ഷ്യയിൽ മൃഗീയ ഭൂരിപക്ഷത്തോടെ വഌദിമിർ പുട്ടിൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ലോകത്തൊരിടത്തും അതൊരു അത്ഭുതമായി തോന്നിയതേയില്ല. കാരണം പുട്ടിന്റെ വിജയം അത്രയ്ക്കും സുനിശ്ചിതമായിരുന്നു. എന്നാൽ, 74 ശതമാനം വോട്ട് നേടിയുള്ള വിജയം യഥാർഥത്തിലുള്ള ജനാധിപത്യ വിജയമല്ലെന്ന് തെളിയിക്കുന്ന വീഡിയോകൾ പുറത്തുവന്നത് പുട്ടിന്റെ വിജയത്തെ ചോദ്യം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർതന്നെ ബാലറ്റ് പേപ്പറുകൾ സീൽ ചെയ്ത് പെട്ടിയിലിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മോസ്‌കോയുടെ പ്രാന്തപ്രദേശമായ ല്യൂബെർറ്റ്‌സിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻതന്നെ ബാലറ്റ് പേപ്പറുകൾ സീൽ ചെയ്ത് പെട്ടിയിലിടുന്ന ദൃശ്യമാണ് സിസിടിവി ക്യാമറകളിൽ പതിഞ്ഞത്. ഗാഗെസ്റ്റനിൽനിന്നുള്ള വീഡിയോയിൽ വോട്ടിങ് സ്ലിപ്പുകൾ മുഴുവൻ ഒരാൾ സീല് ചെയ്ത് പെട്ടിയിലിടുമ്പോൾ, മറ്റൊരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അതിന് കാവൽ നിൽക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു പോളിങ് സ്‌റ്റേഷനിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഒരുസംഘം ഗുസ്തിക്കാർ തടയുകയും വോട്ടെടുപ്പ് അട്ടിമറിക്കുകയും ചെയ്യുന്നു.

വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ 75.9 ശതമാനം വോട്ടുകളും പുട്ടിനാണ് ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ വീഡിയോകൾ പുറത്തുവന്നത്. എന്നാൽ, റഷ്യൻ നേതാവെന്ന നിലയിൽ താൻ നടത്തിയ പ്രവർത്തനമികവിനുള്ള അംഗീകാരമാണ് ഈ വിജയമെന്നാണ് പുട്ടിൻ പ്രതികരിച്ചത്. ഭാവിയിലേക്കുള്ള റഷ്യയുടെ പുരോഗതിക്ക് തന്നാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ തിങ്ങിക്കൂടിയ ജനങ്ങളാട് പുട്ടിൻ പറഞ്ഞു.

2024-ൽ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള സാധ്യതയും പുട്ടിൻ തള്ളിക്കളഞ്ഞില്ല. ഏതായാലും നൂറുവയസ്സുവരെ താൻ അധികാരത്തിലിരിക്കുമെന്ന കരുതേണ്ടെന്നായിരുന്നു ഈ ചോദ്യത്തിന് പുട്ടിൻ നൽകിയ മറുപടി. പ്രതീക്ഷിച്ചതിലും മികച്ച വിജയമാണ് പുട്ടിൻ നേടിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഭാവിയിൽ റഷ്യയുടെ സുരക്ഷയെക്കരുതിയുള്ള ഉറച്ച തീരുമാനങ്ങളെടുക്കാൻ ജനങ്ങൾ പുട്ടിന് നൽകിയ അനുമതിയാണ് ഈ മഹാഭൂരിപക്ഷമെന്നും വക്താവ് പറഞ്ഞു.

പുട്ടിന് 73.9 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നാണ് എക്‌സിറ്റ്‌പോൾ സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ പാവേൽ ഗ്രുഡിനിൻ 11.2 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ വഌദിമിർ ഷിറിനോവ്‌സ്‌കിക്ക് 6.7 ശതമാനവും ടിവി താരമായ സെനിയ സോബ്ചാക്ക് രണ്ടര ശതമാനം വോട്ടും നേടി.

2000-ലും 2004-ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുട്ടിൻ 2008-ൽ മത്സരിച്ചിരുന്നില്ല. തുടരെ മൂന്നുതവണ പ്രസിഡന്റാകാൻ സാധിക്കില്ലെന്നതുകൊണ്ടായിരുന്നു ഇത്. 2008-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012-ൽ വീണ്ടും പ്രസിഡന്റായി.