സിറിയയിൽ റഷ്യ നടത്തിയ നീക്കങ്ങൾ പൂർണവിജയമായെന്നും ഇതിലൂടെ അവിടുത്തെ പ്രസിഡന്റ് ബാഷർ അൽ-ആസാദിന്റെ ഭരണകൂടത്തിനെതിരെയുള്ള ഭീഷണികളെയെല്ലാം തൂത്തെറിയാൻ സാധിച്ചുവെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ പ്രഖ്യാപിച്ചു. സിറിയയിലെ ലടാക്കിയക്കടുത്തുള്ള ഹെമെയ്മീം എയർബേസ് സന്ദർശനത്തിനിടെയാണ് പുട്ടിൻ നിർണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഐസിസിന്റെ ലേബലിൽ വിമതരെ കൊണ്ട് ആസാദിനെ പുറത്താക്കാനുള്ള അമേരിക്കയുടെ ഗൂഢാലോചനയും റഷ്യ അടുത്തിടെ പൊളിച്ചടുക്കിയിരുന്നു. ഇതിനാൽ ഐസിസിനെ തുടച്ച് നീക്കിയതിനൊപ്പം വിമതരുടെ ചിറകൊടിച്ചുവെന്നുമാണ് പുട്ടിൻ അവകാശപ്പെടുന്നത്.

ഇത്തരത്തിൽ ആസാദിന്റെ കസേരയെ സുരക്ഷിതമാക്കുകയെന്ന ദൗത്യം വിജകരമായി നിർവഹിച്ച സാഹചര്യത്തിൽ സിറിയയിൽ നിന്നും റഷ്യൻ സേനയിൽ നല്ലൊരു ഭാഗത്തെ പിൻവലിക്കാൻ പോവുകയാണെന്നും പുട്ടിൻ പ്രഖ്യാപിച്ചു. ഐസിസിനെ തുരത്തുന്നതിൽ സിറിയൻ സേനയെ സഹായിക്കാൻ റഷ്യൻ സേനയ്ക്ക് സാധിച്ചുവെന്നും പുട്ടിൻ വ്യക്തമാക്കുന്നു. ആസാദിന്റെ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചിരുന്ന ഐസിസിനെയും മറ്റ് ജിഹാദിസ്റ്റുകളെയും അടിച്ചമർത്താൻ സിറിയൻ സേനയയെ സഹായിക്കുന്നതിനായി 2015ലായിരുന്നു റഷ്യൻ സേന സിറിയയിലെത്തിയിരുന്നത്. ആസാദിന്റെ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന വിമതരെയും പുട്ടിന്റെ സേന തുരത്തിയിരുന്നു.

തീവ്രവാദികൾ ഇനിയും തലപൊക്കിയാൽ അവർക്കെതിരെ ഇനിയും ശക്തമായി തിരിച്ചടിക്കാൻ മടി കാണിക്കില്ലെന്നും പുട്ടിൻ താക്കീത് നൽകുന്നു. ഭീകരരെ വേരോടെ പിഴുതെറിയുന്നതിൽ റഷ്യൻ സൈനികർ കാണിച്ച പരമ്പരാഗത ഗുണങ്ങളെയും ധൈര്യത്തെയും പുട്ടിൻ പുകഴ്‌ത്തുകയും ചെയ്തിരുന്നു. എയർബേസിൽ വച്ച് സൈനികരുടെ മാർച്ചിന് മേൽനോട്ടം നൽകിയ പുട്ടിൻ യുദ്ധവിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഇടത്തേക്ക് പോയി അവയുടെ പൈലറ്റുമാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇവിടെ വച്ച് പുട്ടിനും ആസാദും കെട്ടിപ്പിടിക്കുന്നതും ഹസ്തദാനം ചെയ്യുന്നതുമായ ചിത്രങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു.

സിറിയയിൽ നിന്നും ഇന്നലെ ഈജിപ്തിലേക്കാണ് പുട്ടിൻ പറന്നിരിക്കുന്നത്. ഈജ്പിതിലെയും തുർക്കിയിലെയും നേതാക്കന്മാരുമായി താൻ ഒരു സമാധാനക്കരാറിലെത്തുന്നതിനുള്ള സാധ്യതയും പുട്ടിൻ ആസാദിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. തുർക്കിയും ഇറാനും തമ്മിൽ സമാധാന ഉടമ്പടിയിയിലെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പുട്ടിൻ വെളിപ്പെടുത്തിയിരുന്നു. തന്റെ രാജ്യത്തെ തീവ്രവാദത്തെ തുരത്തുന്നതിന് സഹായിച്ച റഷ്യൻ സേനക്കും പുട്ടിനും ആസാദ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിറിയൻ സമാധാന ചർച്ചകളുടെ പുതിയ ഘട്ടം അടുത്തആഴ്ച കസാഖിസ്ഥാനിലെ അസ്റ്റനയിൽ ആരംഭിക്കാനിരിക്കുകയാണ്. സിറിയയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആറ് വർഷമായി റഷ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ചർച്ച നടക്കുന്നത്.