സെന്റ് പീറ്റേഴ്‌സ്ബർഗ്: പാക്കിസ്ഥാനുൾപ്പെടെയുള്ള രാജ്യങ്ങളുമായി റഷ്യ അടുത്ത ബന്ധം സ്ഥാപിക്കുന്നത്, ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായുള്ള 'വിശ്വാസാധിഷ്ഠിത' ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ.

'മിസൈൽ' ഉൾപ്പെടെയുള്ള അതിനിർണായക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങൾ റഷ്യയ്ക്കില്ലെന്നും പുടിൻ വ്യക്തമാക്കി. വാർത്താ ഏജൻസികളുടെ എഡിറ്റർമാർക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് നിലപാട്  വ്യക്തമാക്കിയത്.

എന്നാൽ, കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിൽ റഷ്യയുടെ നിലപാട് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഈ വിഷയം ഇന്ത്യയെയും പാക്കിസ്ഥാനെയും മാത്രം ബാധിക്കുന്നതാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. അതേസമയം, ഭീഷണിയുടെ ഉറവിടം എവിടെയാണെങ്കിലും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്നും ഇന്ത്യയ്ക്ക് സമ്പൂർണ പിന്തുണ നൽകുമെന്ന് പുടിൻ പ്രഖ്യാപിച്ചു.

റഷ്യയ്ക്ക് ഇന്ത്യയുമായി പ്രത്യേകതരം ബന്ധമാണുള്ളത്. ഞങ്ങൾക്ക് പാക്കിസ്ഥാനുമായി അടുത്ത (സൈനിക) ബന്ധമില്ല. പാക്കിസ്ഥാനുമായുള്ള തങ്ങളുടെ ബന്ധം ഇന്ത്യറഷ്യ സഹകരണത്തെയും ബന്ധത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.

ഒരു ബില്യണിലധികം ജനസംഖ്യയുള്ള വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയും വലിയ രാജ്യംതന്നെ. പല വിഷയങ്ങളിലും ഇരു രാജ്യങ്ങൾക്കും സമാന താൽപര്യങ്ങളാകും ഉണ്ടാവുക. പരസ്പര ബഹുമാനത്തോടെയാണ് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നും പ്രതിരോധ മേഖലയിലെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പുടിൻ പറഞ്ഞു.