളം പേർ ചേർന്ന് തടഞ്ഞു. ദൂരെയുള്ള പുറമ്പോക്കിലേക്ക് ശവസംസ്‌കാരം മാറ്റേണ്ടി വന്നു. ശ്മശാന ഭൂമി ശിവമുക്തി മയാനം എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുകയായിരുന്നു.

തലമുറകളായി തുടരുന്ന ജാത്യാചാരത്തിന്റെ അവകാശമായെന്ന നിലക്കാണ് ജാതിസംഘടനകൾ വിഷയത്തെ സമീപിച്ചത്. ദളിത് വിഭാഗത്തിലെ തന്നെ ഏറ്റവും പീഡിതരായ വിഭാഗമാണ് ചക്ലിയ. മുൻ കാലങ്ങളിൽ അനുഭവിച്ചതിനെക്കാൾ കടുത്ത വിവേചനമാണ് ഇപ്പോൾ നിലനിൽക്കുന്നത്.